തിരുവനന്തപുരം: കൂട്ടബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഉൾപ്പെട്ട കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി.ആര്‍. സുനുവിനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിടാൻ ഡി.ജി.പിയുടെ ശിപാർശ. സുനു ആറ് കേസുകളില്‍ പ്രതിയും ഒമ്പത് തവണ വകുപ്പുതല ശിക്ഷാ നടപടിയും നേരിട്ടയാളാണ്.
പിരിച്ചുവിടലിന് ശിപാര്‍ശ ചെയ്ത് ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പി.ആർ. സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റിന് ഇപ്പോൾ കിട്ടിയ തെളിവുകൾ മതിയാകില്ലെന്ന നിലപാടിലാണ് പൊലീസ്. കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും ഇതിനായി അന്വേഷണം നടക്കുകയുമാണെന്നുമാണ് കൊച്ചി കമീഷണർ സി.എച്ച്. നാഗരാജുവിന്റെ വിശദീകരണം.
തൊഴിൽ തട്ടിപ്പ് കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുന്നയാളുടെ ഭാര്യയെയാണ് സുനു ബലാത്സംഗം ചെയ്തതായി പരാതിയുയർന്നത്. ഭർത്താവ് ജയിലിൽ കഴിയുന്നത് മുതലെടുത്ത് സി.ഐ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നായിരുന്നു വീട്ടമ്മയുടെ പരാതി. തൃക്കാക്കരയിലെ വീട്ടിൽ വച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് ബലാത്സംഗം ചെയ്തതെന്ന് വീട്ടമ്മയുടെ പരാതിയിലുണ്ട്. കേസിൽ വീട്ടമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
എറണാകുളം മുളവുകാട് സ്റ്റേഷനില്‍ ജോലി ചെയ്യവേ പരാതിയുമായെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലും പ്രതിയാണ് സുനു. സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈകോടതി ജാമ്യം തള്ളിയതോടെ സുനുവിനെ അറസ്റ്റ് ചെയ്തു. സുനുവിനെതിരെ അന്ന് വകുപ്പുതല നടപടിയും സ്വീകരിച്ചിരുന്നു. ഇതിന് ശേഷമാണ് കോഴിക്കോട് കോസ്റ്റല്‍ പൊലീസിന്റെ ചുമതല നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.