വയനാട്ടിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് മരണം

മാനന്തവാടി: വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയിലാണ് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.

കമ്പമല തേയില എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്. മരിച്ചവരെല്ലാം സ്ത്രീകളാണെന്നാണ് വിവരം. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വെള്ളിയാഴ്ച ഉച്ചക്കുശേഷം 3.30ഓടെയാണ് തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് അപകടത്തിൽപെടുന്നത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

ഇവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 പേരാണ് ജീപ്പിലുണ്ടായിരുന്നത്. 30 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ് പൂർണമായും തകർന്നു. മക്കിമലയിൽനിന്ന് വാളാട് ഭാഗത്തേക്ക് തേയില നുള്ളാൻ വന്ന തൊഴിലാളികളെ തിരിച്ചുകൊണ്ടുപോകുന്ന വഴിയാണ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

കണ്ണോത്ത് മല ഭാഗത്തുനിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വരുന്ന വഴി കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിന് സമീപത്തെ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. കണ്ണോത്തുമലയിലും വെൺമണിയിലും ജോലി ചെയ്യുന്ന തൊഴിലാളികളാണ് മരിച്ചത്. രക്ഷാപ്രവർത്തനം ദുഷ്കരമായതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. വനം മന്ത്രി എ.കെ. ശശീന്ദ്രൻ സംഭവസ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്.

പരിക്കേറ്റവരുടെ ചികിത്സ ഉൾപ്പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും ആവശ്യമായ മറ്റു നടപടികൾ സ്വീകരിക്കുന്നതിനും മുഖ്യമന്ത്രി നിർദേശം നൽകി.

Full View
Tags:    
News Summary - Nine killed in Wayanad, jeep overturns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.