തിരുവനന്തപുരം: നിപ വൈറസ് മൂലം പനി ബാധിച്ച് കോഴിക്കോട് ഒമ്പതു പേർ മരിച്ച സാഹചര്യത്തിൽ സംസ്ഥാനമാകെ ജാഗ്രതാ നിർദേശം നൽകി. രോഗം പടരാതിരിക്കാൻ ഒാരോ ജില്ലയിലും ആവശ്യമായ മുൻകരുതലെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഒാഫീസർമാരോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന തലത്തിൽ കൺട്രോൾ റൂം തുടങ്ങി. 0495 2376063 എന്നാണ് കൺട്രോൾ റൂം നമ്പർ. അവധിയിലുള്ള സർക്കാർ ഡോക്ടർമാരെ തിരികെ വിളിച്ചു. സ്വകാര്യ ആശുപത്രികളോടും അതീവ ജാഗ്രതാ പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.
പനിയോടൊപ്പം ശക്തമായ തലവേദന, ഛർദി, ക്ഷീണം, തളർച്ച, ബോധക്ഷയം, കാഴ്ചമങ്ങൽ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടാവുകയാണെങ്കിൽ ഉടനെ ആശു പത്രിയിലെത്തി ഉചിതമായ ചികിത്സ തേടണം. ഇത്തരം ലക്ഷണങ്ങളുള്ളവരുടെ രക്തവും സ്രവങ്ങളും പരിശോധിച്ച് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.
അതേസമയം, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുെട നേതൃത്വത്തിൽ അവലോകന യോഗം നടത്തും. മന്ത്രി ടി.പി രാമകൃഷ്ണനും യോഗത്തിൽ പെങ്കടുക്കും. രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കാതിരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ തീരുമാനമെടുക്കും.
കോഴിക്കോട് വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പേരാമ്പ്രയിൽ ഇന്ന് കേന്ദ്ര സംഘം സന്ദർശിക്കും. ആദ്യം ആരോഗ്യ മന്ത്രിയെ കണ്ട് സ്വീകരിച്ച നടപടികൾ മനസിലാക്കിയ ശേഷമായിരിക്കും സംഘം സ്ഥലം സന്ദർശിക്കുക. ഞായറാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ദേശീയ രോഗനിയന്ത്രണ മന്ത്രാലയം ഡയറക്ടറോട് സ്ഥലം സന്ദർശിക്കാൻ ആവശ്യെപ്പട്ടിരുന്നു. നിപ ബാധയിൽ സംസ്ഥാന സർക്കാറിന് വേണ്ട സഹായം നൽകാനും സംഘത്തോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, സൂപ്പിക്കടയിൽ പനി ബാധിച്ച് മരിച്ച സഹോദരങ്ങളുടെ പിതാവ് മൂസക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. പണം അടക്കാത്തതിനാൽ വെന്റിലേറ്ററിൽ കഴിയുന്ന രോഗിക്ക് ചികിത്സ നൽകിയിെല്ലന്നാണ് പരാതി. രോഗിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റരുതെന്നും വേണ്ട ചികിത്സ നൽകണമെന്നും മന്ത്രി ടി.പി രാമകൃഷ്ണൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മലപ്പുറത്ത് മരിച്ച നാലുപേർക്ക് നിപ ബാധിച്ചിട്ടുണ്ടെന്ന് സ്ഥീരീകരിച്ചിട്ടില്ല. പരിശോധനകൾ പൂർത്തിയായ ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇപ്പോഴുണ്ടായ രോഗം വായു, വെള്ളം, ഭക്ഷണം ഇവ വഴി പകരുന്നതല്ല. കൊതുകുകൾക്കോ, ഇൗച്ചകൾക്കോ ഇൗ രോഗം പകർത്താൻ സാധ്യമല്ല. രോഗം പകർന്നിട്ടുള്ളത് രോഗിയുടെ ശരീരത്തിലെ ‘സ്രവങ്ങൾ’ വഴിയാണ്. രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരിലാണ് ഇതുവരെ രോഗം സ്ഥീരീകരിക്കപ്പെട്ടിട്ടുള്ളത്. നിപ വൈറസ് വാഹകരായ വവ്വാലുകൾ, പന്നികൾ എന്നിവരുമായി നേരിട്ടുള്ള സമ്പർക്കം വഴിയും രോഗം പകരാം. മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പകരുന്നതിനാൽ ശ്രദ്ധിക്കേണ്ടതാണ്. പക്ഷികളും മൃഗങ്ങളും കഴിച്ച പഴങ്ങൾ, വവ്വാലുകൾ കൂടുതലുള്ള ഇടങ്ങളിൽ തുറന്നവെച്ച കള്ള് എന്നിവ കഴിക്കാതിരിക്കണമെന്ന് വിദഗ്ധ ഡോക്ടർമാർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.