എം.എം മണി രാജിവെക്കണമെന്ന് പ്രതിപക്ഷം; ബഹളത്തിൽ സഭ പിരിഞ്ഞു

തിരുവനന്തപുരം: എം.എം മണി വിഷയത്തിൽ ബഹളത്തിൽ മുങ്ങി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് തുടർച്ചയായ രണ്ടാംദിവസമാണ് നിയമസഭ നിർത്തിവെക്കുന്നത്. മണിയുടെ രാജിയിൽ കുറഞ്ഞ ഒന്നും അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം.  

ഇന്ന് രാവിലെ കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നൽകിയില്ല. മന്ത്രി മണിയുടെ വിവാദ പ്രസംഗം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് അടിയന്തര പ്രമേയ നോട്ടീസിലെ ആവശ്യം. തുടർന്ന് വിഷയത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകിയെങ്കിലും ഇതിൽ തൃപ്തരാവാതെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു.

ജനങ്ങള്‍ തളളിക്കളഞ്ഞ ഒറ്റപ്പെട്ട സമരമാണ് മൂന്നാറിലേത്. അവിടെ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചാണ് സമരമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ചത് ആലോചനയില്ലാതെ ആണെന്ന് മുഖ്യമന്ത്രി ഇന്നും സഭയില്‍ വ്യക്തമാക്കി. സമരത്തെ സംഘടനാ നേതാക്കള്‍ തന്നെ തളളിപ്പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മണി ഖേദം പ്രകടിപ്പിച്ചതിനാല്‍ ഇനി ആ വിഷയം ചര്‍ച്ച ചെയ്യേണ്ടെന്നും സഭയുടെ വിലപ്പെട്ട സമയം കളയരുതെന്നും അടിയന്തര പ്രമേയാവതരണ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നല്‍കി.

സ്പീക്കറുടെ ഇരിപ്പിടം മറക്കുന്ന രീതിയിൽ കറുത്ത ബാനർ പ്രതിപക്ഷം ഇന്നും ഉയർത്തിയിരുന്നു. പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി ബഹളം വച്ചതിനെ തുടർന്ന് സഭ നടപടികൾ പൂർത്തിയാക്കി സഭ ഇന്നത്തേക്കു പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു.

 

 

Tags:    
News Summary - niyamasabha dispersed for today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.