പു​ഴ​ക്ക് സ​മീ​പ​ത്തെ എ​ൻ ഊ​ര് പാ​ർ​ക്കി​ങ് കേ​ന്ദ്രം

എൻ ഊര് പാർക്കിങ്ങിൽ ശൗചാലയമില്ല; മാലിന്യം പുഴയിലേക്ക്

വൈത്തിരി: ചുരുങ്ങിയകാലം കൊണ്ട് കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ ഇടംപിടിച്ച പൂക്കോടുള്ള എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കിയെങ്കിലും ഇവിടെ ശൗചാലയങ്ങൾ നിർമിക്കാത്തത് ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പാർക്കിങ്ങിനോട് ചേർന്നുള്ള പുഴയിൽ മാലിന്യം കലരാൻ തുടങ്ങിയതോടെ പ്രദേശവാസികളാണ് ബുദ്ധിമുട്ടു നേരിടുന്നത്.

പാർക്കിങ് ഭാഗത്ത് പുഴയോരത്തോട് ചേർന്ന് മൂത്രമൊഴിക്കുന്നത് വ്യാപകമാകുന്നതായാണ് പരാതി. പുഴയിൽ മാലിന്യം കലർന്ന് പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതായി ആരോപണമുണ്ട്.ഏറെ കാത്തിരിപ്പിനൊടുവിലാണ് പാർക്കിങ് സംവിധാനം നിലവിൽ വന്നത്. ഇതോടെ വലിയൊരു പ്രശ്നത്തിന് പരിഹാരമാവുകയായിരുന്നു. ദേശീയപാതയോരത്തെ പാർക്കിങ്ങും ഇതേത്തുടർന്നുള്ള ഗതാഗതക്കുരുക്കും രൂക്ഷമായതോടെയാണ് പുതിയ പാർക്കിങ് സംവിധാനം വന്നത്.

ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് ഗോത്ര ഗ്രാമം കാണാനെത്തുന്നത്. ഇവരുടെ വാഹനങ്ങളിൽ നല്ലൊരുപങ്കും പാർക്ക് ചെയ്യുന്നത് പുഴയോരത്തു സ്ഥിതിചെയ്യുന്ന പുതിയ പാർക്കിങ് ഏരിയയിലാണ്.

എന്നാൽ, ഇവിടെ എത്തുന്ന സന്ദർശകർക്ക് വേണ്ടി ഈ ഭാഗത്തെവിടെയും ശൗചാലയം ഒരുക്കിയിട്ടില്ല.എൻ ഊരിലേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് എണ്ണം പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ ജില്ലയിലേക്ക് വരുന്ന സഞ്ചാരികൾ ആദ്യ സന്ദർശനം ജില്ല കവാടത്തിനോട് ചേർന്ന എൻ ഊരിലാക്കുകയാണ് പതിവ്.

ദൂരദിക്കുകളിൽ നിന്നും എത്തുന്ന യാത്രക്കാർ സ്വാഭാവികമായും ആദ്യം തിരയുന്നത് ശൗചാലയമാണ്. ഇത്രയും ജനങ്ങൾ ഒന്നിച്ചുചേരുന്നിടത്തു പേരിനു പോലും ശൗചാലയമില്ല. അതുകൊണ്ടുതന്നെ കാര്യസാധ്യത്തിനായി പാർക്കിങ്ങിനോട് ചേർന്ന പുഴയോരം ഉപയോഗിക്കുകയാണ്.

ഇതുമൂലം നിരവധിപേർ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന പുഴയിലെ ജലം മലിനമാകുകയാണ്. പ്രവേശന ടിക്കറ്റ് കിട്ടാതാകുമോ എന്ന ഭയത്താൽ സഞ്ചാരികൾ പലരും അതിരാവിലെ തന്നെ പാർക്കിങ് ഏരിയയിൽ എത്തുന്നുണ്ട്. പുഴയോരം മാത്രമല്ല പാർക്കിങ്ങിനടുത്ത് താമസിക്കുന്ന വീട്ടുകാരും ഏറെ ദുർഗന്ധം സഹിച്ചാണ് കഴിയുന്നത്. എം.ആർ.എസ്, നവോദയ സ്‌കൂളുകളിലേക്കുള്ള കിണറുകൾ സ്ഥിതിചെയ്യുന്നത് ഈ പുഴയോരത്താണ്. പുഴക്കരികെ താമസിക്കുന്ന ആദിവാസികൾ കുളിക്കാനും പാത്രം കഴുകാനും ഉപയോഗിക്കുന്നത് ഈ പുഴവെള്ളമാണ്.

ഇപ്പോൾ പൂക്കോട് ഭാഗത്ത് എം.ആർ.എസിലും വെറ്ററിനറി സർവകലാശാലയിലും മറ്റും മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ടുകളുണ്ട്.എൻ ഊര് പൈതൃക ഗ്രാമം കാണാൻ എത്തുന്ന സഞ്ചാരികൾ മണിക്കൂറുകളോളം ടിക്കറ്റിനും പോകാനുള്ള വാഹനത്തിനുമായി പൂക്കോട് വെറ്ററിനറി സർവകലാശാല കവാടത്തിനടുത്ത് കാത്തുനിൽക്കണം.

കൊച്ചുകുട്ടികളുമായെത്തുന്നവർക്കും വയോധികർക്കുമടക്കം കയറി നിൽക്കാനിടമില്ല. വെയിലും മഞ്ഞും മഴയുമൊക്കെ കൊണ്ടുവേണം ഇവിടെ കാത്തുനിൽക്കാൻ. മുകളിലായുള്ള എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ നാലു ശൗചാലയങ്ങളുണ്ട്. എന്നാൽ, ഇത് മുകളിൽ പ്രവേശിക്കുന്നവർക്ക് മാത്രമാണ്. എൻ ഊരിൽ സഞ്ചാരികൾക്കേർപ്പെടുത്തിയ നിയന്ത്രണം നീക്കണമെന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

ശൗ​ചാ​ല​യം നി​ർ​മി​ക്കും

എ​ൻ ഊ​രി​ലേ​ക്ക് പോ​കു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന പാ​ർ​ക്കി​ങ് ഭാ​ഗ​ത്ത് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ശൗ​ചാ​ല​യം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​ൻ ഊ​ര് ഗോ​ത്ര പൈ​തൃ​ക ഗ്രാ​മം സി.​ഇ.​ഒ ശ്യാ​മ​പ്ര​സാ​ദ് പ​റ​ഞ്ഞു. പാ​ർ​ക്കി​ങ് ഭാ​ഗ​ത്ത് ശൗ​ചാ​ല​യം നി​ർ​മി​ക്കാ​ൻ ടെ​ൻ​ഡ​ർ വി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഉ​ട​ൻ ടെ​ൻ​ഡ​ർ വി​ളി​ച്ച് അ​ടി​യ​ന്ത​ര​മാ​യി നി​ർ​മാ​ണം തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - no bathrooms in the parking lot; Garbage into the river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.