ബാങ്കുകളില്‍ നോട്ടുവരള്‍ച്ച

കാസര്‍കോട്: കറന്‍സി പ്രതിസന്ധിമൂലം ബാങ്കുകളില്‍ നോട്ടുവരള്‍ച്ച. സാധുവായ നോട്ടുകള്‍ ഇല്ലാതെ ബാങ്കുകള്‍ക്കു മുന്നില്‍ ‘നോ കാഷ്’ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. വെള്ളിയാഴ്ച മുതല്‍ 2000 രൂപയുടെ പുതിയ കറന്‍സിയും സാധുവായ മറ്റു നോട്ടുകളും ബാങ്കുകളില്‍ കിട്ടാനില്ല. അസാധുവായ നോട്ടുകള്‍ നല്‍കി സാധുവായ നോട്ടുകള്‍ വാങ്ങിയ പൊതുജനം അവ പൂഴ്ത്തിയതാണ് നോട്ടുവരള്‍ച്ചക്ക് കാരണമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.

കാസര്‍കോട്ടെ ലീഡ് ബാങ്കായ സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയില്‍ 20 ലക്ഷം രൂപയുടെ സാധു നോട്ട് പുറത്തേക്കുപോയപ്പോള്‍ 40 ലക്ഷത്തിന്‍െറ അസാധുനോട്ടാണ് എത്തിയത്. ജനങ്ങള്‍ പണം വീട്ടില്‍വെച്ച് സാധനങ്ങള്‍ കടംവാങ്ങുന്ന തലത്തിലേക്ക് കറന്‍സി പ്രതിസന്ധി മാറിയെന്നാണ് ബാങ്ക് മാനേജര്‍മാര്‍ പറയുന്നത്. അസാധുനോട്ടുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയതോടെയാണ് ബാങ്കുകളില്‍ സാധുവായ നോട്ടുകളുടെ വരള്‍ച്ചയും പ്രകടമായത്.

കാസര്‍കോട് യൂകോ ബാങ്കില്‍ ഇന്നലെ സ്വന്തം അക്കൗണ്ടില്‍നിന്ന് പണമെടുക്കാനത്തെിയവരെ തിരിച്ചയച്ചു. ഇടപാടുകാരോട് തിങ്കളാഴ്ച ഹര്‍ത്താല്‍ കഴിഞ്ഞ് വന്നാല്‍ മതിയെന്ന് അറിയിച്ചിട്ടുണ്ടെന്ന് യൂകോ ബാങ്ക് അധികൃതര്‍ പറഞ്ഞു. മിക്ക ബാങ്കുകളും അപ്രഖ്യാപിത സര്‍വിസ് നിര്‍ത്തിവെക്കലിലേക്ക് നീങ്ങുന്നതായാണ് സൂചന.

ജില്ലയില്‍ സിന്‍ഡിക്കേറ്റ് ബാങ്കാണ് മറ്റ് ബാങ്കുശാഖകളില്‍ കൂടുതലും കറന്‍സി നല്‍കുന്നത്. നോട്ടു പ്രതിസന്ധി ഉണ്ടായശേഷം 20 കോടി രൂപ വിവിധ ബാങ്കുകള്‍ക്ക് നല്‍കിയെന്നും ഇപ്പോള്‍ സ്വന്തം ഇടപാട് നടത്താനുള്ള പണം മാത്രമേയുള്ളൂവെന്നും അവര്‍ പറയുന്നു.

Tags:    
News Summary - no cash at banks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.