തൃശൂർ: കേരള സംഗീത നാടക അക്കാദമി 2020 സെപ്റ്റംബറിൽ സംഘടിപ്പിച്ച സർഗഭൂമിക എന്ന ഓൺലൈൻ പരിപാടിയിൽ ഡോ. ആർ.എൽ.വി രാമകൃഷ്ണന് അവതരണത്തിന് അനുമതി നിഷേധിച്ച സംഭവത്തിൽ അക്കാദമിയും ആർ.എൽ.വി രാമകൃഷ്ണനും തമ്മിൽ ആശയ വിനിമയത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് സർക്കാർ, മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
അക്കാദമിയിൽ മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതുമായി ബന്ധപ്പെട്ട് കലാഭവൻ മണിയുടെ സഹോദരൻ കൂടിയായ ആർ.എൽ.വി രാമകൃഷ്ണൻ ആത്മഹത്യശ്രമം നടത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരി രജിസ്റ്റർ ചെയ്ത കേസിലാണിത്.
മനുഷ്യാവകാശ പ്രവർത്തകരായ ഡോ. ഗിന്നസ് മാടസാമിയും റഹിം പന്തളവും സമർപ്പിച്ച പരാതികളിലാണ് കേസെടുത്തത്.
സുതാര്യത പുലർത്തുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടായെന്ന് സർക്കാർ അറിയിച്ചു. എന്നാൽ, ജാതീയമോ ലിംഗപരമോ ആയ വിവേചനം കാണിച്ചിട്ടില്ലെന്നും സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
ഇത്തരം പരാതികൾ ഉണ്ടാകാതിരിക്കാനുള്ള നിർദേശങ്ങൾ അക്കാദമിക്ക് നൽകിയിട്ടുണ്ടെന്നും സാംസ്കാരിക വകുപ്പ് അറിയിച്ചു. കൂടുതൽ സുതാര്യത പുലർത്താനും കലാകാരന്മാർക്ക് അർഹിക്കുന്ന ആദരവും പരിഗണനയും ഉറപ്പാക്കാനും അക്കാദമിക്ക് നിർദേശം നൽകി. തുടർന്ന് കമീഷൻ കേസ് തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.