തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം ആയിരുന്ന കെ. നവീൻ ബാബുവിന് എതിരെ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ട്വിങ്കു ബിസ്വാളിന്റെ പരിശോധനയിലും വ്യക്തമായി.
നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവവികാസങ്ങളും ആരോപണങ്ങൾക്ക് ആധാരമായ പെട്രോൾ പമ്പിന്റെ അനുമതി സംബന്ധിച്ച ഫയൽ നീക്കങ്ങളും അന്വേഷിച്ച് ലാൻഡ് റവന്യൂ ജോയന്റ് കമീഷണർ എ. ഗീത സമർപ്പിച്ച റിപ്പോർട്ട് പഠിച്ച ശേഷമാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിലയിരുത്തൽ.
ഇത്തരം അപേക്ഷകളിൽ ഭാവിയിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും കലക്ടറേറ്റുകളിലും മറ്റും നടക്കുന്ന യോഗനടപടികൾക്ക് ഉണ്ടാകേണ്ട വ്യവസ്ഥകളും സംബന്ധിച്ച് ചില ശിപാർശകളും പ്രിൻസിപ്പൽ സെക്രട്ടറി നൽകിയതായി അറിയുന്നു. തന്റെ ശിപാർശകളോടു കൂടി ഉൾപ്പെടുത്തിയ അന്വേഷണ റിപ്പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് കൈമാറി.
നവീനിനെതിരെ പി.പി. ദിവ്യ ഉന്നയിച്ച ആരോപണങ്ങളിലെ യാഥാർഥ്യം, പെട്രോൾ പമ്പ് അനുമതി സംബന്ധിച്ച ഫയൽ നീക്കങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് തലത്തിലെ ആഭ്യന്തര അന്വേഷണമാണ് ലാൻഡ് റവന്യൂ ജോയന്റ് കമീഷണർ നടത്തിയത്. നവീൻ ബാബുവിന് ക്ലീൻചിറ്റ് നൽകുന്ന ഈ റിപ്പോർട്ടിൽ പ്രത്യേക ശിപാർശകളോ നിർദേശങ്ങളോ ഉണ്ടായിരുന്നില്ല.
അതേസമയം, യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ ശേഷം എ.ഡി.എം നവീൻ ബാബു തന്നെ കണ്ടെന്നും, തെറ്റ് പറ്റിയെന്ന് പറഞ്ഞെന്നുമുള്ള മൊഴിയിൽ കലക്ടർ ഉറച്ച് നിൽക്കുകയാണ്. ഇക്കാര്യം ലാൻഡ് റവന്യൂ ജോയന്റ് കമീഷണർ രേഖപ്പെടുത്തിയ മൊഴിയിൽ കലകട്ർ പറഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കലക്ടർ ഇക്കാര്യം പൊലീസിനോട് പറഞ്ഞതായ വിവരമാണ് പുറത്തുവന്നത്.
കണ്ണൂർ: മുൻ എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ വനിത ജയിലിൽ കഴിയുന്ന പി.പി. ദിവ്യയെ ചോദ്യം ചെയ്യുന്നതിന് പ്രത്യേക അന്വേഷണസംഘം ഉടൻ കസ്റ്റഡിയിൽ വാങ്ങും. ഇതിനായി അടുത്ത ദിവസം കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇന്ന് ദീപാവലി അവധിയായതിനാൽ തിങ്കളാഴ്ചക്കുശേഷം കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് നീക്കം. ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫിസിൽ പ്രത്യേക അന്വേഷണസംഘം മേധാവിയായ സിറ്റി പൊലീസ് കമീഷണർ അജിത് കുമാർ ചോദ്യം ചെയ്തിരുന്നു.
പ്രാഥമിക വിവരങ്ങൾ മാത്രമാണ് അന്വേഷണ സംഘത്തിന് അറിയാൻ കഴിഞ്ഞത്. വൻ പൊലീസ് സന്നാഹവും പുറത്തെ സംഘർഷാവസ്ഥയും ദിവ്യയുടെ മാനസികാവസ്ഥയും കണക്കിലെടുത്ത് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് സൂചന. അന്വേഷണസംഘം പ്രതിനിധികൾ ഇന്നോ നാളെയോ നവീൻബാബുവിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് പോകുന്നുണ്ട്.
പത്തനംതിട്ട: പാർട്ടി എപ്പോഴും എ.ഡി.എം നവീൻ ബാബുവിന്‍റെ കുടുംബത്തിന് ഒപ്പമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. കുടുംബത്തിന്‍റെ എല്ലാ സംശയങ്ങളും ദൂരീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവീൻ ബാബുവിന്‍റെ മലയാലപ്പുഴയിലെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശാന്തനെ തനിക്കറിയില്ല. ഇതിൽ ആർക്കൊക്കെ പങ്കുണ്ടോ അതെല്ലാം അന്വേഷിക്കട്ടെയെന്നും കുറ്റം ചെയ്തവരെല്ലാം പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി എം.ബി. രാജേഷ്, കണ്ണൂർ മേയറും മുസ്ലിം ലീഗ് നേതാവുമായ മുസ്ലീഹ് മടത്തിൽ എന്നിവരും ബുധനാഴ്ച നവീൻ ബാബുവിന്‍റെ വീട് സന്ദർശിച്ചിരുന്നു. ദിവ്യയുടെ ഭാഗത്തുനിന്ന് തെറ്റായ നടപടിയുണ്ടായതുകൊണ്ടാണ് അന്വേഷണം നടക്കുന്നതെന്ന് മന്ത്രി രാജേഷ് പറഞ്ഞു.
നവീൻ ബാബുവിന്‍റേത് ആത്മഹത്യ തന്നെയാണോ എന്ന സംശയത്തിന് ബലമേറുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളതെന്ന് കണ്ണൂർ മേയർ മുസ്ലിഹ് മടത്തിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.