ജപ്പാനിൽ പൂർണമായും സ്കോളർഷിപ്പോടെ രണ്ടു വർഷം പ്ലസ്ടു പഠിക്കണോ കഥകളി, കഥകളിസംഗീതം, അഷ്ടപദി എന്നിവ പഠിച്ച് മിടുക്കിയാവണോ എന്ന ചോദ്യം വന്നപ്പോൾ രണ്ടാമത്തേത് തിരഞ്ഞെടുക്കാനായിരുന്നു മലപ്പുറം മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസിലെ അനഘശ്രീക്കും രക്ഷിതാക്കൾക്കും ഇഷ്ടം. കാരണം കഥകളിയെ അവൾ അത്രമേൽ പ്രണയിക്കുന്നുണ്ട്. ഇത്തവണയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡോടെ നേട്ടം കൈവരിച്ചാണ് ഈ മലപ്പുറംകാരി ചൊവ്വാഴ്ചത്തെ ഗ്രൂപ് കഥകളിയിൽ പങ്കെടുക്കുന്നത്.
ഒയിസ്ക നടത്തിയ ദേശീയതലത്തിലുള്ള ടോപ് ടീൻ എക്സാമിൽ േകരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക പെൺകുട്ടിയായിരുന്നു ഇവൾ. അനഘശ്രീയെക്കൂടാതെ ഒരാൺകുട്ടിയാണ് വിജയിയായത്. ദിവസങ്ങൾക്കുമുമ്പ് നടന്ന പരീക്ഷയിൽ വിജയിച്ച ഇവളെ ജപ്പാനിൽ പൂർണസ്കോളർഷിപ്പോടെ പ്ലസ്ടു പഠനമായിരുന്നു കാത്തിരുന്നത്. എന്നാൽ, രണ്ടുവർഷം നാട്ടിലേക്ക് വരാതെ അവിടെ നിൽക്കേണ്ടിവരുമെന്നതിനാൽ കഥകളിപഠനം നിന്നുപോവുമെന്ന് ഭയന്ന് അവരുടെ വാഗ്ദാനം നിരസിക്കുകയായിരുന്നു.
കഥകളിപഠനം തുടങ്ങി മൂന്നു വർഷം പിന്നിട്ടതേയുള്ളൂവെങ്കിലും കഴിഞ്ഞ രണ്ടു സംസ്ഥാന കലോത്സവങ്ങളിലും പങ്കെടുത്ത് നേട്ടംകൊയ്തു. ചെറുപ്പത്തിൽ നൃത്തംപഠിക്കുമ്പോൾ കൂട്ടുകാരിയുടെ അമ്മയാണ് കഥകളി പഠിപ്പിക്കാൻ നിർദേശിച്ചത്. തുടർന്ന് കലാമണ്ഡലം ഹരിനാരായണെൻറ കീഴിൽ പഠനം തുടങ്ങി. കഥകളി കഴിഞ്ഞാൽ അഷ്ടപദി പാടാനും ഏറെയിഷ്ടമാണ്. ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവത്തിലും തിരുമാന്ധാംകുന്ന് ഉൾെപ്പടെയുള്ള ക്ഷേത്രങ്ങളിലും അഷ്ടപദി ചൊല്ലാറുണ്ട്.
അനഘയുടെ ആട്ടവും ആടയാഭരണങ്ങളുമുൾെപ്പടെ ഓരോ കാര്യവും ശ്രദ്ധിച്ച് അനിയത്തി ഭാഗ്യശ്രീയും ഒപ്പമുണ്ട്. ചേച്ചിയുടെ ആട്ടത്തിനെല്ലാം കൂട്ടുപോവുന്ന ഈ മൂന്നാംക്ലാസുകാരി ചേച്ചി പഠിക്കുമ്പോൾ കൂടെനിന്ന് പഠിക്കാൻ തുടങ്ങിയിട്ടുണ്ട്. അധ്യാപകനായ സുനിലിെൻറയും രജിതയുടെയും മകളാണ് അനഘശ്രീ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.