കാഞ്ഞങ്ങാട്: ലോക്ഡൗൺ കാലത്ത് അവധിയും അലവൻസും ലഭിക്കാതെ വിശ്രമമില്ലാതെ പണിയെടുത്ത് പൊലീസുകാർ. ലോക്ഡൗൺ തുടങ്ങിയശേഷം ഇവർക്ക് ആഴ്ച അവധി ലഭിച്ചിട്ടില്ല.
അവധി ദിവസം ജോലി ചെയ്യേണ്ടിവരുന്ന പൊലീസുകാർക്ക് 500 രൂപ അലവൻസ് ലഭിച്ചിരുന്നു. അതും ഇപ്പോൾ ലഭിക്കുന്നില്ല. എന്തെങ്കിലും അത്യാവശ്യത്തിന് അവധിയെടുക്കണമെങ്കിൽ കാഷ്വൽ ലീവ് എടുക്കുക മാത്രമാണ് പോംവഴി. കോവിഡ് പ്രോട്ടോകോളും പൊലീസുകാരുടെ കാര്യത്തിൽ ഉണ്ടാകാറില്ല.
കുടുംബാംഗങ്ങൾക്ക് കോവിഡ് പോസിറ്റിവാണെങ്കിൽ പൊലീസുകാരെ ക്വാറൻറീനിൽ പോകാൻ അനുവദിക്കുന്നില്ലെന്ന് ആരോപണമുണ്ട്. താങ്ങാവുന്നതിലും അപ്പുറമാണ് ഇപ്പോഴത്തെ ജോലിഭാരം. സെക്ടറൽ മജിസ്ട്രേറ്റുമാർക്കൊപ്പം വീടുകളിൽ പോയി ക്വാറൻറീനിൽ കഴിയുന്നവരെ കാണുകയും ഇക്കാര്യം പോൾ ആപ്പ് എന്ന മൊബൈൽ ആപ്പിൽ രേഖപ്പെടുത്തുകയും വേണം. പിന്നീടാണ് വാഹന പരിശോധന. കാഞ്ഞങ്ങാട് മാത്രം 13 ചെക്പോയന്റുകളുണ്ട്. പൊതുജനത്തിന് ഒരു കാറിൽ മൂന്നുപേർക്ക് മാത്രമെ യാത്ര ചെയ്യാൻ അനുമതിയുള്ളൂ.
എന്നാൽ പൊലീസുകാരെ ചെക്പോയന്റുകളിൽ എത്തിക്കുന്ന വാഹനങ്ങളിൽ കുറഞ്ഞത് ആറുപേരെങ്കിലുമുണ്ടാകും. ജനങ്ങളുമായി നേരിട്ട് ഇടപഴകുന്നതിനാൽ രോഗമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇവരുടെ ജോലിയുടെ പ്രത്യേകത മൂലം സാമൂഹിക അകലം പാലിക്കലും നടക്കാറില്ല.
രണ്ടാഴ്ച മുമ്പ് നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ആകെയുള്ള 25 പൊലീസുകാരിൽ 23 കോവിഡ് ബാധിച്ചിരുന്നു. ഇവിടുത്തെ ഇൻസ്പെക്ടർക്കും സബ് ഇൻസ്പെക്ടർക്കും മാത്രമാണ് രോഗം ബാധിക്കാതിരുന്നത്. കാരണം ഇവർ രണ്ടുപേരുടെയും ജോലിസ്ഥലം തമ്മിൽ കൃത്യമായ അകലമുണ്ട്. സാധാരണ പൊലീസുകാർക്ക് അതുണ്ടാകാറില്ല.
കോവിഡ് ഡ്യൂട്ടിക്കൊപ്പം കേസന്വേഷണമുൾപ്പെടെയുള്ള മറ്റു കാര്യങ്ങളും നടക്കേണ്ടതുണ്ട്. ഒരു കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ അഞ്ചു ദിവസത്തിനകം കേസ് ഡയറി മേലുദ്യോഗസ്ഥന് ഹാജരാക്കണം. അല്ലാത്തപക്ഷം കാരണം കാണിക്കൽ നോട്ടീസിന് മറുപടി കൊടുക്കണം.
മിക്ക ഉദ്യോഗസ്ഥരും കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയശേഷമാണ് കേസ് ഡയറി തയാറാക്കുന്നത്. കോവിഡ് ഡ്യൂട്ടി വന്നതോടെ അന്വേഷണം മുടങ്ങിക്കിടക്കുന്ന കേസുകളുടെ എണ്ണവും ഇരട്ടിയായി. ഹൊസ്ദുർഗ് സ്റ്റേഷനിൽ കഴിഞ്ഞവർഷം ഇതേസമയം 80 പെൻഡിങ് കേസുകളാണ് ഉണ്ടായതെങ്കിൽ ഈ വർഷം അത് 160 ആയി വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.