ഒരൊറ്റ രാത്രികൊണ്ട് ചീഞ്ഞുനാറിയ വ്യവസ്ഥിതി മാറ്റാനാവില്ല; രഞ്ജിത്തിനെതിരെ നിയമ നടപടിക്കില്ല -ബംഗാളി നടി

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് സംവിധായകൻ രഞ്ജിത്ത് രാജിവെച്ചതിനു പിന്നാലെ പ്രതികരണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. ​രഞ്ജിത്തിനെതിരെ നിയമ നടപടിക്കില്ലെന്ന് വ്യക്തമാക്കിയ ശ്രീലേഖ തന്നെ പോലെ പ്രതികരിക്കുന്ന ആളുകളെ സമൂഹത്തിന് ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി. ചീഞ്ഞുനാറിയ ഈ സംവിധാനത്തോട് പടവെട്ടുന്ന തന്നെ പോലുള്ളവർക്ക് ബംഗാളിലെ സിനിമ മേഖലയും സർക്കാരും ജോലി തരില്ലെന്നും അവർ പറഞ്ഞു.

ജോലിയില്ലാതെ വീട്ടിലിരിക്കേണ്ടി വരും. നേരത്തേയും മീടൂ ആരോപണം ഉന്നയിച്ചപ്പോൾ പിന്തുണ ലഭിച്ചിട്ടില്ല. സംവിധായകന്റെ രാജിവെച്ചതുകൊണ്ട് പ്രത്യേക സന്തോഷം​ തോന്നുന്നില്ല. ദുഃഖവുമില്ല. രഞ്ജിത്ത്  സമീപിച്ചത് മോശം ഉദ്ദേശ്യത്തോടെയായിരുന്നു. അത് എതിർത്തത് കൊണ്ട് ആ സിനിമയിലെ അവസരം നഷ്ടമായി.

ഒരൊറ്റ രാത്രികൊണ്ട് നടപ്പു രീതികൾ മാറ്റാൻ കഴിയില്ലെന്നും സ്ത്രീകൾക്ക് സിനിമയിൽ സമത്വം ലഭിക്കുന്നില്ലെന്നും അവർ സൂചിപ്പിച്ചു. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ആശങ്കപ്പെടേണ്ട വിഷയമാണ്. എന്നാൽ സ്ത്രീകളോടുള്ള അവഗണന സമൂഹം സാധാരണ രീതിയായി കണ്ടുപോവുകയാണെന്നും അവർ പറഞ്ഞു.

പാലേരി മാണിക്യം സിനിമയുടെ സമയത്ത് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. സ്വകാര്യ ചാനലിനോടായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തൽ. മോശം പെരുമാറ്റം എതിർത്തതിന്റെ പേരിൽ പാലേരി മാണിക്യത്തിലും മറ്റ് മലയാള സിനിമകളിലും തനിക്ക് അവസരം കിട്ടിയില്ലെന്നും നടി പറഞ്ഞിരുന്നു. ശ്രീലേഖ മിത്രയുടെ ആരോപണം പുറത്ത് വന്നതിന് പിന്നാലെ രഞ്ജിത്തിന്റെ രാജിക്കായി സമ്മർദ്ദം ശക്തമായിരുന്നു.

പ്രതിപക്ഷത്തിന് പുറമേ ഭരണപക്ഷത്തുള്ള സി.പി.ഐ അടക്കമുള്ള പാർട്ടികളും രഞ്ജിത്ത് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിനിമ രംഗത്തുള്ള പലരും രാജി ആവശ്യം ഉയർത്തിയിരുന്നു. ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന സിനിമ താരങ്ങളും രാജി ആവശ്യം ഉയർത്തിയതോടെ രഞ്ജിത്ത് കടുത്ത സമ്മർദ്ദത്തിലായിരുന്നു. ഇതോടെയാണ് രാജിക്കത്ത് കൈമാറാൻ രഞ്ജിത്ത് നിർബന്ധിതനായത്.

നേരത്തെ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം സി.പി.എം സ്വീകരിച്ചിരുന്നത്. പ്രഗൽഭനായ കലാകാരനാണ് രഞ്ജിത്തെന്നും ആരോപണം തെളിയിക്കപ്പെട്ടാൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. ഈ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയർന്നതോടെ സജി ചെറിയാൻ നിലപാട് മാറ്റിയിരുന്നു.

Tags:    
News Summary - No legal action against Ranjith -Bengali actress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.