മലപ്പുറം: കോവിഡ് രണ്ടാം തരംഗത്തില്‍ രോഗ വ്യാപനത്തോടൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ല ഭരണകൂടം. നേരത്തെയുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെ ആരാധനാലയങ്ങളില്‍ ആളുകള്‍ കൂട്ടമായി എത്തുന്നത് തടയുന്നതിെൻറ ഭാഗമാണ് നടപടിയെന്നാണ് കലക്ടര്‍ കെ. ഗോപാലകൃഷ്ണെൻറ പുതിയ ഉത്തരവിലുള്ളത്.
ഇത് പ്രകാരം ആരാധനലായങ്ങളിലെ ചടങ്ങുകളില്‍ പരമാവധി അഞ്ച് പേര്‍ക്ക് മാത്രമാണ് ഒരേസമയം പങ്കെടുക്കാനാവുക. പ്രാര്‍ത്ഥന ചടങ്ങുകള്‍ പരമാവധി വീടുകളില്‍ തന്നെ നിര്‍വഹിക്കാന്‍ വിശ്വാസികള്‍ ശ്രമിക്കണമെന്നും ഇതിനായി ബന്ധു വീടുകളിലുള്‍പ്പടെ കൂടിച്ചേരുന്നത് ഒഴിവാക്കുന്നതാണ് ഉചിതമെന്നും ഉത്തരവില്‍ പറയുന്നു.
വ്യാഴാഴ്ച മാത്രം 21.89 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കോടെ 2,776 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 17,898 രോഗികളാണ് ജില്ലയിലുള്ളത്. ഇത്തരത്തില്‍ രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതുമാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങാനിടയാക്കിയത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയിലാണ് കലക്ടര്‍ 2005 ലെ ദുരന്തനിവാരണ നിയമം 26(2),30(2), (5),34 എന്നിവ പ്രകാരം ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ആരാധനാലയങ്ങളിലെ ഈ നിയന്ത്രണം തുടരുമെന്നാണ് ഉത്തരവിലുള്ളത്.
വിഷയവുമായി ബന്ധപ്പെട്ട് മതനേതാക്കളുടെ യോഗം ചേർന്നിരുന്നു. രണ്ടാം തരംഗത്തിൽ എം.പിമാർ, എം.എൽ.എമാർ എന്നിവരുടെയും മറ്റു തദ്ദേശസ്വയം ഭരണ സ്ഥാപന ജനപ്രതിനിധികളുെടയും പിന്തുണ അനിവാര്യമാണെന്നുളളതിനാൽ വ്യാഴാഴ്ച യോഗം ചേരുകയും ഇവരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ജനപ്രതിനിധികൾ ജില്ല ഭരണകൂടത്തിനൊപ്പം നിലകൊളളുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പരാമർശിക്കുന്നു.
കലക്ടറുടെത് ഏകപക്ഷീയമായ ഉത്തരവ്; വ്യാപക പ്രതിഷേധം
മലപ്പുറം: ആരാധനാലയങ്ങളിൽ അഞ്ച് പേരായി ചുരുക്കണമെന്ന മലപ്പുറം കലക്ടർ കെ. ഗോപാലകൃഷ്ണെൻറ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. പുതുതായി ഇറക്കിയ ഉത്തരവിലാണ് ലോക്ഡൗൺ കാലത്തിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയത്. ജനപ്രതിനിധികളുമായും മതനേതാക്കളുമായും ചർച്ച നടത്തിയതിന് ശേഷമാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ട് വന്നതെന്നാണ് കലക്ടർ വിശദീകരിക്കുന്നത്.
എന്നാൽ, ഇക്കാര്യം മതനേതാക്കളും ജനപ്രതിനിധികളും നിഷേധിക്കുകയാണ്. തീരുമാനം അറിയില്ലെന്നും ഏകപക്ഷീയമായി എടുത്തതാണെന്നുമാണ് ജനപ്രതിനിധികളും മതനേതാക്കളും പറയുന്നത്. ദുരന്തനിവാരണ സമിതിയിലെ മറ്റ് അംഗങ്ങളുമായി അടക്കം ചർച്ച ചെയ്യാതെ കലക്ടർ ഏകപക്ഷീയമായി തീരുമാനം എടുത്തതെന്നാണ് ലഭിക്കുന്ന സൂചന. മുസ്‌ലിം സംഘടനകൾ സംയുക്ത പ്രസ്താവനയും ഇറക്കി. മുസ്‌ലിം ലീഗ് നേതാക്കളായ കെ.പി.എ മജീദ്, സാദിഖലി തങ്ങൾ എന്നിവരും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കലക്ടർ വിളിച്ചു ചേർത്ത ഒാൺലൈൻ യോഗത്തിൽ പെങ്കടുത്ത ജനപ്രതിനിധികളായ ഇ.ടി മുഹമ്മദ് ബഷീർ, ടി.വി ഇബ്രാഹീം എന്നിവരും ഇങ്ങനെ ഒരു തീരുമാനം തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് എടുത്തതെന്ന് മാധ്യമങ്ങളെ അറിയിച്ചു.
കലക്ടർ ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചെങ്കിലും ആരാധാനാലയങ്ങളുടെ സ്ഥല സൗകര്യത്തിന് അനുസരിച്ച് ആളുകളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശിപ്പിക്കണമെന്ന നിർദേശമാണ് ജനപ്രതിനിധികൾ മുന്നോട്ടു വെച്ചത്. കോവിഡ് കേസുകൾ മലപ്പുറത്തേക്കാൾ കൂടുതലുള്ള ജില്ലകളിൽ പോലുമില്ലാത്ത നിയന്ത്രണങ്ങളാണ് മലപ്പുറത്ത് മാത്രമായാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റമദാനിെല രാത്രി നമസ്കാരത്തിന് പ്രത്യേക അനുമതി മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയതിന് ശേഷം ജില്ല കലക്ടർ എങ്ങനെയാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുകയെന്നാണ് സംഘടനകൾ ചോദിക്കുന്നത്.
അധിക നിയന്ത്രണം അംഗീകരിക്കില്ലെന്ന് മുസ്‌ലിം സംഘടനകൾ
മലപ്പുറം: ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്ന കലക്ടറുടെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്ന് മുസ്‌ലിം സംഘടനകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. മതിയായ കുടിയാലോചനയില്ലാതെ സംസ്ഥാനത്ത് എവിടെയുമില്ലാത്ത നിയന്ത്രണങ്ങൾ മലപ്പുറത്തിന് മാത്രം ബാധകമാക്കുന്ന നടപടി പ്രതിഷേധാർഹമാണ്. കോവിഡിനെതിരായ എല്ലാ നീക്കങ്ങൾക്കും ജില്ലയിലെ വിവിധ മതസംഘടനകൾ പിന്തുണ നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ മസ്ജിദുകളിൽ പാലിക്കുന്നുമുണ്ട്. മലപ്പുറത്തേക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിലൊന്നുമില്ലാത്ത നിയന്ത്രണം മലപ്പുറത്ത് മാത്രം നടപ്പിലാക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആരാധനകൾ നടത്താനുള്ള സ്വാതന്ത്ര്യം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അബ്ദുസ്സമദ് പൂക്കോട്ടൂർ (സംസ്ഥാന സെക്രട്ടറി എസ്.വൈ.എസ്) യു.മുഹമ്മദ് ശാഫി (സംസ്ഥാന ജനറൽ സെക്രട്ടറി സുന്നി മഹല്ല് ഫെഡറേഷൻ) , സലീം എടക്കര (എസ്.വൈ.എസ്), കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, അബ്ദു റസാഖ് സഖാഫി, ഹുസൈൻ സഖാഫി (കേരള മുസ് ലിം ജമാഅത്ത് )
എൻ.വി അബ്ദുറഹ്മാൻ (കെ.എൻ.എം), പി.മുജീബ് റഹ്മാൻ, ശിഹാബ് പൂക്കോട്ടൂർ, എൻ.കെ സദ്റുദ്ദീൻ ( ജമാഅത്തെ ഇസലാമി), ടി.കെ അശ്റഫ് (വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷൻ), അബ്ദുല്ലത്വീഫ് കരുമ്പിലാക്കൽ, ഡോ. ജാബിർ അമാനി (കെ.എൻ.എം മർകസുദ്ദഅവ), സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങൾ ( ജംഇയ്യതുൽ ഉലമാ ഹിന്ദ് ), ഡോ .ഖാസിമുൽ ഖാസിമി (കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ) എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്.
മലപ്പുറം: വൈകീട്ട് അഞ്ചിന് ശേഷം ജില്ലയിലെ ആരാധാനാലയങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ പാടില്ലെന്ന കലക്ടറുടെ തീരുമാനം തങ്ങളുടെ അറിവോടെയല്ലെന്ന് ജനപ്രതിനിധികൾ. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ചേർന്ന ഒാൺലൈൻ യോഗത്തിൽ പെങ്കടുത്ത ജനപ്രതിനിധികളാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് അറിയിച്ചത്. കലക്ടർ ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചെങ്കിലും ആരാധാനാലയങ്ങളുടെ സ്ഥല സൗകര്യത്തിന് അനുസരിച്ച് ആളുകളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശിപ്പിക്കണമെന്നാണ് അറിയിച്ചെതന്ന് യോഗത്തിൽ സംസാരിച്ച ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ടി.വി. ഇബ്രാഹിം എം.എൽ.എ എന്നിവർ അറിയിച്ചു.
മതസംഘടന നേതാക്കളുമായി ആലോചിച്ചതിന് ശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു കലക്ടർ പറഞ്ഞിരുന്നത്. എന്നാൽ, ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്തിെൻറ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും ജനപ്രതിനിധികൾ വ്യക്തമാക്കി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്ദുൽ ഹമീദ്. അഡ്വ.എം. ഉമ്മർ, സി. മമ്മൂട്ടി എന്നിവരാണ് യോഗത്തിൽ പെങ്കടുത്തത്.
കൂടിയാലോചനകൾ ഇല്ലാതെ മലപ്പുറം ജില്ലയിൽ മാത്രമായി മതപരമായ ചടങ്ങുകൾക്ക് അഞ്ച് ആളുകളിൽ കൂടുതൽ പങ്കെടുക്കരുതെന്ന നിയന്ത്രണമേർപ്പെടുത്തി കലക്ടർ പ്രഖ്യാപിച്ച ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വ. വി.വി. പ്രകാശ് ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്രതാനുഷ്ഠാനങ്ങൾക്കും അതുമായി ബന്ധപ്പെട്ട പ്രാർത്ഥനകൾക്കും സൗകര്യമൊരുക്കാൻ ജില്ല ഭരണകൂടം തയാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന തരത്തില്‍ ഏര്‍പ്പെടുത്തിയ കലക്ടറുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ല പ്രസിഡന്‍റ് സി.പി.എ ലത്തീഫ്. രാജ്യത്ത് അനിയന്ത്രിതമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ മലപ്പുറം ജില്ലയിൽ മാത്രം ആരാധനാലയങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തി വിശ്വാസികളെ ബുദ്ധിമുട്ടിലാക്കുകയെന്നത് ജനാധിപത്യഭരണകൂടങ്ങള്‍ക്ക് ഭൂഷണമല്ല.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് വിശുദ്ധ റമദാല്‍ വിശ്വാസികള്‍ പള്ളികളിലെത്തുന്നത് എന്നിരിക്കെ വേണ്ടത്ര കൂടിയാലോചനയില്ലാതെ ജില്ല കലക്ടര്‍ നടത്തിയ ഉത്തരവ് അടിയന്തിരമായി പുനഃപ്പരിശോധിച്ച് ആരാധനാലയങ്ങളുടെ വ്യാപ്തിക്കനുസരിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആളുകളെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കണമെന്നും സി.പി.എ ലത്തീഫ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.