തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെച്ചതോടെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യം വകുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യും. തൽക്കാലം പുതിയ മന്ത്രിയുണ്ടാവില്ല. ഇതോടെ മുഖ്യമന്ത്രി ഉൾപ്പെടെ 21 അംഗങ്ങളുള്ള മന്ത്രിസഭയുടെ അംഗബലം 20 ആയി കുറയും.
കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിൽനിന്നാണ് നിലവിൽ സി.പി.എമ്മിന് മന്ത്രിമാരുടെ പ്രാതിനിധ്യമില്ലാത്തത്. പാലക്കാട് മന്ത്രിയില്ലെങ്കിലും സ്പീക്കർ ആ ജില്ലയിൽനിന്നാണ്. ആലപ്പുഴപോലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ശക്തമായ വേരുകളുള്ള ജില്ലക്ക് മന്ത്രിസഭയിൽനിന്ന് അടുത്ത പ്രാതിനിധ്യം ആർക്ക് എന്ന ചർച്ച സജി ചെറിയാന്‍റെ രാജിക്ക് പിന്നാലെ ഉയർന്നുകഴിഞ്ഞു. നിലവിൽ സജി ചെറിയാനെ കൂടാതെ, പി.പി. ചിത്തരഞ്ജൻ, യു. പ്രതിഭ, എച്ച്. സലാം, ദലീമ, എം.എസ്. അരുൺ കുമാർ എന്നിവരാണ് ആലപ്പുഴയിൽനിന്നുള്ള സി.പി.എം എം.എൽ.എമാർ. സജി ചെറിയാൻ സി.എസ്.ഐ വിഭാഗക്കാരനാണ്. പക്ഷേ, അടുത്ത മന്ത്രിയെ തീരുമാനിക്കുമ്പോൾ സി.പി.എമ്മിന്‍റെ താൽപര്യങ്ങൾക്കാവും മുൻതൂക്കം.
ആലപ്പുഴയിൽ ജി. സുധാകരനെ സംസ്ഥാന നേതൃത്വത്തിന്‍റെ ആശീർവാദത്തോടെ ജില്ല നേതൃത്വം ഒതുക്കിയപ്പോൾ സി.പി.എമ്മിന്‍റെ സംസ്ഥാന തലപ്പത്തേക്ക് സ്വാഭാവിക പരിഗണന സജി ചെറിയാനായിരുന്നു. ജില്ല സെക്രട്ടറി എന്ന നിലയിലുള്ള സംഘടനാ പാടവവും എല്ലാ വിഭാഗത്തോടുമുള്ള അടുപ്പവും സജിക്ക് തുണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.