വയനാട് ഉരുൾ ദുരന്തം:17 കുടുംബങ്ങളിൽ ആരും ശേഷിക്കുന്നില്ലെന്ന് സർക്കാർ ഹൈകോടതിയിൽ

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ 17 കുടുംബങ്ങളിൽ ആരും ശേഷിക്കുന്നില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. ഈ കുടുംബങ്ങളിലായി 65 പേരാണ് നഷ്ടപ്പെട്ടത്. 119 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. പുനരുദ്ധാരണ നടപടികൾക്കായി കണക്കെടുപ്പിന് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ പിന്തുണ തേടിയിട്ടുണ്ട്. ഇവർ ആഗസ്റ്റ് 26 മുതൽ കണക്കെടുപ്പ് നടത്തുമെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

മേപ്പാടിയിലുണ്ടായ ദുരന്തത്തിന്റെ കാരണം പഠിക്കാൻ വിദഗ്ധ സമിതി രൂപവത്കരിച്ചിട്ടുണ്ട്. നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് റിട്ട. സയന്റിസ്റ്റ് ജോൺ മത്തായി, കേന്ദ്ര വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് സെന്റർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.കെ. ദൃശ്യ, സൂരത്ത്കൽ എൻ.ഐ.ടി അസോ. പ്രഫസർ ഡോ. ശ്രീവത്സ കോലത്തയാർ, വയനാട് ജില്ല സോയിൽ കൺസർവേഷൻ ഓഫിസർ താര മനോഹരൻ, കെ.എസ്.ഡി.എം.എയിലെ ജി.എസ്. പ്രദീപ്, സ്റ്റേറ്റ് എമർജന്‍സി ഓപറേഷൻസ് സെന്ററിലെ എ. ഷിനു എന്നിവരാണ് അംഗങ്ങൾ. പുനരധിവാസത്തിന് സാധ്യമായ സ്ഥലങ്ങൾ കണ്ടെത്താനും ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ആഗസ്റ്റ് 22 വരെ 231 മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ 178 എണ്ണം ബന്ധുക്കൾക്ക് വിട്ടുനൽകി. തിരിച്ചറിയാനാവാത്ത 53 മൃതദേഹങ്ങൾ ജില്ല ഭരണകൂടം സംസ്കരിച്ചു. 212 ശരീരഭാഗങ്ങളിൽ 203ഉം ജില്ല ഭരണകൂടം അടക്കി. ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 276 പേർ മാത്രമാണ് ബാക്കിയുള്ളത്. വീട് വാടകക്കെടുത്ത് പോയവർക്ക് വാടകയിനത്തിൽ മാസംതോറും 6000 രൂപ നൽകും. 75 സർക്കാർ ക്വാർട്ടേഴ്സുകൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി 85 പേരെ താമസിപ്പിച്ചിട്ടുണ്ട്. 177 കെട്ടിടങ്ങൾ വാടകക്ക് നൽകാൻ ഉടമകൾ തയാറായിട്ടുണ്ട്. എട്ടു കിലോമീറ്റർ ദൂരം 86,000 സ്ക്വയർ കിലോമീറ്ററിലാണ് ദുരന്തം നാശംവിതച്ചത്.

മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളെ ദുരന്തബാധിതമായി പ്രഖ്യാപിച്ചു. നാഷനൽ ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽനിന്ന് കൂടുതൽ തുക ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസംഘം ദുരന്തസ്ഥലം സന്ദർശിച്ചു. 691 കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 10,000 രൂപ വീതം നൽകിയിട്ടുണ്ട്. മരിച്ച 59 പേരുടെ കുടുംബത്തിന് ആറുലക്ഷം രൂപ വീതം ധനസഹായം നൽകി. ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാൻ സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് തത്ത്വത്തിൽ അംഗീകരിച്ചെങ്കിലും അന്തിമതീരുമാനം ബന്ധപ്പെട്ട ബാങ്ക് ബോർഡുകളാണ് എടുക്കേണ്ടത്. 2024 ജൂലൈ 30നുശേഷം ഈടാക്കിയ തുക വായ്പയെടുത്തവരുടെ അക്കൗണ്ടിലേക്ക് ഇട്ടുനൽകണം. ഈടില്ലാതെ 25,000 രൂപ വീതം എത്രയുംവേഗം വായ്പ അനുവദിക്കാൻ അനുമതി നൽകിയിട്ടുണ്ട്. 30 തവണയായി മാത്രമേ ഈ വായ്പത്തുക തിരിച്ചുപിടിക്കാവൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - No one left in 17 families in government high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.