ഭാരത് ജോഡോ യാത്രക്കിടയിലും കോൺഗ്രസിലെ വിഭാഗീയത മറനീക്കി പുറത്ത്. യാത്രയുടെ ഭാഗമായി തിരുവല്ലയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിനെ ചൊല്ലിയാണ് തര്‍ക്കം. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള ഐ ഗ്രൂപ്പ് നേതാക്കളെ പ്രചാരണ ബോര്‍ഡില്‍ നിന്നും ഒഴിവാക്കിയെന്നാണ് ആക്ഷേപം. വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന പേരില്‍ വിളിച്ച ആളും സംഘാടകനും തമ്മില്‍ തര്‍ക്കവും തെറിവിളിയുമുണ്ടായി. ഇതിന്റെ ശബ്ദരേഖയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അഡ്വ. റെജി തോമസും കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന പേരില്‍ ചെന്നൈയില്‍നിന്ന് വിളിച്ച അജിത് എന്നയാളും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. പ്രചാരണ ബോര്‍ഡ് സ്ഥാപിക്കാന്‍ സംഭാവന ചെയ്യാനാണ് വിളിക്കുന്നത് എന്നു പറഞ്ഞാണ് അജിത് സംഭാഷണം തുടങ്ങിയത്. എന്നാല്‍ വൈകാതെ വിഷയം മാറി മാറി. ഗ്രൂപ്പ് വൈര്യവും സ്വാഗത സംഘ രൂപീകരണത്തില്‍ തുടങ്ങിയ തര്‍ക്കവും മറനീക്കി പുറത്തുവന്നതോടെ ഇരുവരും തമ്മില്‍ പൂര തെറിവിളിയാണ് പിന്നീടുണ്ടായത്.
എന്നാൽ, ഭാരത് ജോഡോ യാത്രയുടെ ശോഭകെടുത്താന്‍ രാഷ്ട്രീയ എതിരാളികള്‍ നടത്തിയ നീക്കമാണിതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. ഗ്രൂപ്പ് നേതാക്കളും ചില ഇടത് കേന്ദ്രങ്ങളുമാണ് ശബ്ദരേഖയുടെ മുഖ്യപ്രചാരകര്‍. മല്ലപ്പള്ളി, തിരുവല്ല മേഖലകളില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമാണ്. ഭാരത് ജോഡോ സംഘത്തിന്റെ സ്വാഗത സംഘ രൂപീകരണം നേരത്തെ വലിയൊരു വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. അതേസമയം, ജാഥയെ വിമർശിച്ചുകൊണ്ട് സി.പി.എം ശക്തമായി രംഗത്തുവന്നു. ജാഥയിൽ ബി.ജെ.പിയെ കാര്യമായി വിമർശിക്കാൻ കോൺഗ്രസ് ധൈര്യപ്പെടുന്നില്ല എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ബി.ജെ.പിയെ എതിർക്കാനായിരുന്നെങ്കിൽ ജാഥ നടത്തേണ്ടത് കേരളത്തിൽ അല്ല എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.