കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറുടെ ജാതീയ വിവേചനങ്ങൾക്കെതിരായ വിദ്യാർഥികളുടെ സമരം 17 ദിവസം പിന്നിടുകയാണ്. ഡയറക്ടർ ശങ്കർ മോഹന്റെ ജാതീയ വിവേചനങ്ങളുടെയും തൊഴിൽ ചൂഷണങ്ങളുടെയും തെളിവുകൾ നിരത്തിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ ഡിസംബർ 25 മുതൽ നിരാഹാര സമരത്തിനൊരുങ്ങുകയാണ് സമരം ചെയ്യുന്ന വിദ്യാർഥികൾ. 25ന് സമരം ചെയ്യുന്ന മുഴുവൻ വിദ്യാർഥികളും നിരാഹാരമിരിക്കുമെന്നും തുടർന്നും നടപടിയുണ്ടായില്ലെങ്കിൽ റിലേ നിരാഹാരസമരം തുടങ്ങുമെന്നും സ്റ്റുഡന്റ്സ് കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
പ്രത്യക്ഷ തെളിവുകളുണ്ടായിട്ടും ശങ്കർമോഹനെ പോലൊരാളെ സംരക്ഷിക്കുന്ന നിലപാട് കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് കരുതിയില്ലെന്നാണ് സമരം ചെയ്യുന്ന വിദ്യാർഥികൾ പറയുന്നത്. സംവരണം അട്ടിമറിച്ചും അവകാശപ്പെട്ട വിദ്യാർഥികൾക്ക് സീറ്റ് നിഷേധിച്ചും ശങ്കർ മോഹനും അടൂർ ഗോപാലകൃഷ്ണനും നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കുകയാണോ എന്നാണ് വിദ്യാർഥികളുടെ ചോദ്യം. കേരളം മുഴുവൻ ക്രിസ്മസ് ആഘോഷിക്കുമ്പോൾ വിദ്യാർഥികൾ നീതിതേടി നിരാഹാരം ഇരിക്കേണ്ടി വരുന്ന ഗതികേട് ഞങ്ങൾക്ക് ഉണ്ടാക്കി വെച്ചത് സർക്കാരിന്റെ അവഗണനയാണെന്നും അവർ പറഞ്ഞു.
ഞങ്ങൾ ഉയർത്തിയ തെളിവുകൾക്കും ആവശ്യപ്പെട്ട നീതിക്കും മേലെ നിൽക്കുന്നത് അടൂർ ഗോപാലകൃഷ്ണൻ എന്ന സംവിധായകനും അയാളുടെ പിടിവാശിയും ആണെങ്കിൽ ഞങ്ങൾ എത്രനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പടിയിൽ സത്യഗ്രഹം ഇരുന്നാലാണ് ഞങ്ങളുടെ തൊണ്ടകീറിയുള്ള കരച്ചിൽ നിങ്ങളൊന്ന് കേൾക്കാൻ പോവുന്നത്?. സർക്കാരിന് നടപടിയെടുക്കാൻ വേണ്ടത് രോഹിത് വെമുലമാരെയാണെങ്കിൽ വരുന്ന തലമുറക്കെങ്കിലും നീതി ലഭിക്കാൻ ഞങ്ങൾ അതിനും തയാറാവാണോയെന്നും സ്റ്റുഡന്റസ് കൗൺസിൽ പ്രസ്താവനയിൽ ചോദിക്കുന്നു.
കടുത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ നിയയോഗിച്ച അന്വേഷണ കമീഷൻ കാമ്പസിൽ എത്തി വിവരങ്ങൾ ശേഖരിച്ചത്. വിദ്യാർഥികളിൽ നിന്നും വിവേചനം നേരിട്ട ശുചീകരണ തൊഴിലാളികളിൽ നിന്നും ഉൾപ്പെടെ കമീഷൻ മൊഴിയെടുത്തിരുന്നു.
എന്നാൽ കമീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ഒരു വിവരവും ലഭ്യമായിട്ടില്ല. അന്വേഷണ കമീഷന് മൊഴി നൽകാതെ നടപടികൾ വീണ്ടും വൈകിപ്പിക്കുകയാണ് ഡയറക്ടർ ശങ്കർ മോഹൻ. അദ്ദേഹത്തെ സംരക്ഷിക്കാൻ വിദ്യാർഥികൾക്ക് ഒരു പരിഗണനയും നൽകാതെ മുന്നോട്ട് പോവുകയാണ് സർക്കാർ.
17 ദിവസമായി ഞങ്ങൾ സമരത്തിലാണ്. അത്രയും ക്ലാസുകൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. അതുണ്ടാക്കുന്ന മാനസിക സംഘർഷം വളരെ വലുതാണ്. സർക്കാർ ഇക്കാര്യത്തിൽ ഞങ്ങൾക്ക് അനുകൂലമായ നിലപാടെടുത്തേ മതിയാകൂ. അല്ലെങ്കിൽ ഞങ്ങൾ എന്ത് ചെയ്യണമെന്ന് സർക്കാർ തന്നെ പറയണം -സ്റ്റുഡന്റസ് കൗൺസിൽ ചെയർമാൻ ശ്രീദേവ് സുപ്രകാശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.