കണ്ണൂര്‍: എ.ഡി.ജി.പി എം.ആര്. അജിത്ത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാന്‍ ഒരു സമ്മർദവുമുണ്ടായിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാറും സി.പി.എമ്മും പറഞ്ഞ വാക്ക് പാലിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. പ്രതിപക്ഷം പറയുന്നത് നോക്കിയിട്ട് കാര്യമില്ല.
ആർ.എസ്.എസ് കൂടിക്കാഴ്ച സംബന്ധിച്ച് കാര്യങ്ങൾ അന്വേഷിച്ചുവരുകയാണ്. റിപ്പോർട്ട് വന്നശേഷം അപ്പോൾ നിലപാട് സ്വീകരിക്കും. എ.ഡി.ജി.പിയെ മാറ്റാന്‍ സി.പി.ഐയുടെ ഭാഗത്തുനിന്ന് സമ്മർദം ഉണ്ടായെന്നതിന് അടിസ്ഥാനമില്ല. ഇക്കാര്യം ആവശ്യപ്പെട്ട് ഓരോദിവസവും കത്ത് നല്‍കുകയും സമ്മർദം ചെലുത്തുകയും ചെയ്തുവെന്ന് പ്രചരിപ്പിക്കുന്നതിൽ അടിസ്ഥാനമില്ല. സി.പി.ഐ അവരുടെ അഭിപ്രായം നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്.
ഇടതുമുന്നണിയുടെ ഭാഗമായുള്ള എല്ലാവരും സന്തോഷപൂർവം സ്വീകരിച്ച നിലപാടാണിത്. ക്രമസമാധാന ചുമതലയിൽനിന്നാണ് ഇപ്പോൾ മാറ്റിയത്. ആവശ്യമാണെങ്കിൽ പരിശോധിച്ച് മറ്റ് നടപടികൾ സ്വീകരിക്കും. ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ലെന്നും എന്നാൽ, കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റാൻ സമുദായ നേതാക്കൾക്ക് ബാധ്യതയുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.