തൃശൂർ: ഇടക്കിടെ മേഘാവൃതമാവുന്നുണ്ടെങ്കിലും മഴ ആവശ്യത്തിന് ലഭിക്കുന്നില്ല. മേഘം വരുന്നതോടെ നേരിയ തോതിൽ ചൂട് കുറയുന്നുവെങ്കിലും പുഴുക്ക് പാരമ്യത്തിലാവുകയാണ്. പിന്നാലെ സൂര്യൻ കൂടുതൽ ശക്തമായി എത്തുന്നതോടെ ചുട്ടുപൊള്ളുകയാണ് കേരളം. ദക്ഷിണ, മധ്യ, ഉത്തര കേരളത്തിന്റെ നിലവിലെ സാഹചര്യം ഇതാണ്. പക്ഷേ, മധ്യകേരളം വല്ലാതെ ചുട്ടുപൊള്ളുകയാണ്. ചുറ്റും മലകളുള്ള പാലക്കാട് ജില്ലയിൽ സൗരവികിരണങ്ങളുടെ പ്രതിഫലനമാണ് ഉരുകുന്ന ചൂടിൽ എത്തിനിൽക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ചൂട് പരിശോധിക്കുമ്പോൾ പാലക്കാട് ദിനംപ്രതി ചൂട് കൂടുന്ന പ്രവണത തുടരുകയാണ്. വിഷുവിന് 39.1 ഡിഗ്രി സെൽഷ്യസ് ആയിരുന്ന ചൂട് അടുത്തദിവസം 40 ആയി. ഒറ്റ ദിവസം കൊണ്ട് ഒരു ഡിഗ്രി സെൽഷ്യസാണ് കൂടിയത്. ഇതുതന്നെ മൂന്നും നാലുംവരെ കുതിച്ചുയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. തൊട്ടുപിന്നാലെ മലപ്പുറവും കണ്ണൂരുമുണ്ട്. മലപ്പുറത്ത് വിഷുവിന് 37.4 ആയിരുന്നുവെങ്കിൽ അടുത്തദിവസം 38.2ലേക്ക് ചൂട് ഉയർന്നു. വയനാടിൽ യഥാക്രമം ഇത് 37.6ഉം 37.4ഉം ആണ്. മലയോരജില്ലകൾ ഒഴികെ എല്ലായിടത്തും 35ന് മുകളിലാണ് ചൂട് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ആർദ്രത കൂടിയതിനാൽ അനുഭവപ്പെടുന്ന ചൂട് 40ന് മുകളിലാണെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. ചോലയിൽ ഗോപകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. നിലവിൽ കുറഞ്ഞ ചൂട് ഇടുക്കിയിലാണ്. എന്നാലിതും 30ന് മുകളിലാണ്. 31.4 ആണ് 15ന് ഇടുക്കിയിലെ ചൂട്. 16ന് 31.8 ആയി ഇതുമാറി. വയനാടിൽ 15ന് 34.7ഉം 16ന് 35.1 ഡിഗ്രി സെൽഷ്യസുമാണ് ചൂട്. കേരളത്തിൽ തണുപ്പ് കൂടുതലുള്ള ജില്ലകളിൽ പോലും ചൂടിന്റെ ഗതിമാറ്റം ഭീകരമാണെന്ന് ഈ കണക്ക് തെളിയിക്കുന്നത്. കാലാവസ്ഥ വ്യതിയാന നാളുകളിൽ അതിതീവ്ര സ്വഭാവം നിഴലിക്കുന്നതിനാൽ ഉഷ്ണതരംഗവും സൂര്യതപവും അടക്കം കരുതിയിരിക്കണമെന്നാണ് വിദഗ്ധ നിർദേശം.
കാലാവസ്ഥ വകുപ്പിന്റെ പ്രവചനം അനുസരിച്ച് ഈ ആഴ്ച മഴ അത്രമേൽ ലഭിക്കാനിടയില്ല. ഈമാസം 20ന് ശേഷം 22, 23ഓടെ മഴ ഉണ്ടാവുന്നതിനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഇടിയോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കാനുമുടയുണ്ട്. മഴയില്ലാതെ വരണ്ടുണങ്ങിയതിനാൽ തോട്ടവിള, തെങ്ങ്, വാഴ അടക്കം കേരളത്തിന്റെ തനത് കൃഷികൾ നാശത്തിന്റെ വക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.