കൽപറ്റ: ഇതര സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യൻ ഓവർസീസ് ബാങ്കിലെ (ഐ.ഒ.ബി) മലയാളി ജീവനക്കാർക്ക് സ്വന്തം സംസ്ഥാനത്തേക്കു സ്ഥലംമാറ്റം നൽകാതെ മാനേജ്മെൻറ് പീഡിപ്പിക്കുന്നതായി പരാതി. തമിഴ്നാട്ടിലും കർണാടകയിലും എട്ടും അതിലധികവും വർഷങ്ങളായി ജോലിചെയ്യുന്ന ഓഫിസർമാരാണ് മാനേജ്മെൻറിെൻറ പിടിവാശിക്കു മുന്നിൽ ബലിയാടാകുന്നത്. കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 250ലധികം ഓഫിസർമാരിൽ മിക്കവരുടെയും കുടുംബങ്ങൾ നാട്ടിലാണ്. ഇവരിൽ പലരുടെയും ഭാര്യമാർ നാട്ടിൽ ജോലിയുള്ളവരായതിനാൽ കുടുംബത്തെ കൂടെ താമസിപ്പിക്കാൻ കഴിയാത്ത അവസ്ഥയുമാണ്. തമിഴ്നാട്ടിലാണ് കൂടുതൽ മലയാളി ജീവനക്കാരുള്ളത്.
2013നുശേഷമാണ് ഐ.ഒ.ബി ജീവനക്കാരുടെ സ്ഥലംമാറ്റം നിർത്തലാക്കിയത്. പുതിയ ജീവനക്കാരെ എടുക്കുന്നില്ല, ബാങ്കിന് ബിസിനസ് കുറവാണ് തുടങ്ങിയ ന്യായങ്ങളാണ് മാനേജ്െമൻറ് ചൂണ്ടിക്കാണിക്കുന്നത്. ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് ബാങ്കിന് വ്യക്തമായ ഒരു നയം ഇല്ലെന്നാണ് ഇവർ പറയുന്നത്. യൂനിയനാണെങ്കിൽ ജീവനക്കാരുടെ ആവശ്യം ചെവിക്കൊള്ളുന്നുമില്ല. എന്നാൽ, യൂനിയൻ നേതാക്കൾ ഇടപെട്ട് സ്വന്തക്കാർക്ക് സ്ഥലംമാറ്റം സംഘടിപ്പിച്ചുകൊടുക്കുന്നുമുണ്ട്. കേരളത്തിലെ ബാങ്കുകളിൽ മൂന്നു വർഷം പൂർത്തിയാക്കിയ എല്ലാ ജീവനക്കാർക്കും സ്ഥലംമാറ്റം നിർബന്ധമാണ്. ഇതൊന്നും പേക്ഷ ഇതര സംസ്ഥാനങ്ങളിൽ നടപ്പാകുന്നില്ല.
ജീവനക്കാർക്ക് അർഹമായ ലീവും മാനേജ്മെൻറ് നിഷേധിക്കുന്നതായി ആരോപണമുണ്ട്. മാനേജ്മെൻറിെൻറ പ്രതികാരനടപടികൾ ഭയന്ന് ബാങ്കിനെതിരെ നിയമനടപടി സ്വീകരിക്കാൻ മടിക്കുകയാണ് ഇവർ. യൂനിയൻ പിന്തുണയില്ലാത്തതും ഇവരെ പ്രയാസപ്പെടുത്തുന്നു. ഓൾ ഇന്ത്യ ബാങ്കേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയിൽ അംഗമാണ് ഐ.ഒ.ബി ഓഫിസേഴ്സ് അസോസിയേഷൻ. എന്നാൽ, ഇതര സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന മലയാളികളായ ഓഫിസർമാരോട് യൂനിയൻ ഭാരവാഹികൾ ചിറ്റമ്മനയം സ്വീകരിക്കുന്നുവെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.