കോഴിക്കോട്: തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി ധാരണയുണ്ടെന്ന ആർ.എസ്.എസ് നേതാവും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ. ബാലശങ്കറിന്‍റെ വെളിപ്പെടുത്തൽ മറുപടി അർഹിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബാലശങ്കറിന്‍റേത് സീറ്റ് കിട്ടാത്തതിലുള്ള വികാരപ്രകടനമായിരിക്കാം. അദ്ദേഹം മത്സരിക്കാൻ ആഗ്രഹിച്ചതായി തനിക്ക് അറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ ബി.ജെ.പി നേതാക്കൾ മാഫിയ സംഘമാണെന്നും കെ.സുരേന്ദ്രൻ നയിക്കുന്ന സംസ്ഥാന നേതൃത്വം സി.പി.എമ്മുമായി ധാരണ ഉണ്ടാക്കിയെന്നും ആര്‍. ബാലശങ്കര്‍ ആരോപിച്ചിരുന്നു. സി.പി.എം-ആർ.എസ്.എസ് കച്ചവടത്തിന്‍റെ അടിസ്ഥാനത്തിലാണ് തന്നെ ഒഴിവാക്കിയതെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു.
എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ക്രിസ്ത്യന്‍ വിഭാഗവും ഒരു പോലെ തന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചിരുന്നു. അതിനൊപ്പം ബി.ജെ.പിക്ക് ഇത്തവണ വിജയസാദ്ധ്യതയുള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂരെന്നും ബാലശങ്കർ പറയുന്നു.
ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവും, എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയും എൻ.എസ്.എസും തനിക്കനുകൂലമായി രംഗത്തുണ്ടായിരുന്നു. ഇതിനെല്ലാം പുറമെ മണ്ഡലത്തിൽ ബന്ധുമിത്രാദികളടക്കം പതിനായിരം വോട്ടെങ്കിലും ഉണ്ട്. എന്നിട്ടും സീറ്റ് നിഷേധിച്ചതിന് പിന്നിൽ സി.പി.എമ്മും ബി.ജെ.പിയുമായിട്ടുള്ള ഡീലാണ്. ചെങ്ങന്നൂരും ആറന്മുളയിലും സി.പി.എമ്മിന്‍റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ഡീലെന്നും ബാലശങ്കർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.