കൊച്ചി: സഹകരണ നിയമ ഭേദഗതിക്ക് സ്റ്റേ അനുവദിക്കാതെ ഹൈകോടതി. ഭേദഗതിയുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത് നാല് പ്രാഥമിക ബാങ്ക് ഭരണസമിതി പ്രസിഡന്റുമാർ സമർപ്പിച്ച ഹരജികളിൽ ഇടക്കാല ആവശ്യമായി ഉന്നയിച്ച സ്റ്റേ ആവശ്യം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചില്ല. സർക്കാറിനോടും സഹകരണ തെരഞ്ഞെടുപ്പ് കമീഷനോടും സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി, ഹരജി വിശദ വാദത്തിനായി ജൂൺ 25ലേക്ക് മാറ്റി.തുടർച്ചയായി മൂന്ന് തവണയിലധികം ഭരണസമിതിയിലേക്ക് മത്സരിക്കാൻ അയോഗ്യത കൽപിക്കുന്നതടക്കമുള്ള ഭേദഗതികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുമരകം, വിജയപുരം, നെടുങ്കുന്നം, പുതുപ്പള്ളി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറുമാരാണ് ഹരജി നൽകിയത്. നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ നിയമം സബ്ജക്ട് കമ്മറ്റി വിശദമായി പരിശോധിക്കുകയും ചർച്ചക്ക് വിധേയമാക്കുകയും ചെയ്തിരുന്നെന്ന് സർക്കാർ ബോധിപ്പിച്ചു. സഹകരണ മേഖലക്ക് യോജിക്കാത്ത ചില പ്രവണതകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സമഗ്രമായ നിയമ ഭേദഗതി കൊണ്ടുവന്നതെന്നും സർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.