കൊച്ചി: വഴിയരികിൽ വണ്ടി ഒതുക്കിയിട്ട് അതിനുള്ളിൽ മാസ്ക് വിൽക്കുകയാണ് ചിലർ. ആറുമാസം മുമ്പുവരെ നഗരത്തിൽ ഓട്ടോറിക്ഷയും ടാക്സി കാറുകളും ഓടിച്ച് വരുമാനം കണ്ടെത്തിയ ഇവർ, ഓട്ടമില്ലാതായതോടെ എന്തെങ്കിലും തൊഴിലെടുത്ത് അന്നത്തിന് വഴിതേടുകയാണ്.
നിരവധി പേർ തെരുവിൽ വിവിധ സാധനങ്ങളുമായി കച്ചവടത്തിനിറങ്ങി. മറ്റു ചിലർ കെട്ടിട നിർമാണത്തിനും പെയിൻറിങ് ജോലിക്കും പോയിത്തുടങ്ങി. ഇതിലുേമറെ ആളുകൾ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നു.
എന്നാൽ, ഇതിനൊക്കെയപ്പുറത്ത് നാടിെൻറ പൊതുഗതാഗത േമഖലയെ സമ്പന്നമാക്കിയിരുന്നവരുടെ വീടുകളിൽ ഇപ്പോൾ ദുരിതമാണ് ബാക്കി.
അടയുന്ന വഴികൾ
കോവിഡ് വ്യാപനത്തിെൻറ ആദ്യഘട്ടത്തിൽതന്നെ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവന്നവരാണ് ഓട്ടോ-ടാക്സി മേഖലയിലുള്ളവർ. രോഗവ്യാപനം ഭയന്ന് ആളുകൾ വാഹനങ്ങളിൽ കയറാതായി. സമ്പൂർണ ലോക്ഡൗൺ കാലത്ത് പൂർണമായി നിലച്ച ഓട്ടം പിന്നീട് ചെറുതായി വർധിച്ചെങ്കിലും കാര്യമായ ഗുണമുണ്ടായില്ല.
ഒരുദിവസം 200 രൂപയിൽ കൂടുതൽ കൊച്ചി നഗരത്തിൽപോലും ഓട്ടോ ഓടിച്ച് വരുമാനം കിട്ടുന്നില്ലെന്ന് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ(എ.ഐ.യു.ഡബ്ല്യു.സി) ജില്ല സെക്രട്ടറി സക്കീർ തമ്മനം 'മാധ്യമ'ത്തോട് പറഞ്ഞു.
വിവിധ പ്രദേശങ്ങൾ കണ്ടെയ്ൻമെൻറ് സോണുകളാക്കിയതോടെ അവിടേക്ക് ഓട്ടമില്ലാതായി. ആളുകൾ പുറത്തിറങ്ങുന്നത് തീരെ കുറഞ്ഞു. റെയിൽേവ സ്റ്റേഷനുകളിലെയും ബസ് സ്റ്റേഷനുകളിലെയും ഓട്ടോ-ടാക്സി സ്റ്റാൻഡുകളിലും വാഹനങ്ങൾ വെറുതെ കിടക്കുകയാണ്.
പരസ്പരബന്ധിതമായ ഈ സർവിസുകൾ പഴയ നിലയിലാകാതെ ഓട്ടോ-ടാക്സി മേഖലയുടെ തിരിച്ചുവരവ് പൂർണതോതിൽ സാധ്യമാകില്ലെന്നാണ് വിലയിരുത്തൽ.
സ്റ്റാൻഡുകളിൽ വെറുതെ രാവേറും വരെ കിടക്കുന്ന ഡ്രൈവർമാർ ഇപ്പോഴുമുണ്ട്. സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ച് സീറ്റുകൾക്കിടയിൽ മറ സ്ഥാപിച്ചും ഹാൻഡ് വാഷും സാനിറ്റൈസറും കരുതിയും യാത്രക്കാരെ കാത്തുകിടക്കുന്ന ഇവർക്ക് നിരാശമാത്രമാണ് ഫലം.
അടുപ്പ് പുകയാത്ത വീട്ടിലെ ദുരിതസാഹചര്യമാണ് ഭൂരിഭാഗം ആളുകളെയും വാഹനങ്ങളുമായി മറ്റ് കച്ചവടങ്ങളിേലക്ക് എത്തിച്ചത്.
പതിനയ്യായിരത്തോളം ടാക്സി തൊഴിലാളികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്നത്. ഇതിൽ ആറായിരത്തോളം ഓൺലൈൻ ടാക്സികളായിരുന്നു. ഇവരുടെ എണ്ണം ആയിരത്തിന് താഴെയായി ചുരുങ്ങി.
പ്രതിസന്ധികൾ പലത്
കോവിഡുകാലത്ത് നിരവധി പ്രതിസന്ധികളെയാണ് തൊഴിലാളികൾ അഭിമുഖീകരിക്കുന്നത്. ഓട്ടമില്ലാതായതോടെ വാഹനവായ്പ തിരിച്ചടക്കാനാകുന്നില്ലെന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചതായി എൻ.എസ്.സി ഓൺലൈൻ ടാക്സി അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് നിയാസ് കരിമുകൾ പറഞ്ഞു.
പ്രതിസന്ധികളുടെ ആക്കം കൂട്ടുകയാണ് ഇന്ധനവില വർധന. ഇൻഷുറൻസിന് ഒരുആനുകൂല്യവും ലഭിച്ചിട്ടുമില്ല. മൊറട്ടോറിയംകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല.
വായ്പത്തുക തിരിച്ചടക്കാൻ കഴിയാത്ത ഓട്ടോ-ടാക്സി തൊഴിലാളികൾ ഭീഷണി നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.