തിരുവനന്തപുരം: നോർക്കയുടെ ശുഭയാത്ര പദ്ധതിക്ക് രണ്ട് കോടി രൂപയുടെ ഭരണാനുമതി നൽകി പ്രവാസികാര്യ വകുപ്പിന്റെ ഉത്തരവ്. യുവാക്കൾക്ക് വിദേശ തൊഴിൽ സാക്ഷാത്ക്കരിക്കുന്നതിന് വായ്പകൾ നൽകുന്ന പുതിയ പദ്ധതിയാണ് നോർക്ക ശുഭയാത്ര. കേരളത്തിലെ ഉയർന്ന വിദ്യാഭ്യാസമുള്ള വിദേശത്ത് ജോലി ആഗ്രഹിക്കുന്നവരെയാണ് പദ്ധതി വഴി സഹായം ലഭിക്കുക. പ്രത്യേകിച്ച് ആരോഗ്യമേഖലയിലെ നഴ്സുമാർ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങിയവ വിഭാഗത്തിനാണ് പദ്ധതി വഴി ഗുണം ലഭിക്കുന്നത്.
ഒരു നിശ്ചിത ജോലി ലഭിക്കുന്നതിന്, ഉദ്യോഗാർഥികൾക്ക് ഭാഷാ, നിയന്ത്രണ പരീക്ഷകളിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനം ആവശ്യമാണ്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ, പരിശീലന പരിപാടികളിൽ പങ്കെടുക്കുന്നതിനും ലൈസൻസിങ് പരീക്ഷകളിൽ പങ്കെടുക്കുന്നതിനും നല്ലൊരു വിഭാഗം ഉദ്യോഗാർഥികൾക്ക് സാമ്പത്തിക സഹായം ആവശ്യമാണ്.
നോർക്ക റൂട്ട്സ്, ഭാവിയിൽ അവർക്ക് ലഭിക്കാവുന്ന ഒരു മാസത്തെ ശമ്പളത്തിന് ഏകദേശം തുല്യമായ ഒരു ചെറിയ തുക സോഫ്റ്റ് ലോണായി നൽകും. റിക്രൂട്ടിങ് കമ്പനികൾക്കുള്ള സേവന നിരക്കുകൾ, വിസ സ്റ്റാമ്പിംഗ് നിരക്കുകൾ, മെഡിക്കൽ പരിശോധനാ നിരക്കുകൾ, അറ്റസ്റ്റേഷൻ നിരക്കുകൾ, വിമാന ടിക്കറ്റുകൾ, വാക്സിനുകൾ, ആർ.ടി.പി.സി.ആർ. തുടങ്ങിയ ചെലവുകളെല്ലാം കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ അംഗങ്ങൾക്ക് ഒരുമിച്ച് വഹിക്കാൻ പ്രയാസമാണ്.
വിദേശ തൊഴിൽ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ യുവജനതയെ സഹായിക്കുന്നതിന് രണ്ട് സോഫ്റ്റ് ലോൺ പദ്ധതികൾ നൽകുന്നു. ഒന്ന്. ഫോറിൻ എംപ്ലോയബിലിറ്റി സ്കില്ലിങ് സഹായം. രണ്ട്. തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രിപ്പറേറ്ററി ചെലവുകൾ വഹിക്കാൻ തൊഴിൽ നേടാൻ സാധ്യതയുള്ള പ്രവാസികൾക്ക് സോഫ്റ്റ് ലോണുകൾ.
ഈ പദ്ധതി യാഥാർഥ്യമാക്കുന്നതിന് 2023 -24 ബജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തിയിരുന്നു. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പ്രൊപ്പോസൽ സമർപ്പിച്ചു. 2023 മെയ് അഞ്ചിന് ചേർന്ന വകുപ്പുതല വർക്കിങ് ഗ്രൂപ്പ് യോഗം ഭരണാനുമതി നൽകാൻ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് നോർക്ക ശുയാത്ര പദ്ധതിയായി രണ്ട് കോടി രൂപ നൽകാൻ ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.