തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് സർജിക്കൽ ഐ.സി.യുവിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്‍റെ തുടരന്വേഷണ ചുമതല ഉത്തരമേഖല ഐ.ജിക്ക്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഉത്തരവ്.
അതിജീവിതയുടെ സമരവും അന്വേഷണ റിപ്പോർട്ട് കൈമാറാത്തതും അന്വേഷണത്തിൽ ഉൾപ്പെടും. പ്രതിയെ അറസ്റ്റ് ചെയ്തത് അടക്കം കേസുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇനി തുടരന്വേഷണമാണ് നടക്കേണ്ടത്.
വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിൽ സന്തോഷമുണ്ടെന്ന് അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അന്വേഷണ റിപ്പോർട്ട് അടക്കമുള്ളവ ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമീഷണറുടെ ഓഫീസിന് മുമ്പിൽ അതിജീവിത നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലാണ്.
അതിജീവിത പൊലീസിൽ നിന്നും മറ്റ് അധികാര കേന്ദ്രങ്ങളിൽ നിന്നും നിരന്തരം മനുഷ്യാവകാശലംഘനം നേരിട്ടു കൊണ്ടിരിക്കുന്നുവെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മനുഷ്യവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിലിന്റെ പരാതിയിലാണ് കേസ്. ഇക്കാര്യം ഉന്നയിച്ച് നൽകിയ പരാതി ദേശീയ മനുഷ്യാവകാശ കമീഷൻ ഫയലിൽ സ്വീകരിച്ചതായും സമരസമിതി അറിയിച്ചു.
ഡോ. പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് ലഭ്യമാക്കുക എന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമീഷണർ ഓഫിസിന് മുന്നിൽ സമരം നടത്തുന്ന അതിജീവിതയെ കാണാൻ കമീഷണർ രാജ്പാൽ മീണ തയാറാവാത്തതും തനിച്ച് വന്നാൽ മാത്രമേ കാണുകയുള്ളൂ എന്ന ഉപാധിവെക്കുകയും ചെയ്തതിനെ തുടർന്നാണ് സമരസമിതി മനുഷ്യാവകാശ കമീഷനുകളെ സമീപിച്ചത്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് തേടി വിവരാവകാശം നൽകിയിട്ടും പൊലീസ് ലഭ്യമാക്കിയിരുന്നില്ല. വിവരാവകാശ കമീഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
പീഡനത്തിനിരയായ തന്നെ പരിശോധിച്ച് റിപ്പോർട്ട് നൽകിയ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതി തന്റെ മൊഴി പൂർണമായും രേഖപ്പെടുത്തിയില്ലെന്ന് കാണിച്ച് നൽകിയ കേസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് അതിജീവിതയുടെ സമരം. ഇക്കാര്യത്തിൽ ഡോ. പ്രീതിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.