തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകൾ ഉപയോഗിക്കുന്നതിൽ സർക്കാർ ഉത്തരവുകൾക്ക് പുല്ലുവില. വിദ്യാഭ്യാസ-മോട്ടോർ വാഹന വകുപ്പുകളുടെ പല ഉത്തരവുകളും ലംഘിച്ചാണ് സ്കൂളുകളുടെയും കോളജുകളുടെയും വിനോദയാത്ര. ടൂറിസം വകുപ്പ് അംഗീകാരം നൽകിയ ടൂർ ഓപറേറ്റർമാരുടെ ലിസ്റ്റിൽനിന്നുള്ള ബസുകളേ വിനോദ, പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ എന്നതടക്കം കർശന നിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് നേരത്തെ നൽകിയിരുന്നു. വിനോദ-പഠന യാത്രകളിൽ അനധികൃതമായി രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകളും ഹോണുകളും ഘടിപ്പിച്ചതുമായ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന ഗതാഗത കമീഷനറേറ്റിന്റെയും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവുകളുമുണ്ട്. ജൂലൈ ഏഴിനാണ് ഗതാഗത കമീഷണർ ഈ നിർദേശം നൽകിയത്. വിദ്യാർഥികളുമായി വിനോദയാത്രക്ക് പോകുന്ന വാഹനങ്ങൾ ആർ.ടി ഓഫിസുകളിൽ കാണിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ടായിരുന്നു.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും നടത്തുന്ന യാത്രകൾക്ക് അംഗീകൃത ടൂർ ഓപറേറ്റർമാരെ മാത്രമേ നിയോഗിക്കാവൂയെന്ന് 2020 മാർച്ച് രണ്ടിന് പൊതുവിദ്യാഭ്യാസ സെക്രട്ടറി നിർദേശം നൽകിയിരുന്നു. എല്ലാ യാത്രയുടെയും പൂർണ ഉത്തരവാദിത്തം സ്ഥാപന മേധാവികൾക്കായിരിക്കും. അധ്യാപകർ യാത്രയുടെ ആസൂത്രണം പൂർണമായും ഏറ്റെടുക്കണം. പഠനയാത്രകൾ സംബന്ധിച്ച് പ്രത്യേക നിര്‍ദേശം 2013 ഡിസംബറിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും പുറത്തിറക്കിയിരുന്നു. പഠനയാത്രകൾ പഠനവുമായി മാത്രം ബന്ധപ്പെടുത്തി നടത്തണമെന്നായിരുന്നു നിർദേശം. പഠനയാത്രക്ക് പോകുന്ന സ്ഥലം, സന്ദർശിക്കുന്ന സ്ഥലങ്ങൾ, ദിവസം എന്നിവ പ്രധാന അധ്യാപകന് അറിവുണ്ടായിരിക്കണം.
യാത്ര പോകുന്നതിന് മുമ്പ് താമസം, ഭക്ഷണം എന്നിവ ബുക്ക് ചെയ്യണം. 20 കുട്ടികൾക്ക് ഒരു അധ്യാപകനെന്ന നിലയിൽ മേൽനോട്ടം വേണം. പെൺകുട്ടികൾക്കൊപ്പം അധ്യാപികമാരുണ്ടാകണം. രക്ഷാകർത്താക്കളുടെ സമ്മതപത്രവും മൊബൈൽ നമ്പറും വാങ്ങണം. അപകടകരമായ സ്ഥലങ്ങളിൽ യാത്ര പോകരുത്. അത്യാവശ്യ മരുന്നുകൾ കരുതണം. യാത്രാവേളയിൽ അധ്യാപകർ ലഹരി ഉപയോഗിക്കരുത്. കുട്ടികൾ ലഹരി പദാർഥങ്ങൾ ഉപയോഗിക്കാനുള്ള അവസരം ഇല്ലാതാക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.