ചാത്തമംഗലം (കോഴിക്കോട്): പുള്ളാവൂരിലെ പുഴ തങ്ങളുടെ പരിധിയിലാണെന്ന് കൊടുവള്ളി നഗരസഭ ചെയർമാൻ. ഫുട്ബാൾ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുകൾ സംബന്ധിച്ച് ഒരു പരാതിയും നഗരസഭക്ക് ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാലും ഫുട്ബാൾ ആരാധകർക്ക് അനുകൂലമായേ നഗരസഭ നിൽക്കൂവെന്നും അദ്ദേഹം പറഞ്ഞു.
കട്ടൗട്ടുകൾ പുഴക്ക് ഒരു നാശവും വരുത്തില്ലെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. കട്ടൗട്ടുകൾ എടുത്ത് മാറ്റില്ലെന്നും മാറ്റാൻ ആവശ്യപ്പെടില്ലെന്നും നിയമപ്രശ്നം ഉയർന്നാൽ അപ്പോൾ അലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകം മുഴുവൻ വൈറലായ പുള്ളാവൂർ ചെറുപുഴയിലെ മെസ്സി, നെയ്മർ കട്ടൗട്ടുകൾ മാറ്റാൻ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അധികൃതർ ഫാൻസുകാർക്ക് നിർദേശം നൽകിയിരുന്നു.
പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നവിധം നിയമങ്ങൾ ലംഘിച്ച് സ്ഥാപിച്ച കട്ടൗട്ടുകൾ നീക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ശ്രീജിത് പെരുമനയാണ് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഓൺലൈനിൽ പരാതി നൽകിയത്. എത്രയും പെട്ടെന്ന് നീക്കാൻ നടപടിയെടുക്കണമെന്നും എന്ത് നടപടിയാണ് എടുത്തതെന്ന വിവരം രേഖാമൂലം അറിയിക്കണമെന്നും പരാതിയിലുണ്ട്. നടപടിയെടുക്കാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പരാതിയിലുണ്ടായിരുന്നു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി അവധിയിലായതിനാൽ ജൂനിയർ സൂപ്രണ്ട് സ്ഥലത്തെത്തുകയും കട്ടൗട്ട് സ്ഥാപിച്ചവരോട് ഇത് നീക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. അതേസമയം, കട്ടൗട്ടുകൾ നീക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ഗഫൂർ അറിയിച്ചു. ഒരു അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. കട്ടൗട്ടുകൾ മാറ്റാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കട്ടൗട്ടുകൾ മാറ്റില്ലെന്ന നിലപാടിലാണ് ആരാധകരും. കഴിഞ്ഞ ദിവസങ്ങളിലാണ് പുള്ളാവൂരിലെ ഫാൻസുകാർ മെസ്സിയുടെയും നെയ്മറിന്‍റെയും കൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിച്ചത്. ആദ്യം അർജന്റീന ഫാൻസുകാർ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് പുഴയുടെ നടുവിലെ തുരുത്തിൽ സ്ഥാപിക്കുകയായിരുന്നു. ഇത് ലോകം മുഴുവൻ വൈറലായി. തൊട്ടടുത്തദിവസം ബ്രസീൽ ഫാൻസുകാർ നെയ്മറുടെ കട്ടൗട്ട് പുഴയുടെ തീരത്ത് സ്ഥാപിച്ചു.
ഇതും വൈറലായതോടെ ഇവ കാണാൻ പ്രദേശത്തേക്ക് നാട്ടുകാരുടെ ഒഴുക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.