തിരുവനന്തപുരം: ക്രിസ്മസ് കാലത്ത് ജാതിമത ഭേദമന്യേ വീടുകളിൽ നക്ഷത്രം തൂക്കുന്ന പതിവ് കേരളത്തിലുണ്ട്. എന്നാൽ ഇക്കുറി ഹൈന്ദവ വീടുകളിൽ ക്രിസ്മസ് നക്ഷത്രത്തിന് പകരം മകരനക്ഷത്രം തൂക്കണമെന്ന വർഗീയ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘപരിവാർ അനുകൂലികൾ. സമൂഹമാധ്യമങ്ങളിലൂടെയാണ് ഹിന്ദുത്വവാദികളുടെ ആഹ്വാനം.
മകര നക്ഷത്രത്തിൻെറ ചിത്രത്തോടൊപ്പം ഇത് വാങ്ങാൻ താൽപര്യപ്പെടുന്നവർ വിളിക്കേണ്ട നമ്പർ സഹിതമാണ് പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്നത്. വാട്സാപ്പിലൂടെയും മകരനക്ഷത്രം ഓർഡർ ചെയ്യാൻ അവസരമൊരുക്കുന്നുണ്ട്.
'ഇത് എൻെറ സംരംഭം അല്ല ഒരു ഹിന്ദു സഹോദരന് വേണ്ടി നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ഈ മകരവിളക്ക് കാലത്ത് (ക്രിസ്മസ് കാലത്ത്) നമ്മുടെ വീടുകളില്‍ ക്രിസ്മസ് നക്ഷത്രങ്ങള്‍ക്ക് പകരം, ഉയരട്ടെ മകരനക്ഷത്രങ്ങള്‍..മേൽപ്പറഞ്ഞ മകര നക്ഷത്രം വാങ്ങാൻ താൽപ്പര്യം ഉള്ളവർ ദയവായി മേൽകൊടുത്തിരിക്കുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യാൻ അഭ്യർഥിക്കുന്നു' -ഇങ്ങനെയാണ് ഒരു സംഘപരിവാർ ഗ്രൂപ്പിൽ പങ്കുവെച്ച പോസ്റ്റ്.
പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകൾക്ക് കീഴിൽ കമൻറുകളുടെ പൂരമാണ്. ആശയത്തെ അനുകൂലിക്കുന്നവർ ഉൽപന്നത്തിൻെറ വിലയും മറ്റും അന്വേഷിച്ച് ഓർഡർ ചെയ്യാൻ തുടങ്ങി. ഇതോെടാപ്പം തന്നെ പോസ്റ്റിനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അതോടൊപ്പം കേരളത്തിൻെറ മതസൗഹാർദ്ദ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന സംഘ പരിവാറുകാരുടെ ശ്രമങ്ങൾ വിലപ്പോവില്ലെന്നാണ് കമൻറുകൾ.
'മറ്റ് മതങ്ങളെ സ്നേഹിക്കരുതെന്ന്, ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്ന് ഹിന്ദു മതം എവിടെയാണ് പറഞ്ഞിട്ടുള്ളത്?? മനുഷ്യനാവാൻ പഠിച്ചിട്ട് പോരെ മകരോം, തകരോം' -ഒരു ഫേസ്ബുക്ക് ഉപയോക്താവ് കമൻറിട്ടു.
'എന്തിന് മറ്റുള്ളവരെ ഹിന്ദു അനുകരിക്കണം. മകര നക്ഷത്രം എന്ന പേരിൽ മുൻപ് ഒരു വീട്ടിലും ഇങ്ങനെ ഒന്ന് കണ്ടതായി ഞാൻ ഓർക്കുന്നില്ല' -മറ്റൊരാളുടെ മറുപടി ഇങ്ങനെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.