തൃശൂർ: സുരേഷ് ഗോപിതന്നെ തൃശൂരിൽ മത്സരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സമൂഹമാധ്യമത്തിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചുവെങ്കിലും കൺഫ്യൂഷൻ തീരുന്നില്ല. രണ്ട് ദിവസം മുമ്പ് സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷസ്ഥാനത്തേക്ക് കേന്ദ്രസർക്കാർ നിയമിച്ചതിന് പിന്നാലെ, കഴിഞ്ഞ ദിവസം കണ്ണൂരിൽ പയ്യന്നൂരിൽ നടന്ന പരിപാടിയിൽ സുരേഷ് ഗോപി നടത്തിയ പ്രസ്താവനയാണ് ഇപ്പോഴത്തെ കൺഫ്യൂഷന് കാരണം.
ഇതോടൊപ്പം തൃശൂർ സീറ്റ് തങ്ങൾക്ക് വേണമെന്ന ബി.ഡി.ജെ.എസിന്റെ കടുത്ത നിലപാടും ആശയക്കുഴപ്പത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. സത്യജിത് റേ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനത്തെ നിയമനം ആലോചിക്കാതെയാണെന്ന അസംതൃപ്തിയിലായിരുന്നു സുരേഷ് ഗോപി. ലോക്സഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കെ, കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് ബി.ജെ.പി സുരേഷ് ഗോപി നയിക്കുന്ന സഹകാരി പദയാത്ര പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായുള്ള നിയമനം.
ഔദ്യോഗിക പദവിയിലിരിക്കെ രാഷ്ട്രീയപ്രവർത്തനം നടത്തുന്നത് ശരികേടാണെന്ന നിലപാടിലാണ് സുരേഷ് ഗോപിയെന്ന് ബി.ജെ.പിയിലെതന്നെ നേതാക്കൾ സൂചിപ്പിക്കുന്നു. ഇതാണ് അധ്യക്ഷ പദവി ഏറ്റെടുക്കാൻ വൈകിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പയ്യന്നൂരിൽ നടന്ന പരിപാടിയിലാണ് ലോക്സഭയിലേക്ക് കണ്ണൂരിൽനിന്ന് മത്സരിക്കാൻ തയാറെന്ന സൂചന സുരേഷ് ഗോപി നൽകിയത്. ‘തന്നെ വരത്തനെന്ന് വിളിക്കാൻ കുറച്ചുകാലംകൂടി മാത്രമേ വടക്കുള്ളവർക്ക് അവസരമുള്ളൂവെന്നും കുറച്ചുകാലം കഴിഞ്ഞാൽ താൻ നിങ്ങളുടെ സ്വന്തമായും വരാ’മെന്നുമായിരുന്നു പയ്യന്നൂരിൽ പെരുങ്കളിയാട്ട ധനസമാഹരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ സുരേഷ് ഗോപിയുടെ പ്രസ്താവന. ലോക്സഭയിലേക്ക് തൃശൂരിൽനിന്നോ കണ്ണൂരിൽനിന്നോ മത്സരിക്കാൻ തയാറെന്ന് കഴിഞ്ഞ മാർച്ചിൽ അമിത് ഷാ പങ്കെടുത്ത റാലിയിൽ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
എന്നാൽ, തൃശൂരിൽതന്നെ മത്സരിക്കുമെന്നായിരുന്നു ബി.ജെ.പി നേതൃത്വത്തിന്റെ നിലപാട്. നിരന്തരം തൃശൂർ കേന്ദ്രീകരിച്ച് പരിപാടികളും ഇടപെടലുകളും സുരേഷ് ഗോപിയുടേതായി ഉണ്ടായി. അതേസമയം, തൃശൂർ സീറ്റ് ബി.ഡി.ജെ.എസിന് അനുവദിച്ചതായിരുന്നു. തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് പ്രചാരണത്തിന് തുടക്കവും കഴിഞ്ഞ ശേഷമായിരുന്നു 2019ൽ സുരേഷ് ഗോപിക്ക് തൃശൂർ സീറ്റ് നൽകി, വയനാട് സീറ്റിലേക്ക് തുഷാർ മാറിയത്. എന്നാൽ, തൃശൂരും ചാലക്കുടിയും തങ്ങൾക്ക് വേണമെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ്. ഇക്കാര്യം അമിത് ഷായെതന്നെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.