'ദൈവവുമായി പിടിപാട് കുറവാണ്. എന്നാലും ഒന്ന് ട്രൈ ചെയ്ത് നോക്കാം' നൊമ്പരമായി മൂഫിയയുടെ പിതാവിന്‍റെ കുറിപ്പ്

നൊമ്പരമായി സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്‍റെ പിതാവിന്‍റെ കുറിപ്പ്. ദില്‍ഷാദ് കുറിച്ചതിങ്ങനെ-

''എന്‍റെ മോള്‍ കരളിന്‍റെ ഒരു ഭാഗം. ഞാനും പോകും എന്‍റെ മോളുടെ അടുത്തേക്ക്. മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. എന്നും ഞാനായിരുന്നു മോള്‍ക്ക് തുണ. എന്ത് പ്രശ്‌നമുണ്ടെങ്കിലും പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാന്‍. മോള്‍ക്ക് സോള്‍വ് ചെയ്യാന്‍ പറ്റാത്ത എന്ത് പ്രശ്‌നത്തിനും എന്നെ വിളിക്കും. പക്ഷേ ഇതിന് മാത്രം എന്നെ വിളിച്ചില്ല. പപ്പേടെ ജീവന്‍കൂടി വേണ്ടെന്ന് വെച്ചിട്ടാകും. പക്ഷേ ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ദൈവവുമായി പിടിപാട് കുറവാണ്. എന്നാലും ഒന്ന് ട്രൈ ചെയ്ത് നോക്കാം''.

ഒന്നും ചെയ്യാന്‍ പറ്റിയില്ലെന്ന് മോഫിയയുടെ മാതാവും പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു- "എന്‍റെ മോള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടേ എന്ന് വിചാരിച്ചാണ്, അല്ലാതെ ഞാന്‍ ഒന്നും പറയാന്‍ പറ്റുന്ന മാനസികാവസ്ഥയില്‍ അല്ല, തകര്‍ന്നുപോയി. കുഞ്ഞുപ്രായത്തില്‍ അവള്‍ അത്രയും അനുഭവിച്ചു. അവന് നല്ല ചികിത്സ കിട്ടിയാല്‍ ഓകെയാവും എന്നായിരുന്നു അവളുടെ പ്രതീക്ഷ. സിഐ നടപടിയെടുക്കാം എന്ന് ഒരു ആശ്വാസ വാക്ക് അവളോട് പറഞ്ഞിരുന്നെങ്കില്‍... ഐഎഎസാകും, മജിസ്ട്രേറ്റാകും പാവങ്ങള്‍ക്കായി പലതും ചെയ്യണം. സ്ത്രീധനത്തിന് എതിരെ നില്‍ക്കും. എനിക്ക് സ്വര്‍ണമൊന്നും തരരുത് എന്നൊക്കെ അവള് പറയുമായിരുന്നു. നീ ആണാണോ എന്ന് ചോദിച്ചാണ് ഭര്‍ത്താവും അവന്‍റെ ഉമ്മയുമൊക്കെ ആക്ഷേപിച്ചത്. എന്‍റെ കൊച്ച് പഠിക്കുകയാണ് ഇപ്പോ കല്യാണം വേണ്ടെന്ന് അവനോട് പറഞ്ഞതാണ്. ഫോഴ്സ് ചെയ്ത് നിക്കാഹിലെത്തിച്ചു. അതുകഴിഞ്ഞാണ് സ്ത്രീധനം ചോദിച്ചതും സ്വര്‍ണം വേണമെന്ന് പറഞ്ഞതും.

പൊലീസ് സ്റ്റേഷനില്‍ അവള്‍ പോയത് സംരക്ഷണം കിട്ടുമെന്ന് കരുതിയാണ്. സ്റ്റേഷനില്‍ അവനായിരുന്നു വോയ്സ്. നീ ഒരു മാനസികരോഗിയാണെന്ന് വരെ അവളെ കുറിച്ച് പറഞ്ഞു. ഞാന്‍ നിയമത്തിന്‍റെ മുന്നില്‍ വരെ മാനസിക രോഗിയാണ്, ഇനി രക്ഷയില്ലെന്ന് അവള്‍ തിരിച്ചുവന്ന് പറഞ്ഞു. മോളത് വിചാരിക്കേണ്ട, നമുക്ക് നിയമപരമായി ഏതറ്റം വരെയും പോകാമെന്ന് സമാധാനിപ്പിച്ചു. അവളുടെ സ്ത്രീത്വത്തെ അപമാനിച്ചപ്പോഴാണ് അവളവനെ തല്ലിയത്. സിഐ അത്രയും ആക്രോശിച്ചപ്പോള്‍ അവളെ അറസ്റ്റ് ചെയ്യുമോയെന്ന് ഭയന്നുകാണും. അവളൊന്ന് റിലക്സാവട്ടെ എന്ന് കരുതി. അപ്പോള്‍ത്തന്നെ ഞാന്‍ അഡ്വക്കേറ്റിനെ വിളിച്ചപ്പോള്‍ പേടിക്കേണ്ട കോടതിയെ സമീപിക്കാമെന്ന് പറഞ്ഞു. പക്ഷേ അവളാ നീതിക്ക് കാത്തുനിന്നില്ല". 

Tags:    
News Summary - Note from Mufia's father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.