കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസുകൾ പിൻവലിച്ചതായി കേന്ദ്രസർക്കാർ ഹൈകോടതിയിൽ. കൊഫേപോസ നിയമപ്രകാരം സ്വപ്നയെ തടവിലാക്കിയത് ഹൈകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് നോട്ടീസുകൾ പിൻവലിച്ചതെന്ന് കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിനെതിരെ സ്വപ്ന നൽകിയ ഹരജിയിലാണ് വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിൽ അപ്രസക്തമായതിനാൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹരജി തീർപ്പാക്കി.
തിരുവനന്തപുരം തൈക്കാട് വില്ലേജിൽ സ്വപ്നയുടെ പേരിലുള്ള ഒമ്പത് സെന്റ് ഭൂമി കണ്ടുകെട്ടാൻ വിദേശനാണ്യ തട്ടിപ്പുകാരുടെയും കള്ളക്കടത്തുകാരുടെയും സ്വത്ത് കണ്ടുകെട്ടാനുള്ള നിയമപ്രകാരം (സഫേമ) രണ്ട് നോട്ടീസ് നൽകിയിരുന്നു. 2022 സെപ്റ്റംബർ 21, നവംബർ 25 തീയതികളിൽ നൽകിയ ഈ നോട്ടീസുകൾക്കെതിരെയാണ് സ്വപ്ന കോടതിയെ സമീപിച്ചത്.
കൊഫേപോസ നിയമപ്രകാരം കരുതൽ തടവിലാക്കിയതിനെ തുടർന്നാണ് സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങിയത്. എന്നാൽ, കരുതൽ തടവിലാക്കിയ നടപടി 2021 ഒക്ടോബർ എട്ടിന് ഹൈകോടതി റദ്ദാക്കിയിരുന്നു.
ഭൂമി അമ്മയിൽനിന്നാണ് ലഭിച്ചതെന്നും കുടുംബ തർക്കത്തെ തുടർന്ന് വിലയാധാരമാണ് നടത്തിയതെന്നും സ്വപ്ന ഹരജിയിൽ വ്യക്തമാക്കിയിരുന്നു. 26.14 ലക്ഷം രൂപയാണ് രേഖകളിൽ കാണിച്ചിട്ടുള്ളത്. ഈ തുക സ്വർണക്കടത്തിലൂടെ സമ്പാദിച്ചതാണെന്ന നിഗമനത്തിലാണ് കണ്ടുകെട്ടൽ നടപടികൾ ആരംഭിച്ചത്.
നോട്ടീസ് പിൻവലിച്ച വിവരം തൈക്കാട് വില്ലേജ് ഓഫിസറെ അറിയിക്കണമെന്നും കണ്ടുകെട്ടൽ രേഖകളിൽനിന്ന് സ്വപ്നയുടെ ഭൂമിയുടെ വിവരങ്ങൾ നീക്കണമെന്നും ഹരജി തീർപ്പാക്കിയ ഉത്തരവിൽ കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.