കോട്ടയം: കുപ്രസിദ്ധ ഗുണ്ട തലവൻ അലോട്ടി അടക്കം ക്രിമിനൽ കേസ് പ്രതികൾക്ക് അംഗത്വം നൽകി ബി.ജെ.പി. സംഭവം നാണക്കേടായതോടെ ജില്ല നേതൃത്വം ഇടപെട്ട് അംഗത്വം റദ്ദാക്കി തലയൂരി. ബി.ജെ.പി മധ്യമേഖല വൈസ് പ്രസിഡന്‍റും കോട്ടയം നഗരസഭ മുൻ കൗൺസിലറുമായ ടി.എൻ. ഹരികുമാറാണ് ഇവർക്ക് വഴിയൊരുക്കിയതെന്നാണ് ബി.ജെ.പിക്കാർ പറയുന്നത്.
ഇതേച്ചൊല്ലി അടിയന്തര കോർകമ്മിറ്റി യോഗത്തിൽ ഹരികുമാറിനെതിരെ രൂക്ഷവിമർശനം ഉയർന്നു. സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു നയിക്കുന്ന ജാഥയുടെ ഭാഗമായി വ്യാഴാഴ്ച ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ ആർപ്പൂക്കരയിൽ നടന്ന യോഗത്തിലാണ് അലോട്ടി എന്ന പനമ്പാലം കൊപ്രയിൽ വീട്ടിൽ ജെയിസ് മോൻ ജേക്കബ്, സംഘാംഗങ്ങളായ സൂര്യദത്ത്, വിഷ്ണുദത്ത് എന്നിവരടക്കം പത്തുപേർക്ക് അംഗത്വം നൽകിയത്. ജില്ലയിലെ കഞ്ചാവ് സംഘത്തിന്‍റെ തലവനായ അലോട്ടി കാപ്പ ചുമത്തപ്പെട്ട് ജയിലിലായിരുന്നു. നഗരത്തിൽ ഒരാളെ കുത്തിക്കൊന്നതടക്കം ഇരുപതോളം കേസിലെ പ്രതിയാണ്. ഹരികുമാറാണ് എല്ലാവരെയും വേദിയിലേക്ക് ക്ഷണിച്ചത്. പ്രകാശ് ബാബു ഷാളണിയിച്ച് സ്വീകരിച്ചു.
വാർത്ത പുറത്തുവന്നതോടെ മാധ്യമപ്രവർത്തകർ ജില്ല നേതൃത്വത്തെ ബന്ധപ്പെട്ടെങ്കിലും ഇങ്ങനെയൊരു സംഭവമില്ലെന്നായിരുന്നു വിശദീകരണം. പാർട്ടിയിലെ ഒരുവിഭാഗം ഇതിനെതിരെ രംഗത്തുവന്നതോടെ രാത്രി 10.30ഓടെ അടിയന്തര കോർ കമ്മിറ്റിയോഗം വിളിച്ചു. അലോട്ടിയാണ് ഇയാളെന്ന് തനിക്കറിയില്ലായിരുന്നു എന്നാണ് ഹരികുമാർ യോഗത്തിൽ നൽകിയ വിശദീകരണം. എന്നാൽ, അലോട്ടി എന്ന പേരുവിളിച്ച് യോഗത്തിലേക്ക് സ്വീകരിച്ചത് ഹരികുമാർ ആണെന്ന് മറ്റുള്ളവർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തവണ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ മത്സരിച്ച ഹരികുമാറിന് ആ മണ്ഡലത്തിലെ താമസക്കാരനായ അലോട്ടിയെ അറിയില്ലെന്നത് കള്ളമാണെന്നും നടപടി വേണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഹരികുമാറിന്‍റെ വാദങ്ങൾക്ക് ആരുടെയും പിന്തുണ ലഭിച്ചതുമില്ല. ബി.ജെ.പി ജില്ല അധ്യക്ഷസ്ഥാനം ആഗ്രഹിച്ച് ഹരികുമാർ നടത്തുന്ന നീക്കങ്ങളാണ് ഇതെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം പറയുന്നത്.
അതേസമയം, ആർപ്പൂക്കരയിലെ യോഗത്തിൽ ബി.ജെ.പിയിൽ ചേർന്നവരുടെയെല്ലാം അംഗത്വം റദ്ദാക്കിയതായി ജില്ല പ്രസിഡന്‍റ് ലിജിൻലാൽ പറഞ്ഞു. അവർക്ക് ബി.ജെ.പിയുമായി ബന്ധമില്ല. വിഷയം ശ്രദ്ധയിൽപെട്ട ഉടൻ നടപടിയെടുത്തതായും ലിജിൻലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.