തിരുവനന്തപുരം: കേരളത്തിലെ ജയിലുകള്‍ കറക്ഷൻ സെന്‍ററുകളായല്ല ക്വട്ടേഷന്‍ കോള്‍സെന്‍ററുകളായാണ് പ്രവർത്തിക്കുന്നതെന്ന് കെ.കെ. രമ നിയമസഭയില്‍. ജയിലുകളിൽനിന്നാണ് ക്വേട്ടഷൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. സായുധ സുരക്ഷയുള്ള ജയിലുകളിലേക്ക് സി.പി.എം ക്രിമിനൽ ക്വേട്ടഷൻ സംഘങ്ങൾക്ക് വേണ്ടി സംഘടിതമായും നിയമവിരുദ്ധമായും സാധനങ്ങൾ കടത്തുന്നതിനെ കുറിച്ച് എന്തന്വേഷണമാണ് നാളിതുവരെയായി നടത്തിയതെന്നും അവർ ചോദിച്ചു.
പൊലീസ്, ജയില്‍വകുപ്പുകളുടെ ധനാഭ്യര്‍ഥനകളിലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു വടകര എം.എൽ.എയായ രമ. അനുവദിച്ചുകിട്ടിയ അഞ്ചു മിനിറ്റിൽ മുഖ്യമന്ത്രിയുടെ വകുപ്പുകൾക്കുനേരെ രൂക്ഷമായ വിമർശനമാണ് അവർ അഴിച്ചുവിട്ടത്. ജയിലുകളിൽ പോലും ഗുണ്ടാസംഘങ്ങളെ നിയന്ത്രിക്കാനും സംഘടിത ക്രിമിനൽ പ്രവർത്തനം തടയുന്നതിനും കഴിയുന്നില്ലെങ്കിൽ എന്തിനാണ് വകുപ്പ് മന്ത്രി തൽസ്ഥാനത്ത് തുടരുന്നതെന്നും രമ ചോദിച്ചു.
ജയിലും പൊലീസ് സംവിധാനവും നമ്മുടെ ജനാധിപത്യബോധ്യങ്ങളെ മുഴുവൻ ഹനിക്കുന്ന തരത്തിലാണ് മുന്നോട്ട് പോകുന്നത്. രാഷ്ട്രീയ ഭരണസ്വാധീനമുള്ള കൊടും കുറ്റവാളികളാണ് ജയിലുകൾ ഭരിക്കുന്നത്. സർക്കാറിനും ജയിൽവകുപ്പിനും ഇതിൽനിന്ന് തലയൂരാനാകില്ല. ക്വട്ടേഷന്‍ കോള്‍സെന്‍ററുകളായാണ് ജയിൽ പ്രവർത്തിക്കുന്നത്. മൊബൈൽ ഫോണുകൾ, സിംകാർഡുകൾ, പവർബാങ്കുകൾ, മദ്യം, മയക്കുമരുന്ന് തുടങ്ങി തങ്ങളുടെ സ്വന്തം ക്രിമിനൽ സംഘങ്ങൾക്ക് വേണ്ടതെന്തും ജയിലിൽ ലഭ്യമാക്കുന്ന ആസൂത്രിത ക്രിമിനൽ പ്രവർത്തനമാണ് വർഷങ്ങളായി നടക്കുന്നത്.
ആകാശ് തില്ലങ്കേരിക്കും അർജുൻ ആയങ്കിക്കും പാർട്ടി ബന്ധമില്ലെന്ന് പറഞ്ഞ് കൈകഴുകാനാവില്ല. പാർട്ടിക്ക് വേണ്ടി ശുഹൈബെന്ന യുവാവിനെ കൊന്നു തള്ളിയത് തില്ലങ്കേരിയാണ്. വിവിധ സംഭവങ്ങളിൽ ടി.പി കേസ് പ്രതികളായ കൊടി സുനി, ഷാഫി, കിർമാണി മനോജ് തുടങ്ങിയവർക്കെതിരെ നൽകിയ നൂറുകണക്കിന് പരാതികളിൽ ഒന്നു പോലും പരിഗണിച്ചില്ല. പരോളലിറങ്ങുന്നവർ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാമെന്നും രമ ആരോപിച്ചു.
കോവിഡ് കാലത്ത് അനുവദിച്ച പരോളുകളില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടി.പി.കേസ് പ്രതികൾക്കെതിരെ നൽകിയ ഒരു പരാതി പോലും പരിഗണിച്ചില്ലെന്നും കെ.കെ. രമ ആരോപിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.കെ. രമക്കും കത്തുകളിലൂടെ വന്നഭീഷണിയെക്കുറിച്ച് അന്വേഷിക്കാനെങ്കിലും മുഖ്യമന്ത്രി തയ്യാറാകുമോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വീഴ്ചകളും പരാതികളും ഉന്നയിച്ച അംഗങ്ങളെ പേരെടുത്തുപറഞ്ഞും ബഹുമാന്യരായ അംഗങ്ങളെന്നു വിശേഷിപ്പിച്ചും മറുപടി നല്‍കിയ മുഖ്യമന്ത്രി കെ.കെ. രമയുടെ പേരുപറയാത്തത് ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.