കൊച്ചി: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താൻ സര്‍ക്കാർ നടത്തുന്ന സാമൂഹിക സാമ്പത്തിക സാമ്പിൾ സർവെക്കെതിരെ എൻ.എസ്.എസ്. സാമ്പിൾ സർവെ തടയണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസ് ഹൈകോടതിയിൽ ഹരജി നൽകി.
സർവെയിൽ ചെറിയ സാമ്പിൾ മാത്രമാണ് ശേഖരിക്കുന്നത്. അതിനാൽ, സർവെ വഴി കൃത്യമായ വിവരം ലഭിക്കില്ല. പിന്നാക്കക്കാരെ കണ്ടെത്താൻ സർവെയിൽ മാനദണ്ഡമില്ല. സർവെ കൊണ്ട് ലക്ഷ്യം നേടാനാവില്ലെന്നും പിന്നാക്കം നിൽക്കുന്നവരുടെ അവകാശം അട്ടിമറിക്കപ്പെടുമെന്നും എൻ.എസ്.എസ് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
കുടുംബശ്രീ മുഖേന മൊബൈല്‍ ആപ്പ് വഴിയുള്ള വിവരശേഖരം ഗുണം ചെയ്യില്ലെന്നും യഥാര്‍ഥ ചിത്രം അറിയാന്‍ സെന്‍സസ് മാതൃക തന്നെ വേണമെന്നുമാണ് എൻ.എസ്.എസിന്‍റെ ആവശ്യം. വാര്‍ഡുകളിലെ അഞ്ച് കുടുംബങ്ങളുടെ മാത്രം വിവരം ശേഖരിച്ചാല്‍ സമഗ്രമാകില്ല. യോഗ്യരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയില്ലെങ്കില്‍ സര്‍വേ പ്രഹസനമാകും. സംസ്ഥാനത്തെ മുന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട എല്ലാ കുടുംബങ്ങളിലെയും വിവരങ്ങള്‍ ശേഖരിക്കാത്ത സര്‍വേ അശാസ്ത്രീയമാണ്.
രാജ്യത്ത് സെന്‍സസ് എടുക്കുന്ന മാതൃകയില്‍ യോഗ്യരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് സര്‍വേ നടത്തേണ്ടത്. അല്ലാത്തപക്ഷം പ്രഹസനമായിത്തീരും. മുന്നാക്ക സമുദായങ്ങളെ സംബന്ധിച്ചായാലും സര്‍ക്കാരിനെ സംബന്ധിച്ചായാലും സർവേ ഭാവിയില്‍ ആധികാരിക രേഖയായി മാറേണ്ടതാണെന്ന കരുതല്‍ വേണം.
സംവരണമില്ലാത്തവരും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുമായ മുന്നാക്ക സമുദായത്തില്‍പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രേവശനത്തിനും 10 ശതമാനം സംവരണം അനുവദിച്ചിരുന്നു. നാലുലക്ഷം രൂപയോ അതില്‍താഴെയോ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ഈ വിഭാഗത്തില്‍ സംവരണത്തിന് അര്‍ഹതയുള്ളത്.
ഇതിന് വിജ്ഞാപനം ഇറക്കിയതിനൊപ്പം മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡം നിശ്ചയിക്കാന്‍ നിയമവകുപ്പ് സെക്രട്ടറിയായിരുന്ന കെ. ശശിധരന് നായര്‍ അധ്യക്ഷനായ സമിതിയെയും നിശ്ചയിച്ചു. സമിതിയുടെ ശിപാര്‍ശ കൂടി കണക്കിലെടുത്താണ് സർവേ. കുടുംബ ഭൂസ്വത്ത് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണെങ്കില്‍ രണ്ടര ഏക്കറിലും മുനിസിപ്പല്‍ പ്രദേശങ്ങളിൽ 75 സെൻറിലും കോർപറേഷനിൽ 50 സെൻറിലും കൂടാന്‍ പാടില്ല.
160ലേറെ മുന്നാക്ക സമുദായങ്ങളെയാണ് സാമ്പത്തിക സംവരണത്തിന് അര്‍ഹരായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.