ആണവനിലയം: മുന്നോട്ടെന്ന സൂചനയുമായി കെ.എസ്.ഇ.ബി ചെയർമാൻ

പാലക്കാട്: സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കാനുള്ള പദ്ധതിയുമായി ​കെ.എസ്.ഇ.ബി മുന്നോട്ട്. ഊർജ സ്വയംപര്യാപ്തതക്കും കെ.എസ്.ഇ.ബിയുടെ നിലനിൽപ്പിനും പദ്ധതി അത്യാവശ്യമാണെന്നും കൂ​ടെ നിൽക്കണമെന്നും കെ.എസ്.ഇ.ബി ചെയർമാൻ ബിജു പ്രഭാകർ ചൊവ്വാഴ്ച പാലക്കാട്ട് നടന്ന കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മ സംസ്ഥാന സമ്മേളനത്തെ ഓൺലൈനിലൂടെ അഭിവാദ്യം ചെയ്യവെ അഭ്യർഥിച്ചു.

ഊർജവകുപ്പ്, ന്യൂക്ലിയർ പവർ കോർപറേഷന് കീഴിലെ കൽപാക്കം ആണവ പദ്ധതി നടപ്പാക്കുന്ന ഭാരതീയ വിദ്യുത് നിഗം ലിമിറ്റഡ് (ഭാവിനി) എന്നിവയുമായി പദ്ധതി സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടത്തിയ ശേഷമാണ് ആവശ്യകത ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ചെയർമാൻ തന്നെ രംഗത്തിറങ്ങുന്നത്. എന്നാൽ, സാധ്യത പഠനത്തിനും മറ്റുമുള്ള കേന്ദ്ര അനുമതി വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ലഭിക്കുമോയെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

എല്ലാ വികസന പദ്ധതികളുടെയും വ്യവസായ പദ്ധതികളുടെയും അടിസ്ഥാനാവശ്യം ​വൈദ്യുതിയാണെന്നും നിലവിൽ 13,000 കോടി രൂപയുടെ വൈദ്യുതി വർഷംതോറും വാങ്ങുന്നതായും ബിജു പ്രഭാകർ പറഞ്ഞു. 2030ൽ ഇത് 25,000 കോടി കവിയും. ജലവൈദ്യുതി പദ്ധതി ശേഷിയുടെ 35 ശതമാനം മാത്രമാണ് ഉപയോഗപ്രദമാകുക. ഇവക്ക് പരിസ്ഥിതി പ്രശ്നങ്ങളും കാലതാമസവുമുണ്ട്.

വൈദ്യുതി താരിഫ് കൂട്ടുമ്പോൾ ആളുകൾ സോളാർ വൈദ്യുതിയിലേക്ക് പോവുകയാണ്. ഈ നിലക്ക് പോയാൽ കെ.എസ്.ഇ.ബിക്ക് പിടിച്ചുനിൽക്കാനാകാത്ത സാഹചര്യമുണ്ടാകും. തിരുവനന്തപുരത്തിന് തൊട്ടടുത്തുള്ള കൂടങ്കുളം ആണവ നിലയത്തിൽ മൂന്ന്, നാല് യൂനിറ്റുകൾ പ്രവർത്തനക്ഷമമായി. അവിടെ ഉൽപാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും വേണമെന്നാണ് ആണവോർജ മന്ത്രാലയത്തിന് കീഴിലെ കമ്പനിയായ എൻ.പി.സി.ഐ.എൽ പറയുന്നത്.

ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 50 ശതമാനവും ഏത് സംസ്ഥാനത്താണോ ഉള്ളത് അവിടേക്ക് നൽകണമെന്നത് നിർബന്ധമാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ പദ്ധതിയെ കേന്ദ്രം സമീപിക്കുന്നത് എങ്ങനെയെന്നറിയില്ല. ഏതായാലും പരിസ്ഥിതി ആഘാതത്തിന്റെ കാര്യത്തിൽ കൂടങ്കുളം പോലെ സുരക്ഷിതമാകും പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

ആണവ പദ്ധതിക്ക് സർക്കാറിൽ നിന്നും ഇടത് സംഘടനകളിൽ നിന്നും പ്രതികരണം വരും മുമ്പാണ് വിഷയം കെ.എസ്.ഇ.ബി പൊതുചർച്ചക്ക് വെക്കുന്നത്. ആദ്യം ആണവപദ്ധതി ചർച്ചകൾ നിഷേധിച്ച മന്ത്രി കെ. കൃഷ്ണൻകുട്ടി ചർച്ചകൾ നടന്നെന്ന് പിന്നീട് സമ്മതിച്ചിരുന്നു.

കേന്ദ്ര അനുമതി ലഭിച്ചാലേ ആണവ നിലയം സ്ഥാപിക്കുന്നത് എവിടെയെന്നതുൾപ്പെടെയുള്ള പഠനം നടക്കൂ. ഉരുൾപൊട്ടൽ പശ്ചാത്തലത്തിൽ ഉരുൾ മേഖലകളും ഭൂചലന പ്രദേശങ്ങളും സംബന്ധിച്ച പൂർണവിവരങ്ങൾ സംസ്ഥാന സർക്കാറിന് തുടർ നടപടികൾക്കായി കൈമാറേണ്ടിവരും. 

Tags:    
News Summary - Nuclear power plant-KSEB chairman hints go forward

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.