കോഴിക്കോട്: അറുപതിൽ കൂടുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്തിയ ഉദ്യോഗസ്ഥരുടെ വിവരം ശേഖരിച്ച് മോട്ടോർ വാഹനവകുപ്പ്. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ മുഖാന്തരം ആർ.ടി.ഒ ഉദ്യോഗസ്ഥരാണ് റിപ്പോർട്ടുകൾ ആവശ്യപ്പെട്ടത്. മൂന്നുദിവസം മുമ്പാണ് വാക്കാൽ രേഖകൾ ചോദിച്ചത്. ഇതിനകംതന്നെ എല്ലാ ഓഫിസിൽനിന്നും വിവരം ശേഖരിച്ചു. ദിനംപ്രതിയുള്ള ഡ്രൈവിങ് ടെസ്റ്റ് 50 ആക്കി കുറക്കണമെന്ന ഗതാഗത മന്ത്രിയുടെ നിർദേശം വിവാദമായതിനെതുടർന്ന് പിൻവലിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ ഇടപെട്ടാണ് തീരുമാനം പിൻവലിച്ചത്. എണ്ണം ചോദിച്ചുള്ള പുതിയ നീക്കം എം.വി.ഐമാർക്കെതിരെ നടപടിക്കുള്ള നീക്കമാണെന്നാണ് സൂചന.
ഒറ്റ എം.വി.ഐയുള്ള ജോയന്റ് ആർ.ടി.ഒ ഓഫിസുകളിൽ അറുപതിലധികം ഡ്രൈവിങ് ടെസ്റ്റുകൾ നടത്തിയവയാണ് ഏറെയും. നടപടി സ്വീകരിച്ചാൽ മിക്ക ഓഫിസുകളിലെയും ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും. രണ്ട് എം.വി.ഐമാർ ഉള്ള ഓഫിസുകളിൽ നൂറിലേറെ ഡ്രൈവിങ് ടെസ്റ്റ് നടത്തിയാലും കമ്പ്യൂട്ടറിൽ അപ് ലോഡ് ചെയ്യുന്നത് പലപ്പോഴും ഒരു എം.വി.ഐ ആയിരിക്കും. ഇവർക്കെതിരെയും നടപടി ഉണ്ടാകുമെന്ന ആശങ്ക നിലവിലുണ്ട്. ഡ്രൈവിങ് ടെസ്റ്റ് എണ്ണം സംബന്ധിച്ച് പ്രതിഷേധമുയർന്ന വേളയിൽ ഡ്രൈവിങ് സ്കൂളുകൾക്കൊപ്പം ചേർന്ന് പ്രതിഷേധ പരിപാടികൾ വഷളാക്കി വകുപ്പിന് കളങ്കമുണ്ടാക്കി കണ്ണിലെ കരടായ ഉദ്യോഗസ്ഥരും ലിസ്റ്റിൽപെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.