തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒരു വർഷത്തിനിടെ വർധിച്ചത് 1,35,839 വിദ്യാർഥികൾ. സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകളിൽ 27,278 കുട്ടികൾ കുറയുകയും ചെയ്തു. സർക്കാർ സ്കൂളുകളിൽ കഴിഞ്ഞ അധ്യയനവർഷത്തെ അപേക്ഷിച്ച് 69,660 കുട്ടികളാണ് വർധിച്ചത്. എയ്ഡഡ് സ്കൂളുകളിൽ 66,179 കുട്ടികളും വർധിച്ചു.
സർക്കാർ സ്കൂളുകളിൽ കഴിഞ്ഞവർഷം ആകെയുണ്ടായിരുന്നത് 11,97,179 കുട്ടികളായിരുന്നെങ്കിൽ ഈ വർഷം 12,66,839 ആയി വർധിച്ചു. എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞവർഷം ആകെയുണ്ടായിരുന്നത് 21,77,149 പേരായിരുന്നെങ്കിൽ ഈ വർഷം 22,43,328 ആയി വർധിച്ചു. അൺ എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞവർഷം 3,83,366 കുട്ടികളുണ്ടായിരുന്നത് ഈ വർഷം 3,56,088 ആയി കുറഞ്ഞു.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്ന്, അഞ്ച്, എട്ട്, പത്ത് ക്ലാസുകളിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണകൂടി. എന്നാൽ, അൺ എയ്ഡഡിൽ ഇത് കുറഞ്ഞു. സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ 15234 കുട്ടികളാണ് വർധിച്ചത്. എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ 13248 കുട്ടികൾ വർധിച്ചപ്പോൾ അൺ എയ്ഡഡ് സ്കൂളുകളിൽ 6615 കുട്ടികൾ കുറഞ്ഞു. 2021-22 വർഷത്തെ സ്കൂളുകളിലെ ആറാം പ്രവൃത്തി ദിന കണക്കുകൾ പുറത്തുവന്നപ്പോഴാണ് പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധനയുടെ തോത് വ്യക്തമായത്. നവംബർ 15ന് ബാച്ചുകളായാണ് സ്കൂളുകൾ തുറന്നത്. ഫെബ്രുവരി 21 മുതലാണ് പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങിയത്. ഇതിന് ശേഷമാണ് സമ്പൂർണ സോഫ്റ്റ്വെയറിലെ വിവരങ്ങൾ അടിസ്ഥാനമാക്കി ആറാം പ്രവൃത്തി ദിനത്തിലെ കണക്ക് ശേഖരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.