ന്യൂഡൽഹി: കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ക്ക് ശമ്പളവര്‍ധനവ് നടപ്പാക്കി സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സുപ്രീംകോടതിയെ സമീപിച്ച ആശുപത്രി മാനേജ്മെൻറുകള്‍ക്ക് തിരിച്ചടിയായ ഉത്തരവിൽ ഹൈകോടതിയുടെ മുമ്പിലുള്ള വിഷയത്തിൽ ഇടപെടില്ലെന്ന് ജസ്റ്റിസുമാരായ എ.എം. ഖൻവിൽകർ, നവീൻ സിൻഹ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ഹൈകോടതിയിൽ ആശുപത്രി ഉടമകൾ സമർപ്പിച്ച ഹരജിയിൽ ഒരു മാസത്തിനകം അന്തിമ വാദം കേൾക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. വിഷയവുമായി ബന്ധപ്പെട്ട വിവാദം നിലനിൽക്കുന്നതിനാൽ എത്രയും പെെട്ടന്ന് കേസ് ഹൈകോടതി തീർപ്പാക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.
നഴ്സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള വിജ്ഞാപനം ചട്ടങ്ങള്‍ മറികടന്നായതിനാൽ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി മാനേജ്മെൻറുകൾ സമർപ്പിച്ച ഹരജി കേരള ഹൈകോടതിയുടെ പരിഗണനയിലായിരുന്നു.
ആ ഹരജി തീർപ്പാക്കുന്നതുവരെ സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് മാനേജ്മെൻറുകൾ നേരത്തെ ഹൈകോടതിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അംഗീകരിച്ചിരുന്നില്ല. മാനേജ്മെൻറുകളുടെ ആവശ്യം ഹൈകോടതി സിംഗ്ള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും തള്ളിയിരുന്നു. ഇതേ തുടർന്നാണ് സ്റ്റേ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ആശുപത്രി മാനേജ്മെൻറുകൾക്ക് വേണ്ടി അഡ്വ. അഭിഷേക് മനു സിംഗ്വിയും അഡ്വ. ബീനാ മാധവനും സംസ്ഥാന സർക്കാറിനു വേണ്ടി അഡ്വ. രഞ്ജിത് കുമാറും സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശും യുനൈറ്റഡ് നഴ്സസ് അസോസിയേഷനു വേണ്ടി അഡ്വ. സുരേന്ദ്രനാഥും അഡ്വ. സുഭാഷ് ചന്ദ്രനും ഹാജരായി.
സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനപ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലെയും സ്റ്റാഫ് നഴ്സുമാരായി ജോലിചെയ്യുന്ന ജനറൽ, ബി.എസ്സി നഴ്സുമാർക്ക് 20,000 രൂപയാണ് അടിസ്ഥാന ശമ്പളം. ജനറൽ, ബിഎസ്സി നഴ്സുമാർക്ക് ഈ ശമ്പളം ലഭിക്കും.
പത്തു വർഷം സർവിസുള്ള എ.എൻ.എം നഴ്സുമാർക്കും 20,000 രൂപയാകും. 100 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ 24,400 രൂപയും 200 കിടക്കകള്‍വരെയുള്ള ആശുപത്രിയില്‍ 29,200 രൂപയുമായി മിനിമം വേതനം ഉയര്‍ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.