കാനഡയിലേയ്ക്ക് നഴ്‌സ്‌ റിക്രൂട്ട്മെന്റ് : നോർക്ക വഴി അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ക്യാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യ സർക്കാരും ഒപ്പുവച്ച കരാർ പ്രകാരം ഈ മേഖലയിലെ രജിസ്റ്റേർഡ് നഴ്സുമാരുടെ ഒഴിവുകൾ നികത്താൻ ഒരുങ്ങി നോർക്ക റൂട്ട്സ്. ബി.എസ്.സി നഴ്സിംഗ് ബിരുദവും രണ്ടുവർഷത്തെ പ്രവർത്തി പരിചയവും ഉള്ള ഒരു രജിസ്റ്റേർഡ് നഴ്‌സ്മാർക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് ആൻഡ് ലാബ്രഡോറിലേക്ക് മികച്ച നഴ്സിംഗ് തൊഴിലവസരം ലഭിക്കും.

2015 ന് ശേഷം നേടിയ ബി.എസ്.സി ബിരുദവും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും (ഫുൾ ടൈം -75 മണിക്കൂർ രണ്ടാഴ്ചയിൽ) അനിവാര്യമാണ്. തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം സെപ്തംബർ മാസം നടക്കും. കാനഡയിൽ നേഴ്സ് ആയി ജോലി നേടാൻ നാഷണൽ നഴ്സിംഗ് അസെസ്മന്റെ് സർവീസിൽ രജിസ്റ്റർ ചെയ്യുകയോ എൻ.സി.എൽ.ഇ.എക്സ് പരീക്ഷ പാസ് ആയിരിക്കകയോ വേണം.

അഭിമുഖത്തിൽ പങ്കെടുത്തു വിജയിക്കുന്ന ഉദ്യോഗാർഥികൾ ഈ യോഗ്യത നിശ്ചിത കാലയളവിൽ നേടിയെടുത്താൽ മതിയാകും. അഭിമുഖ സമയത്തു ഇവയിലേതെങ്കിലും നേടിയിട്ടുണ്ടെങ്കിൽ ഇവർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതുമാണ്. കൂടാതെ ഐ.ഇ.എൽ.ടി.എസ് ജനറൽ സ്കോർ അഞ്ച് അഥവാ സി.ഇ.എൽ.പി.ഐ.പി ജനറൽ സ്കോർ അഞ്ച് ആവശ്യമാണ്. കൂടുതൽ വിവരങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും നോർക്കയുടെ www.norkaroots.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശമ്പളം മണിക്കൂറിൽ 33.64-41.65 കനേഡിയൻ ഡോളർ (CAD) ലഭിക്കുന്നതാണ്(അതായത് ഏകദേശം 2100 മുതൽ 2600 വരെ ഇന്ത്യൻ രൂപ ). താത്പര്യമുള്ള ഉദ്യോഗാർഥികൾ സി.വി (നോർക്കയുടെ വെബ് സൈറ്റ് ൽ നൽകിയിരിക്കുന്ന ഫോർമാറ്റ് പ്രകാരം തയ്യാറാക്കേണ്ടതാണ്. ഇതിൽ രണ്ട് പ്രൊഫഷണൽ റഫറൻസുകൾ ഉൾപ്പെടുത്തിയിരിക്കണം, അതായത് നിലവിലുള്ളതോ അല്ലെങ്കിൽ മുൻപ് ഉള്ളതോ-), ബി.എസ്.സി നഴ്സിംഗ് സർട്ടിഫിക്കറ്റ്, നഴ്സിംഗ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് , അക്കാഡമിക് ട്രാൻസ്‌ക്രിപ്റ്, പാസ്പോർട്ട്, മോട്ടിവേഷൻ ലെറ്റർ, മുൻ തൊഴിൽ ദാതാവിൽ നിന്നുള്ള റഫറൻസിന്റെ ലീഗലൈസ് ചെയ്ത കോപ്പി എന്നിവ നോർക്ക റൂട്ട്സിന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള ലിങ്ക് മുഖേന അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് ഒന്ന്.

കാനഡയിൽ രജിസ്റ്റേർഡ് നേഴ്സ് ആയി ജോലി നേടുന്നതിനാവശ്യമായ ലൈസൻസുകൾ നേടുന്നതിനുള്ള ചെലവുകൾ ഉദ്യോഗാർഥി വഹിക്കേണ്ടതാണ്. ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കുമ്പോൾ പ്രസ്തുത തുക റീലൊക്കേഷൻ പാക്കേജ് വഴി തിരികെ ലഭിക്കുന്നതാണ്. സംശയനിവാരണത്തിന് നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പറിലും (18004253939- ഇന്ത്യയിൽ നിന്നും) വിദേശത്തു നിന്നും മിസ്ഡ്‌ കോളിലും (+91 8802012345) ബന്ധപ്പെടാവുന്നതാണ്.

നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിലും www.norkaroots.org വിവരങ്ങൾ ലഭിക്കുന്നതാണ്. നോർക്ക റൂട്ട്സിനു മറ്റു സബ് ഏജന്റുമാർ ഇല്ല. അത്തരത്തിൽ ആരെങ്കിലും ഉദ്യോഗാർഥികളെ സമീപിക്കുകയാണെങ്കിൽ അത് നോർക്ക റൂട്ട്സിന്റെ ശ്രദ്ധയിൽപെടുത്തണമെന്നും അറിയിച്ചു. 

Tags:    
News Summary - Nurse Recruitment to Canada : Apply through NORCA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.