കണ്ണൂര്‍: കണ്ണൂരിൽ നഴ്സുമാരുടെ സമരം നേരിടാൻ ജില്ലാ ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിച്ചു തുടങ്ങി. ഇതിന് മുന്നോടിയായി ജില്ലയിലെ ഒമ്പത് സ്വകാര്യ ആശുപത്രികളുടെ പരിസരത്തിൽ 144 പ്രഖ്യാപിച്ചു. ആശുപത്രിയിൽ ജോലി ചെയ്യാനെത്തുന്ന നഴ്സിങ് വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു. 18 ദിവസമായി നഴ്സുമാർ സമരം തുടരുന്ന സാഹചര്യത്തിലാണ് നടപടി.
തിങ്കളാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്ക് ജില്ലയിലെ നഴ്സിങ് കോളജുകളില്‍ അധ്യയനം നിര്‍ത്തണമെന്നും ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഒഴികെയുള്ള എല്ലാവരെയും സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളിൽ വിന്യസിപ്പിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. നഴ്സിങ് വിദ്യാർഥികളെ വിട്ടുനൽകണമെന്ന് ചൂണ്ടിക്കാട്ടി ജില്ലയിലെ എട്ട് നഴ്സിങ് കോളജ് പ്രിൻസിപ്പൽമാരോട് കലക്ടർ ആവശ്യപ്പെട്ടു.
ദിവസം 150 രൂപ വീതം വിദ്യാർഥികൾക്ക് ശമ്പളവും കൂടാതെ വാഹന സൗകര്യവും സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റ് നല്‍കണം. കോളജില്‍ നിന്ന് വിദ്യാർഥികൾ ആശുപത്രികളിലേക്ക് പോകുമ്പോള്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കണം. ആശുപത്രികള്‍ക്കും പൊലീസ് സുരക്ഷ നല്‍കണം.
നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം അധ്യാപകര്‍ നല്‍കണം. കൂടാതെ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം. ജോലിക്ക് വരാത്ത വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യമെങ്കില്‍ കോഴ്‌സില്‍ നിന്ന് പിരിച്ചു വിടണമെന്നും കലക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.