കരിപ്പൂർ: ഒമിക്രോൺ പശ്ചാത്തലത്തിൽ ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെടാത്ത വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നു. കേന്ദ്രസർക്കാർ നിർദേശപ്രകാരമാണിത്.
പുതിയ നിർദേശമനുസരിച്ചുള്ള നടപടികൾ കോഴിക്കോട് വിമാനത്താവളത്തിലും ആരംഭിച്ചു. ഒാരോ വിമാനത്തിലെയും രണ്ട് ശതമാനം യാത്രക്കാർക്കാണ് ആർ.ടി.പി.സി.ആർ നടത്തുക. സ്രവം ശേഖരിച്ച ശേഷം ഇവർക്ക് വീട്ടിൽ പോകാം. പരിശോധന സൗജന്യമാണ്. കോവിഡ് പോസിറ്റിവാണെങ്കിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെട്ട 11 രാജ്യങ്ങളിലുള്ളവർക്ക് വിമാനത്താവളത്തിൽ തന്നെ ആർ.ടി.പി.സി.ആർ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ഇവർക്ക് ഫലം വന്ന ശേഷമേ പോകാൻ സാധിക്കുകയുള്ളൂ. ആറ് മണിക്കൂർ കാത്തിരിക്കാൻ പ്രയാസമുള്ളവർക്ക് 20 മിനിറ്റിൽ ഫലം ലഭിക്കുന്ന റാപ്പിഡ് പി.സി.ആർ പരിശോധന നടത്താം.
വ്യാഴാഴ്ച രാവിലെ വരെ കരിപ്പൂരിൽ ഒമ്പത് പേരാണ് ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവർ റാപ്പിഡ് പി.സി.ആർ പരിശോധനയിൽ നെഗറ്റിവായി.
ഇനി ഏഴ് ദിവസം വീട്ടിൽ ക്വാറൻറീനിൽ തുടരണം. ശേഷം വീണ്ടും ആർ.ടി.പി.സി.ആർ നടത്തണം. ഒമിക്രോൺ പശ്ചാത്തലത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇവിടെ പേ വാർഡിൽ പത്ത് മുറികളാണ് മാറ്റിവെച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവാകുന്നവരെയാണ് ഇങ്ങോട്ട് മാറ്റുക. വൈറസിെൻറ ജനിതകഘടനയും പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.