നന്മണ്ട: തൂശനിലയിൽ ശർക്കര ഉപ്പേരിയും വറുത്ത ഉപ്പേരിയും ഇല്ലാതെ മലയാളിക്ക് എന്ത് ഓണസദ്യ? കറികൾ പലകൂട്ടമുണ്ടെങ്കിലും സദ്യ പൂർണമാവണമെങ്കിൽ ഇവ കൂടിയേ തീരൂ. എന്നാൽ, ഇത്തവണ കാണം വിറ്റും ഓണമുണ്ണണമെന്ന സ്ഥിതിയാണ്. സാധനങ്ങളുടെ വില വാണം പോലെ കുതിച്ചുയരുന്നതു കാരണം ജനം ചക്രശ്വാസം വലിക്കുകയാണ്. ഈ മേഖലയിൽ പരമ്പരാഗത നിർമാതാക്കളും വിലക്കയറ്റത്തിൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. ശർക്കര ഉപ്പേരിയും വറുത്ത ഉപ്പേരിയും ഇലയിൽ വിളമ്പണമെങ്കിൽ കീശ കാലിയാകും.
കാലാവസ്ഥ വ്യതിയാനം കാരണം നാടൻ നേന്ത്രക്കുലകളുടെ ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഈ മേഖലയിലെ വ്യാപാരികൾ പറയുന്നു. ഇവിടെയുള്ള നേന്ത്രക്കായ ഉപയോഗിച്ച് വറുത്ത ഉപ്പേരിയോ ശർക്കര ഉപ്പേരിയോ ഉണ്ടാക്കാനാവില്ല; കായകൾക്ക് കാമ്പില്ലാത്തതാണ് പ്രധാന കാരണം. മേട്ടുപാളയത്തുനിന്നും തൃശിനാപ്പള്ളിയിൽ നിന്നുമാണ് വ്യാപാരികൾ ഇപ്പോൾ നേന്ത്രക്കുലകൾ എടുക്കുന്നത്. നേന്ത്രക്കുലയുടെ വർധനക്ക് തൊട്ടുപിറകെ വെളിച്ചെണ്ണയുടെ വിലയും കുത്തനെ കൂടി.
ഒരു ടിൻ വെളിച്ചെണ്ണക്ക് 2150 രൂപയാണ് വില. മായം കലർന്ന ശർക്കര വിപണി കീഴടക്കിയതും വ്യാപാരികൾക്ക് വയറ്റത്തടിയായി മാറി. ശർക്കര ഉപ്പേരി ഉണ്ടാക്കിവെച്ചതിനു ശേഷം ഒരാഴ്ച പിന്നിട്ടപ്പോഴാണ് ശർക്കരയിലെ മായം വ്യാപാരികൾക്ക് മനസ്സിലാകുന്നത്. ഉണ്ടാക്കിവെച്ച ഉപ്പേരി കട്ടകെട്ടി കിടന്നത് കാരണം പതിനായിരങ്ങളുടെ നഷ്ടമാണ് ഓരോ വ്യാപാരികൾക്കുമുണ്ടായത്. ഇപ്പോൾ ഒരു കിലോ നല്ല ശർക്കര ലഭിക്കാൻ 50 രൂപ വരെ വേണം. കളറിന് ചേർക്കുന്ന മഞ്ഞൾപൊടിക്കും വില കൂടിയിരിക്കയാണ്. ഒരു കിലോ ഉപ്പേരിക്ക് ഇത്തവണ 340 രൂപയാണ് വിപണി വില. ഓരോ വർഷവും വില കൂടിവരുന്നത് വിപണനത്തെ കാര്യമായി ബാധിക്കുന്നുവെന്ന് വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.