തിരുവനന്തപുരം: ഓണക്കിറ്റിെൻറ സംസ്ഥാനതല വിതരണോദ്ഘാടനത്തിന് ശേഷവും ഓരോ റേഷൻ കടകളിലും 'പ്രമുഖ'രെക്കൊണ്ട് പ്രത്യേകം വിതരണോദ്ഘാടനം നടത്തണമെന്ന നിർദേശത്തിൽ ഉരുണ്ടുകളിച്ച് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ജില്ല സപ്ലൈ ഓഫിസർമാർ പുറത്തിറക്കിയ സർക്കുലറിൽ ഉദ്ഘാടനം എന്നൊരു വാക്കേ ഉപയോഗിച്ചിട്ടില്ലെന്നും പ്രമുഖരെ പങ്കെടുപ്പിക്കുന്നത് സുതാര്യത ഉറപ്പുവരുത്താനാണെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
എന്നാൽ ജൂലൈ 31ന് സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ഡി. സജിത് ബാബുവിെൻറ നിർദേശപ്രകാരം ജില്ല സപ്ലൈ ഓഫിസർമാർ താലൂക്ക് സപ്ലൈ ഓഫിസർമാർക്ക് നൽകിയ സർക്കുലറിൽ തിങ്കളാഴ്ച രാവിലെ 8.30ന് മുമ്പ് തന്നെ ഒാരോ റേഷൻകട വ്യാപാരിയും പ്രദേശത്തെ ജനപ്രതിനിധിയെയോ/കലാകായികരംഗത്തെ പ്രമുഖരെയോ ഉൾപ്പെടുത്തി വിതരണോദ്ഘാടനം നിർവഹിക്കണമെന്നും ഇതിെൻറ ഫോട്ടോ സിവിൽ സപ്ലൈസ് ഡയറക്ടർ അയച്ചുനൽകണമെന്നും ആവശ്യപ്പെടുന്നു. റേഷൻകടക്ക് മുന്നിൽ പതിപ്പിച്ച ഓണക്കിറ്റിെൻറ പോസ്റ്ററിെൻറ മുന്നിൽ നിന്നായിരിക്കണം ഉദ്ഘാടനം നടത്തേണ്ടതെന്നും സർക്കുലറിൽ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. എടുക്കുന്ന ഫോട്ടോകൾക്ക് സംസ്ഥാന-ജില്ല-താലൂക്ക് തലത്തിൽ പ്രത്യേക പാരിതോഷികവും പ്രഖ്യാപിച്ചിരിക്കെയാണ് ഇത്തരമൊരു ഉദ്ഘാടനം നടത്താൻ നിർദേശിച്ചിട്ടില്ലെന്ന വാദവുമായി മന്ത്രി രംഗത്തെത്തിയത്.
തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞിയിലാണ് ശനിയാഴ്ച ഓണം സ്പെഷൽ ഭക്ഷ്യകിറ്റിെൻറ സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി നിർവഹിച്ചത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സിവിൽ സപ്ലൈസ് ഡയറക്ടർ വിഡിയോ കോൺഫറൻസ് മുഖേന സംസ്ഥാനത്തെ 14,242 റേഷൻകടകളിലും പ്രമുഖരെക്കൊണ്ട് ഉദ്ഘാടനം നടത്തണമെന്ന് നിർദേശിച്ചത്. കഴിഞ്ഞവർഷവും കോവിഡിെൻറ സാഹചര്യത്തിൽ സംസ്ഥാനതല ഉദ്ഘാടനം മാത്രമാണ് ഉണ്ടായിരുന്നത്.
ടി.പി.ആർ നിരക്ക് കുത്തനെ വർധിക്കുന്നതിൽ മുഖ്യമന്ത്രിയടക്കം ആശങ്ക പ്രകടിപ്പിക്കുമ്പോൾ ഇത്തരം പ്രഹസനങ്ങളുമായി എ.കെ.ആർ.ആർ.ഡി.എ, കെ.എസ്.ആർ.ആർ.ഡി.എ സംഘടനകൾ സഹകരിക്കില്ലെന്നും ഇതിന്മേലുള്ള അച്ചടക്ക നടപടികളെ ശക്തമായി നേരിടുമെന്നും സംയുക്തസമരസമിതി ചെയർമാൻ ജോണി നെല്ലൂർ 'മാധ്യമ'ത്തോട് പറഞ്ഞു.
ഓണക്കാലത്ത് പട്ടിണിസമരം
തിരുവനന്തപുരം: ഭക്ഷ്യകിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻവ്യാപാരികൾക്ക് ലഭിക്കേണ്ട 10 മാസത്തെ കമീഷന് എഴുതിത്തള്ളാനുള്ള സർക്കാർനീക്കത്തിൽ പ്രതിഷേധിച്ച് ഓണക്കാലത്ത് സമരമുഖത്തിറങ്ങാൻ വ്യാപാരികൾ. തിങ്കളാഴ്ച തൃശൂരിൽ ചേരുന്ന കോഓഡിനേഷൻ കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. തിരുവോണദിവസം 14 ജില്ലകളിൽ പട്ടിണിസമരം അടക്കം പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.