കൊച്ചി: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷെൻറ ഇത്തവണത്തെ ഒാണച്ചന്തകൾക്ക് പുതിയ മുഖം. ലോകോത്തര ബ്രാൻഡുകളുടേതടക്കം എല്ലാത്തരം ഉൽപന്നങ്ങളും ഒരു കുടക്കീഴിൽ ഒരുക്കാനാണ് ഒാണച്ചന്തകളിലൂടെ ലക്ഷ്യമിടുന്നത്. സബ്സിഡി നിരക്കിൽ അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും മാത്രം ലഭിക്കുന്ന കേന്ദ്രങ്ങൾ എന്നതിലുപരി ജില്ല-താലൂക്കുതല ഒാണച്ചന്തകൾക്ക് സൂപ്പർമാർക്കറ്റുകളുടെ മുഖഛായ നൽകാൻ ഒരുങ്ങുകയാണ് സപ്ലൈകോ. ഒാണച്ചന്തകളിലൂടെ ഉപഭോക്തൃ ഉൽപന്നങ്ങളുടെ (കൺസ്യൂമർ ഗുഡ്സ്) വിൽപന പരമാവധി വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.പി.എം മുഹമ്മദ് ഹനീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇതാദ്യമായാണ് ഇൗ രീതിയിൽ ഉപഭോക്തൃസൗഹൃദ സൗകര്യങ്ങളൊരുക്കി വിപുലമായ ഉൽപന്നങ്ങളുടെ ശ്രേണി ഒാണച്ചന്തകളിൽ ഒരുക്കുന്നത്. എല്ലാ ഒാണച്ചന്തകളിലും പച്ചക്കറി സ്റ്റാളുകൾ സജ്ജമാക്കിയിട്ടുണ്ട്. ഒാണത്തിന് വിഷമില്ലാത്ത പച്ചക്കറി എന്ന ലക്ഷ്യത്തോടെ പ്രാദേശിക ഉൽപാദന കേന്ദ്രങ്ങളിൽനിന്നും ഹോർട്ടികോർപ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ) തുടങ്ങിയ ഏജൻസികളിൽനിന്നുമാണ് പച്ചക്കറികൾ സംഭരിക്കുന്നത്. മുൻ വർഷങ്ങളിൽ അരിയും പച്ചക്കറിയും മാത്രം വാങ്ങാനാണ് പലരും ഒാണച്ചന്തകളെ ആശ്രയിച്ചിരുന്നത്.
കേവലം സബ്സിഡി നൽകുന്ന അരിക്കടകൾ എന്ന പതിവിന് പകരം ഏറ്റവും താഴേക്കിടയിലുള്ള കച്ചവടക്കാരിൽനിന്ന് ലഭിക്കുന്ന ഉൽപന്നങ്ങൾവരെ ഒാണച്ചന്തകളിൽ ഇത്തവണ ലഭ്യമാക്കുന്നുണ്ട്. സംസ്ഥാനത്ത് 1470 ഒാണച്ചന്തകളാണ് സപ്ലൈകോ തുറക്കുന്നത്. ഇവയിൽ 14 ജില്ലതല ചന്തകളും 75 താലൂക്കുതല ചന്തകളും പ്രവർത്തനം തുടങ്ങി. ബാക്കിയുള്ളവ അടുത്ത ദിവസങ്ങളിൽ തുറക്കുമെന്നും സപ്ലൈകോ അധികൃതർ അറിയിച്ചു.
ആന്ധ്രയിൽനിന്ന് ആദ്യ ലോഡ് അരി ഇന്നെത്തും
കൊച്ചി: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ ഒാണത്തോടനുബന്ധിച്ച് ആന്ധ്രയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന അരിയുടെ ആദ്യ ലോഡ് വെള്ളിയാഴ്ച കൊച്ചിയിലെത്തും. ആന്ധ്രപ്രദേശ് സപ്ലൈകോയുടെ സഹകരണത്തോടെ 5000 ടൺ ജയ അരിയാണ് ഇറക്കുമതി ചെയ്യുന്നത്. 28ാം തീയതിയോടെ ഇറക്കുമതി പൂർത്തിയാകും.
ആന്ധ്രയിലെ അരി മില്ലുടമകളുമായി ഹൈദരാബാദിൽ നടന്ന ചർച്ചയെത്തുടർന്നാണ് കേരളത്തിന് 5000 ടൺ അരി ലഭ്യമാക്കാൻ ധാരണയായത്. കിഴക്കൻ ഗോദാവരി ജില്ലയിൽനിന്നാണ് അരി എത്തിക്കുന്നത്. ഇതിന് മുന്നോടിയായി ഭക്ഷ്യ മന്ത്രി പി. തിലോത്തമെൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം ആന്ധ്ര മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.