തിരൂരങ്ങാടി: ബ്രിട്ടീഷ് പട്ടാളത്തിെൻറ തോക്കുകളിൽനിന്ന് പാഞ്ഞുവന്ന വെടിയുണ്ട തുളച്ചുകയറി മാപ്പിളപോരാളികളുടെ ചോരവീണ് തുടുത്ത തിരൂരങ്ങാടി ഏറ്റുമുട്ടലിെൻറ ഓർമകൾക്ക് നൂറ്റാണ്ടിെൻറ ചുവപ്പ്. 1921ലെ മലബാർ വിപ്ലവത്തിന് തുടക്കം കുറിച്ചത് ആഗസ്റ്റ് 20ന് തിരൂരങ്ങാടിയിലെ സംഭവങ്ങളോടെയായിരുന്നു. വിപ്ലവനായകരിലൊരാളും തിരൂരങ്ങാടി നടുവില്‍ ജുമുഅത്ത് പള്ളി ഇമാമുമായിരുന്ന മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി ഏരിക്കുന്നത്ത് പാലത്ത്മൂലയില്‍ ആലി മുസ്ലിയാരായിരുന്നു നേതൃസ്ഥാനത്ത്. മാപ്പിളമാര്‍ യുദ്ധസാമഗ്രികള്‍ തയാറാക്കുന്നെന്ന വ്യാജ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ 19ന് അർധരാത്രി മലബാര്‍ ജില്ല കലക്ടര്‍ തോമസ്, എസ്.പി ഹിച്ച്കോക്ക്, ഡിവൈ.എസ്.പി ആമു എന്നിവരുടെ നേതൃത്വത്തില്‍ ലെയിൻസ്റ്റർ റെജിമെൻറിെൻറ വന്‍ സൈനിക സംഘമാണ് ട്രെയിനിൽ പരപ്പനങ്ങാടിയിലെത്തി അവിടെനിന്ന് തിരൂരങ്ങാടിയിലേക്ക് മാര്‍ച്ച് ചെയ്തത്. 20ന് പുലര്‍ച്ച തിരൂരങ്ങാടി ഖിലാഫത്ത് ഓഫിസ്, കിഴക്കേ പള്ളി, തെക്കേ പള്ളി, ഖിലാഫത്ത് പ്രവര്‍ത്തകരുടെ വീട് എന്നിവ റെയ്ഡ് ചെയ്ത് ഖിലാഫത്ത് പ്രവർത്തകരായ മൂന്നുപേരെ അറസ്റ്റ് ചെയ്തു.
നേരം പുലര്‍ന്നപ്പോള്‍ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ആലി മുസ്ലിയാരെ അറസ്റ്റ് ചെയ്തെന്നും മമ്പുറം പള്ളിയും ജാറവും തകര്‍ത്തെന്നുമുള്ള പ്രചാരണമുണ്ടായി. കോട്ടക്കല്‍ ചന്തയുടെ ദിവസമായിരുന്നു അന്ന്. ചന്തയിലെത്തിയ ജനങ്ങള്‍ കൈയില്‍ കിട്ടിയതെല്ലാം ആയുധമാക്കി തിരൂരങ്ങാടിയിലേക്ക് കുതിച്ചു. നിരപരാധികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ചെമ്മാട്ടുള്ള ഹജൂര്‍ കച്ചേരിയിലേക്ക് സമരക്കാരുടെ നേതൃത്വത്തില്‍ കലക്ടറെ കാണാന്‍ പോയി. അവിടെ എത്തിയ സംഘത്തെ കോൺസ്റ്റബിൾ മൊയ്തീന് സമാധാനിപ്പിക്കുകയും അറസ്റ്റ് ചെയ്തവരെ വിട്ടയക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാൽ, പ്രതീക്ഷയോടെ കാത്തുനില്‍ക്കുകയായിരുന്ന ജനക്കൂട്ടത്തിനുനേരെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിർത്തു. രോഷാകുലരായ ജനക്കൂട്ടം വെടിയുണ്ടകളെ വകവെക്കാതെ മുന്നോട്ടു കുതിച്ചു. 17 പോരാളികൾ രക്തസാക്ഷികളായി. പ്രത്യാക്രമണത്തില്‍ ലെഫ്. കേണല്‍ വില്യംസ് ജോണ്സണ്, എ.എസ്.പി വില്യം ജോണ്‍ ഡങ്കന്‍ റൗളി, കോണ്‍സ്റ്റബ്ള്‍ മൊയ്തീൻ എന്നിവരും ഏതാനും പൊലീസുകാരും കൊല്ലപ്പെട്ടു.
തിരൂരങ്ങാടിയിൽ സൈന്യമെത്തിയതറിഞ്ഞ് താനൂർ, പരപ്പനങ്ങാടി എന്നിവിടങ്ങളിൽനിന്ന് വരുകയായിരുന്ന ജനക്കൂട്ടത്തെ തുരത്താൻ കലക്ടറും എസ്.പിയും ആമു സൂപ്രണ്ടും അടങ്ങിയ സംഘം പോയ സമയത്താണ് തിരൂരങ്ങാടിയിൽ വെടിവെപ്പ് നടന്നത്.
ഈ സംഘം തിരൂരങ്ങാടിയിൽ തിരിച്ചെത്തിയപ്പോഴേക്കും കാര്യങ്ങൾ അവരുടെ നിയന്ത്രണത്തിൽനിന്ന് വിട്ടുപോയിരുന്നു. ഇതോടെ കലക്ടർക്കും സംഘത്തിനും തിരൂരങ്ങാടിയിൽനിന്ന് പിൻവാങ്ങേണ്ടി വന്നു. ഈ പിന്മാറ്റത്തോടെയാണ് ഏറനാട്, വള്ളുവനാട് താലൂക്കുകളിലും കോഴിക്കോട് താലൂക്കിെൻറ കിഴക്കൻ മേഖലയിലും ആറുമാസത്തേക്ക് ബ്രിട്ടീഷ് ഭരണത്തിന് താൽക്കാലിക വിരാമമായത്. ആഗസ്റ്റ് 30ന് വീണ്ടും തിരൂരങ്ങാടിയിലെത്തിയ ബ്രിട്ടീഷ് സൈന്യവുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ് ആലി മുസ്ലിയാര് കീഴടങ്ങിയത്. തിരൂരങ്ങാടിയിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടി രക്തസാക്ഷികളായ ചിലരെ മമ്പുറം വലിയപള്ളി, തിരൂരങ്ങാടി നടുവിലെപള്ളി ഖബർസ്ഥാനുകളിലാണ് മറവുചെയ്തത്. ചരിത്രം ബാക്കിനിൽക്കാതിരിക്കാൻ വലിയ കിണറ്റിൽ എല്ലാ പോരാളികളെയും മറവുചെയ്ത് മൂടിയിട്ടുണ്ടെന്നും പറയപ്പെടുന്നു.
ബ്രിട്ടീഷ് ഉദ്യോഗസ്ഥരായ ലെഫ്. കേണല്‍ വില്യംസ് ജോണ്സണ്, എ.എസ്.പി വില്യം ജോണ്‍ ഡങ്കന്‍ റൗളി എന്നിവരുടെ മൃതദേഹങ്ങൾ ഹജൂർ കച്ചേരി കോമ്പൗണ്ടിലാണ് സംസ്കരിച്ചിരിക്കുന്നത്. മറ്റു ബ്രിട്ടീഷ് ഉദ്യോഗസ്ഥരായ എഫ്.എം. ഏലി, ജോൺസ്റ്റൺ എന്നിവരെ ചന്തപ്പടിയിലും സംസ്കരിച്ചു. ഇവരുടെ ശവകുടീരങ്ങൾ ഇന്നും സംരക്ഷിച്ചുപോരുന്നു. എന്നാൽ, രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചവരുടെ ഖബറുകളോ സ്മാരകങ്ങളോ ഒന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.