മഴ കനത്തു, ജാഗ്രത നിർദേശം, പാലക്കാട് ഒരാൾ ഒഴുക്കിൽപ്പെട്ടു; ഇടുക്കിയിൽ രാത്രിയാത്രാ നിരോധനം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് കാലവർഷം ശക്തമായി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂർ, കാസർകോട്, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്തമായ മഴയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.

കണ്ണൂർ, കുമരകം, പിണറായി ഭാഗങ്ങളിൽ ഒമ്പത് സെ.മീ.യും മൂന്നാർ, ചെറുവാഞ്ചേരി (കണ്ണൂർ) എട്ട് സെ.മീ.യും കോട്ടയം, ചേർത്തല, വൈക്കം, പീരുമേട്, തലശ്ശേരി, ഹോസ്ദുർഗ്(കാസർകോട്) വടവാതൂർ, മലമ്പുഴ, മുണ്ടേരി എന്നിവിടങ്ങളിൽ ഏഴ് സെ.മീ.യും മഴ രേഖപ്പെടുത്തി. പല ജില്ലകളിൽ വീടുകൾ ഇടിഞ്ഞു. ശക്തമായ കാറ്റിൽ പലയിടങ്ങളിലും ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞുവീഴുകയും മരങ്ങൾ കടപുഴകുകയും ചെയ്തു.

പലയിടത്തും വാഹനങ്ങൾക്ക് മുകളിൽ തെങ്ങും മറ്റു മരങ്ങളും കടപുഴകി വീണു. താണ പ്രദേശങ്ങളിൽ വെള്ളം കയറി വാഹനഗതാഗതവും തടസപ്പെട്ടു. എല്ലാ ജില്ലയിലും താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്. കനത്ത മഴയിൽ പാലക്കാട് ജില്ലയിൽ പുഴയിൽ ഒഴുകിവരുന്ന തേങ്ങ ശേഖരിക്കാൻ പോയ നാല് പേരിൽ ഒരാൾ പുഴയിൽ വീണ് ഒലിച്ചുപോയി. അയിലൂർ മുതുകുന്നിപുത്തൻ വീട്ടിൽ രാധയുടെ മകൻ രാജേഷ് (42) ആണ് ഒഴുകി പോയത്. തിങ്കളാഴ്ച ഉച്ചക്ക് 1.45ൃന് ചിനാമ്പുഴയിലെ മുതുകുന്നി ഭാഗത്താണ് സംഭവം.

കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ 17 വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് തീരങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

ഇടുക്കിയിൽ രാത്രിയാത്ര നിരോധിച്ചു

തൊടുപുഴ: മഴ ശക്തമായ സാഹചര്യത്തിൽ അപകട സാധ്യതയുള്ളതിനാൽ ഇടുക്കി ജില്ലയിൽ രാത്രിയാത്രക്ക് നിരോധനമേർപ്പെടുത്തി. രാത്രി ഏഴ് മുതൽ രാവിലെ ആറുവരെയാണ് നിരോധനം. റോഡരികിലെ വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങുന്നതും നിരോധിച്ചു.

News Summary - one person was swept away in Palakkad; Night travel ban in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.