ഇലന്തൂർ: രാഷ്ട്രപിതാവ് ഗാന്ധിജി കാലുകുത്തിയ നാടിനെ ഇരുളിൽ നിർത്തിയ ക്രൂരത പുറംലോകം അറിഞ്ഞിട്ട് ഒരാണ്ട് തികയുന്നു. സാമ്പത്തിക അഭിവൃദ്ധിക്കായി ഇലന്തൂരിൽ രണ്ട് സ്ത്രീകളെ ബലികൊടുത്ത സംഭവം പുറത്തറിഞ്ഞിട്ട് ഇന്നഒരുവർഷം തികയുന്നു. മിക്കവാറും എല്ലാ ക്രിമിനൽ വകുപ്പുകളും ചേർത്ത കേസുകളിലെ മൂന്ന് പ്രതികളായ പെരുമ്പാവൂർ സ്വദേശിയായ മന്ത്രവാദി മുഹമ്മദ് ഷാഫി (53), പാരമ്പര്യ തിരുമ്മുവൈദ്യൻ ഇലന്തൂർ പുളിന്തിട്ട ആഞ്ഞിലിമൂട്ടിൽ കടകംപിള്ളിൽ ഭഗവൽസിങ് (71), ഭാര്യ ലൈല (67) എന്നിവർ ജയിലിലാണ്.
ഷാഫിയും ഭഗവൽ സിങ്ങും വിയ്യൂർ ജയിലിലും ലൈല കാക്കനാട് ജയിലിലുമാണ്. ഇരകളാക്കപ്പെട്ടത് ലോട്ടറി വിൽപനക്കാരായ സ്ത്രീകളെയാണ്. തമിഴ്നാട് ധർമപുരി സ്വദേശിയായ എറണാകുളം കടവന്ത്രയിൽ വാടകക്ക് താമസിച്ചിരുന്ന പത്മ (52), കാലടിയിൽ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന വടക്കാഞ്ചേരി സ്വദേശി റോസ്ലിൻ (49) എന്നിവരെയാണ് ഇലന്തൂരിലെ വീട്ടിലെത്തിച്ച് കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തി കഷണങ്ങളാക്കി കുഴിച്ചിട്ടത്.
പത്മ കൊലപാതകക്കേസിൽ കടവന്ത്ര പൊലീസും റോസ്ലിൻ വധത്തിൽ കാലടി പൊലീസും അന്വേഷിച്ച് ഇരു കുറ്റപത്രങ്ങളും എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വിചാരണ ഉടൻ തുടങ്ങും. സ്ത്രീയെന്ന പരിഗണനയിൽ രണ്ട് പ്രാവശ്യം ലൈല ജാമ്യത്തിന് ശ്രമിച്ചെങ്കിലും കുറ്റകൃത്യത്തിലെ പങ്ക് വ്യക്തമാണെന്ന കോടതിയുടെ നിരീക്ഷണത്തെ തുടർന്ന് അപേക്ഷ തള്ളപ്പെട്ടു. പെരുമ്പാവൂർ ജിഷ, കൂടത്തായി കേസുകളിലെ സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണനാണ് ഈ കേസിലും ഹാജരാകുക.
ക്രൂരതയിലൂടെയുള്ള ആനന്ദവും പണവുമായിരുന്നു മന്ത്രവാദിയായി അഭിനയിച്ച ഷാഫിയുടെ ലക്ഷ്യം. സാമ്പത്തിക ഉന്നതിയും ഐശ്വര്യവുമായിരുന്നു ഭഗവൽ സിങ്ങിന്റെയും ഭാര്യ ലൈലയുടെയും ഉന്നം. ആഭിചാരക്കൊല നടത്തണമെന്ന് നിർദേശിച്ചത് ഷാഫിയാണെന്നും പത്മയുടെ മാംസം പ്രതികൾ പാചകം ചെയ്ത് കഴിച്ചതായും കുറ്റപത്രത്തിലുണ്ട്. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ, പത്മയുടെ മാംസം പാചകം ചെയ്യാനുപയോഗിച്ച പാത്രങ്ങൾ, സി.സി ടി.വി ദൃശ്യങ്ങൾ, കവർന്നെടുത്ത ആഭരണങ്ങൾ തുടങ്ങിയവയാണ് പ്രധാന തെളിവുകൾ.
പത്മയെയും റോസ്ലിനെയും ഇലന്തൂരിലെ വീട്ടിലെത്തിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചിരുന്നു. ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന ഷാഫിയിൽനിന്ന് കിട്ടിയതിൽ കൂടുതൽ വിവരങ്ങൾ മറ്റ് രണ്ടു പേരിൽ നിന്നുമാണ് പൊലീസിനു കിട്ടിയത്. നരബലി നടത്തിയാൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന അന്ധവിശ്വാസത്തിൽ കൊലപാതകങ്ങൾ നടന്ന വീട് പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. വീട്ടിലേക്ക് ആള്‍ക്കാരുടെ വരവ് പൊലീസ് നിരോധിച്ചിട്ടുണ്ട്. ആറന്മുള പൊലീസ് ഇടക്കിടെ ഇവിടെ വന്നു പോകുന്നുണ്ട്.
ലോട്ടറി വിറ്റ് ജീവിച്ചിരുന്ന തന്റെ അമ്മ പത്മയെ കാണാനില്ലെന്ന് കഴിഞ്ഞവർഷം സെപ്റ്റംബർ 27ന് തമിഴ്നാട് സ്വദേശിയായ ശെൽവൻ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ തുടർഅന്വേഷണത്തിനൊടുവിലാണ് നാടു ഞെട്ടിത്തരിച്ച നരബലിക്കേസ് പുറംലോകം അറിഞ്ഞത്.
അന്വേഷണം എറണാകുളത്ത് ഹോട്ടൽ നടത്തുന്ന പെരുമ്പാവൂർ സ്വദേശി ഷാഫിയിലേക്ക് എത്തി. ഇയാളുടെ ഹോട്ടലിലേക്ക് പത്മ പോകുന്നതും ഇയാളുടെ ബൊലോറ ജീപ്പിൽ കയറുന്നതിന്റെയും സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചതോടെ ഷാഫി വലയിലായി. ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടു നരബലികളുടെയും കാര്യം പുറത്തുവന്നത്. പത്മക്കു മുമ്പ് കാലടിയിലെ ലോട്ടറി വിൽപനക്കാരി റോസ്ലിനെ 2022 ജൂൺ എട്ടിന് കൊലപ്പെടുത്തിയതായും ഷാഫി മൊഴി നൽകി. അങ്ങനെയാണ് കൂട്ടുപ്രതികളായ ഇലന്തൂരിലെ ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരിലേക്ക് അന്വേഷണം വന്നത്.
ഇവരെ കടവന്ത്ര പൊലീസ് ഇലന്തൂരിൽനിന്ന് കസ്റ്റഡിയിലെടുത്ത് മൂവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് നരബലിയിൽ രണ്ടു സ്ത്രീകൾ ഇരയായതായും മൃതദേഹങ്ങൾ ഭഗവൽ സിങ്ങിന്റെ ഇലന്തൂരിലെ വീടിനോടു ചേർന്ന പുരയിടത്തിൽ കുഴിച്ചിട്ടതായും സ്ഥിരീകരിച്ചത്. പൊലീസ് പ്രാഥമിക അന്വേഷണം പൂർത്തിയായി പ്രതികളെ ഇലന്തൂരിലെ വീട്ടിലേക്ക് കൊണ്ടുവന്ന ഒക്ടോബർ 11നാണ് നരബലി വാർത്തകൾ ലോകം അറിഞ്ഞത്. ആ ദിവസം തന്നെ നരബലിക്ക് വിധേയരായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇലന്തൂരിൽ കണ്ടെത്തുകയും ചെയ്തു.
ഷാഫി തന്നെയാണ് കഴിഞ്ഞ വർഷം ജൂൺ എട്ടിന് കാലടിയിലെ ലോട്ടറി വിൽപനക്കാരി റോസ്ലിനെ ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. രാത്രി കട്ടിലിൽ കെട്ടിയിട്ട ശേഷം ലൈലയുടെ കൈയിൽ വാളുകൊടുത്ത് റോസ്ലിന്റെ കഴുത്ത് മുറിച്ചുമാറ്റി. പിന്നീട് രക്തം കുടിപ്പിച്ചു. മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടു. മാംസം വേവിച്ചു ഭക്ഷിച്ചു. റോസിലിനെ ബലി നടത്തി ഭഗവൽ സിങ്ങിൽനിന്ന് ഷാഫി പണം വാങ്ങിയെങ്കിലും സാമ്പത്തിക ഉയർച്ച ഉണ്ടാകാത്ത സാഹചര്യത്തിലാണ് രണ്ടാമത് പത്മത്തെ കണ്ടെത്തി കൊലപ്പെടുത്തിയത്. കേസിൽ ഉൾപ്പെട്ട ആഞ്ഞിലിമൂട്ടിൽ ഭഗവല്‍ സിങ്ങിന്റെ പുരയിടത്തില്‍നിന്നാണ് കഷണങ്ങളാക്കിയ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. തല ഉള്‍പ്പെടെ എല്ലാ ശരീരഭാഗങ്ങളും കണ്ടെടുത്തു. മൃതദേഹം കഷണങ്ങളാക്കിയശേഷം ഉപ്പുവിതറിയാണ് കുഴിച്ചിട്ടത്. മൃതദേഹത്തിന്റെ കൈകാലുകള്‍ മുറിച്ചുമാറ്റിയിരുന്നു. പത്മയുടെ മൃതദേഹം കുഴിച്ചിട്ടതിന് മുകളില്‍ തുളസിത്തൈ നട്ടിരുന്നു. പത്മയുടെ മൃതദേഹം പുറത്തെടുക്കുമ്പോൾ രണ്ടാഴ്ചത്തെ പഴക്കമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് പത്മയുടെ മൃതദേഹമാണന്ന സ്ഥിരീകരണത്തിനായി ഡി.എൻ.എ പരിശോധനക്ക് അയച്ചു ഉറപ്പുവരുത്തി.
പ്രതികള്‍ നേരത്തേ നരബലി നടത്തിയശേഷം കുഴിച്ചിട്ട റോസ്ലിന്റെ മൃതദേഹാവശിഷ്ടങ്ങൾ വീടിന്റെ അലക്കുകല്ല് സ്ഥിതി ചെയ്യുന്നതിന് സമീപത്തുനിന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇതിന്റെ അവശിഷ്ടങ്ങളും ഡി.എൻ.എ പരിശോധനക്കയച്ച് ഉറപ്പുവരുത്തി.
കൊല്ലപ്പെട്ട സ്ത്രീകളെ പ്രലോഭിപ്പിച്ച് ഭഗവൽ സിങ്ങിന്റെ വീട്ടില്‍ എത്തിച്ചശേഷം കൈകാലുകള്‍ കെട്ടിയിട്ടു മാറിടം അറുത്തുമാറ്റി രക്തം വാര്‍ന്നശേഷം കഴുത്തില്‍ കത്തി കുത്തിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചത്. രക്തം വീടിന്റെ വിവിധ ഭാഗങ്ങളിൽ തളിച്ചശേഷം ശരീരം കഷണങ്ങളാക്കി നുറുക്കി കുഴിച്ചിട്ടു. മാംസ ഭാഗങ്ങൾ ഇവരുടെ ഫ്രിഡ്ജിൽനിന്ന് കണ്ടെത്തി. മൂവരും ചേർന്ന് കറിവെച്ച് ഭക്ഷിക്കുകയും ചെയ്തു. രണ്ടു സ്ത്രീകളെയും ക്രൂരമായി ബലാത്സംഗം ചെയ്തു. മൃതദേഹത്തോടും വലിയ ക്രൂരത കാട്ടിയത് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ചു.
ശ്രീദേവി എന്ന പേരിൽ വ്യാജ എഫ്.ബി അക്കൗണ്ട് സൃഷ്ടിച്ചാണ് മന്ത്രവാദിയായ ഷാഫി, ഭഗവൽ സിങ്ങിനെ കുടുക്കിയത്. പിന്നീട് ഒരു സിദ്ധനുണ്ടെന്നും സാമ്പത്തിക പ്രശ്നങ്ങൾ മാറ്റി തരുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. സിദ്ധനായി ഷാഫി തന്നെ അവതരിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ഭഗവൽ സിങ്ങും ഭാര്യ ലൈലയും ഇതൊരു പിടിവള്ളിയായി കണ്ടു. തങ്ങളുടെ ബുദ്ധിമുട്ടുകൾ മാറുമെന്നവർ വിശ്വസിച്ചു. നരബലി നടത്തിയാൽ മതിയെന്നും അതിനായി സ്ത്രീയെ കുരുതി കൊടുക്കാനും നിർദേശിച്ചു.
ഫേസ്ബുക്കിൽ ഹൈക്കു കവിതകളുമായി ഭഗവൽ സിങ്ങും സജീവമായിരുന്നു.ഇലന്തൂരിലെ ആഞ്ഞിലിമൂട്ടിൽ കുടുംബത്തിലെ വൈദ്യപാരമ്പര്യ കണ്ണിയായിരുന്നു ഭഗവൽ സിങ്. കോഴഞ്ചേരി സെന്റ് തോമസ് കോളജിൽനിന്ന് ബിരുദമെടുത്ത സിങ് നാട്ടിൽ ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി, കാരംവേലി എസ്.എൻ.ഡി.പി ശാഖ യോഗം ഭാരവാഹി എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന ഇയാൾ എങ്ങനെ ഈ കുരുക്കിൽപെട്ടു എന്നതാണ് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.