കണ്ണൂർ: വാട്സ്ആപ് വഴി വന്ന ഓൺലൈൻ പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന സന്ദേശം കണ്ട് പണം നൽകിയ വളപട്ടണം സ്വദേശിക്ക് 37,000 രൂപ നഷ്ടമായി.
പാർട്ട് ടൈം ജോലി എന്ന പേരിൽ പലതരത്തിലുള്ള ടാസ്ക്കുകൾ നൽകിയാണ് പരാതിക്കാരനെ തട്ടിപ്പിനിരയാക്കിയത്. ടാസ്ക് ചെയ്യുന്നതിനായി പണം നൽകിയാൽ ടാസ്ക് പൂർത്തീകരിച്ച് കഴിഞ്ഞാൽ പണം ലാഭത്തോടുകൂടി തിരികെ നൽകും. അതുവഴി കൂടുതൽ പണം സമ്പാദിക്കാമെന്നാണ് വാഗ്ദാനം.
തുടക്കത്തിൽ ലാഭത്തോട് കൂടി പണം തിരികെ ലഭിക്കുമെങ്കിലും പിന്നീട് കൂടുതൽ പണം ആവശ്യപ്പെട്ട് ടാസ്ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതെ വഞ്ചിക്കുന്നതാണ് ഇത്തരക്കാരുടെ രീതി.
ഇത്തരത്തിൽ നിരവധി പേരാണ് തട്ടിപ്പിനിരയായിട്ടുള്ളത്. പലരും ലക്ഷങ്ങൾ നഷ്ടമായവർ. സമാനമായ തട്ടിപ്പിൽ പാനൂർ സ്വദേശിക്ക് 7670 രൂപ നഷ്ടമായി.മറ്റൊരു പരാതിയിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ച് തലശ്ശേരി സ്വദേശിയുടെ കൈയിൽനിന്ന് 15,000 രൂപ തട്ടിയെടുത്തു. പരാതിക്കാരന്റെ സുഹൃത്താണെന്ന വ്യാജന ഇൻസ്റ്റഗ്രാം വഴി സന്ദേശം അയച്ച് പണം ആവശ്യപ്പെടുകയായിരുന്നു.
പിന്നീടാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. വ്യാജ ജിയോ വെബ്സൈറ്റിന്റെ ലിങ്ക് വഴി മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 2988 രൂപ.
ഫേസ്ബുക്കിൽ വന്ന വെബ്സൈറ്റിന്റെ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്ത് യു.പി.ഐ പിൻ നൽകിയതോടെയാണ് പണം നഷ്ടമായത്. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് പരാതിപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.