ആലപ്പുഴ: ലക്ഷക്കണക്കിന് രൂപയുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. ജാംതാര ജില്ലയിലെ ബിൻദാപത്തർ ജാംദേഹി കരയതാന കിഷോർ മഹതോയാണ് (22) ആലപ്പുഴ സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. കെ.എസ്.ഇ.ബി ബിൽ കുടിശ്ശിക പണമടക്കാൻ ഓൺലൈനിലൂടെ സന്ദേശം അയച്ച് പ്രതികരിക്കുന്നവരെ വഞ്ചിച്ച് വൻതുകകൾ തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനിയാണ്.
2022 സെപ്റ്റംബർ 26ന് മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിയുടെ 2,49,997 രൂപ ഇയാൾ തട്ടിയെടുത്തു. കെ.എസ്.ഇ.ബി ബിൽ കുടിശ്ശികയുള്ളതിനാൽ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാതിരിക്കാൻ കെ.എസ്.ഇ.ബിയുടെ ലോഗോ പ്രൊഫൈൽ ചിത്രമാക്കിയ വാട്സ്ആപ് നമ്പറിൽനിന്ന് ഫോൺസന്ദേശം അയച്ചായിരുന്നു തുടക്കം. ഈ നമ്പറിലേക്ക് വിളിച്ചപ്പോൾ കെ.എസ്.ഇ.ബി സെൻട്രൽ ഓഫിസാണെന്ന് തമിഴ് കലർന്ന മലയാളത്തിൽ പരിചയപ്പെടുത്തിയശേഷം റിക്വസ്റ്റ് ഫോം എന്ന വ്യാജേന ഒരുലിങ്ക് മൊബൈലിലേക്ക് അയച്ചു. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തയുടൻ പലതവണയായി 2,49,997 രൂപ അക്കൗണ്ടിൽനിന്ന് പിൻവലിച്ചതായി സന്ദേശം ലഭിച്ചു. തുടർന്ന് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിന് പരാതി നൽകി. വിശദമായ അന്വേഷണത്തിന് സൈബർ ക്രൈം ജില്ല നോഡൽ ഓഫിസർ ഡിവൈ.എസ്.പി സജിമോന്റെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തി. ആലപ്പുഴയിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
'സൈബർ വാല'യെന്ന് അറിയപ്പെടുന്ന കിഷോർ മഹതോയെ പൊലീസ് പിടികൂടിയത് പ്രതിയെ പൊലീസ് പിടികൂടിയത് ജാംദേഹി വനമേലയിൽ നിന്ന്. അതും ദിവസത്തെ യാത്രക്കൊടുവിൽ. ധൻബാദ് റൂറൽ എസ്.പി രീഷ്മ രമേശന്റെ ഇടപെടലുകളാണ് തീവ്രവാദി സാന്നിധ്യമുള്ള ചേരികളും വനമേഖലയും ഇടകലർന്നുള്ള പ്രദേശത്തുനിന്ന് പ്രതിയെ പിടികൂടാൻ സഹായിച്ചത്. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി. വിനോദ്, ജില്ല സൈബർ സെല്ലിലെ ഡി. സജികുമാർ, ബി. ബിജു, കെ.എസ്. സതീഷ്ബാബു എന്നിവരാണ് അന്വേഷണത്തിന് ത്സാർഖണ്ഡിലേക്ക് പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.