ഹൈടെക് ഓണ്‍ലൈന്‍ തട്ടിപ്പ്: നൈജീരിയൻ സ്വദേശി അറസ്​റ്റിൽ

മഞ്ചേരി: ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ പണം കൈമാറാനുള്ള ഏജന്‍റായി പ്രവര്‍ത്തിച്ച നൈജീരിയൻ സ്വദേശിയായ ഒരാളെ മഞ ്ചേരി പോലീസ് മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ നിന്നും അറസ്റ്റ് ചെയ്തു. നൈജീരിയന്‍ സ്വദേശി ഇദുമെ ചാള്‍സ് ഒന്യാമയേച്ചി (32) ആണ് അറസ്റ്റിലായത്. വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശികളായ അകുംബെ ബോമ ഞ്ചിവ (28 വയസ്സ്), ലാങ്ജി കിലിയന്‍ കെങ് (27 വയസ്സ്) എന്നിവരെയും സംഘാംഗങ്ങളായ രാജസ്ഥാനിലെ ചിറ്റോർഗഡ് കുംഭനഗര്‍ സ്വദേശി മുകേഷ് ചിപ്പ (48), ഉദയ്പൂർ സ്വദേശി സന്ദീപ് മൊഹീന്ദ്ര (41) എന്നിവരെയും കഴിഞ്ഞ മാസങ്ങളില്‍ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ നടത്തിയ തുടരന്വേഷണത്തിൽ ഇത്തരം കേസുകളില്‍ പണം സ്വീകരിക്കുന്നതിന് ഏജന്‍റായി പ്രവർത്തിക്കുന്നയാളാണ് ഇദുമെ ചാള്‍സ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

കേസിനാസ്പദമായ സംഭവം
മഞ്ചേരി സ്വദേശിയായ ഹോള്‍സെയില്‍ മരുന്ന് വിപണന കേന്ദ്രത്തിലേക്ക് ആവശ്യമായ വിലപിടിപ്പുള്ള മരുന്ന് വെബ്സൈറ്റില്‍ സെര്‍ച്ച് ചെയ്തതിനെ തുടര്‍ന്ന് ബന്ധപ്പെട്ട പ്രതികള്‍ ഇപ്രകാരം പരാതിക്കാരനില്‍ നിന്നും ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്ത കാര്യത്തിന് മഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തതാണ് കേസ്. ഇദുമെ ചാള്‍സിനെ മുമ്പ് സമാനമായ കുറ്റത്തിന് രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. പോലീസ് പിടിക്കാതിരിക്കാന്‍ ഇടക്കിടെ വാസസ്ഥലം മാറുന്ന ഇയാളെ കണ്ടെത്തല്‍ വളരെ ശ്രമകരമായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ഇയാള്‍ സമാനമായ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

ഈ കേസില്‍ ഇതോടെ അഞ്ച് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ ഇവർ മുഖേന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, സിഐ എന്‍.ബി. ഷൈജു, എസ്ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുല്ല ബാബു, സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ കെ.പി. അബ്ദുല്‍ അസീസ്, ടി.പി. മധുസൂദനൻ, ഷഹബിന്‍, ഹരിലാൽ എന്നിവരാണ് മഹാരാഷ്ട്രയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മഞ്ചേരി സി.ജെ.എം കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

തട്ടിപ്പിന്‍റെ വഴികള്‍
വിവിധ കമ്പനികളുടേതെന്ന വ്യാജേന വെബ്സൈറ്റുകള്‍ തയ്യാറാക്കി പലതരം ഉത്പന്നങ്ങള്‍ വില്പനക്കെന്ന പേരില്‍ പരസ്യം ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്.
ഇവരുടെ വെബ്സൈറ്റില്‍ ആരെങ്കിലും ഉത്പന്നങ്ങള്‍ക്കായി സെര്‍ച്ച് ചെയ്താല്‍ ഉടനടി ഇവര്‍ക്ക് മെസേജ് ലഭിക്കുകയും ഇവര്‍ ഇ-മെയില്‍ മുഖാന്തിരമോ വിര്‍ച്വല്‍ നമ്പറുകള്‍ മുഖാന്തിരമോ ഇരകളെ ബന്ധപ്പെടുകയും ചെയ്യും.

ഇര ഉത്പന്നം വാങ്ങാന്‍ തയ്യാറാണെന്ന് തോന്നിയാല്‍ കമ്പനികളുടേതാണെന്ന് വിശ്വസിപ്പിക്കുന്നതിന് വ്യാജമായി ലൈസന്‍സുകളും ഇതര രേഖകളും തയ്യാറാക്കി അയച്ചുകൊടുക്കും. പിന്നീട് ഉത്പന്നത്തിന്‍റെ വിലയുടെ നിശ്ചിത ശതമാനം അഡ്വാന്‍സായി വിവിധ ബാങ്ക് അക്കൌണ്ടുകളിലേക്ക് നിക്ഷേപിക്കാന്‍ ആവശ്യപ്പെടും. പണം അടവാക്കിയാല്‍ ഇര വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉത്പന്നം കൊറിയര്‍ ചെയ്തതായും അതിന്‍റെ കണ്‍സൈന്‍മെന്‍റ് നമ്പര്‍ ഇന്നതാണെന്നും കാണിച്ച് മെസേജ് അയക്കും.പ്രതികള്‍ തന്നെ വിവിധ കൊറിയര്‍ കമ്പനികളുടേതെന്ന വ്യാജേന തയ്യാറാക്കിയ വെബ്സൈറ്റുകളില്‍ ഈ കണ്‍സൈന്‍മെന്‍റ് നമ്പര്‍ ട്രാക്ക് ചെയ്യാനാകുമെന്നതിനാല്‍ ഇത് പരിശോധിക്കുന്ന ഇരക്ക് കൂടുതല്‍ വിശ്വാസം തോന്നും.

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കൊറിയര്‍ കമ്പനിയില്‍ നിന്നെന്ന മട്ടില്‍ നിങ്ങള്‍ക്കുള്ള കൊറിയര്‍ പാക്കിംഗ് മോശമാണെന്നും അതിന് ഇന്‍ഷുറന്‍സായി നിശ്ചിത തുക അടക്കണമെന്നും ഈ പണം റീഫണ്ട് ചെയ്യുമെന്നും കാണിച്ച് ഇരക്ക് മെസേജ് ലഭിക്കും. ഇതും വിശ്വസിക്കുന്ന ഇര വീണ്ടും പണം അടക്കുകയും ഭീമമായ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യുന്നു.

വിവിധ വ്യക്തികളുടെ രേഖകള്‍ ഉപയോഗിച്ച് അവരറിയാതെയോ അറിഞ്ഞോ തയ്യാറാക്കുന്ന ബാങ്ക് അക്കൌണ്ടുകളാണ് ഇവര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്നതില്‍ അധികവും. ഇത്തരം അക്കൌണ്ടുകള്‍ തയ്യാറാക്കി ഒപ്പ് വെച്ച ബ്ലാങ്ക് ചെക്കുകള്‍, എടിഎം കാര്‍ഡ് മുതലായവ ഇത്തരം സംഘങ്ങള്‍ കൈക്കലാക്കുകയും ഇതിന് സഹായിക്കുന്നവര്‍ക്ക് കമ്മീഷന്‍ നല്‍കുകയും ചെയ്യുകയാണ് രീതി. ഇത്തരം തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയ അമ്പതിലേറെ ബാങ്ക് അക്കൌണ്ടുകളുടെ പേരില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Online Fraud - Nigerian citizen arrested - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.