കൊച്ചി: സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ഓൺലൈനായി നടത്താനുള്ള ഇടക്കാല ഉത്തരവ് ഹൈകോടതി സ്ഥിരപ്പെടുത്തി. കാലം മാറിയ സാഹചര്യത്തിൽ 2000ലെ ഇൻഫർമേഷൻ ടെക്നോളജി നിയമം കൂടി കണക്കിലെടുക്കണമെന്നും ഈ നിയമപ്രകാരം ഇലക്ട്രോണിക് രേഖകൾക്ക് നിയമസാധുതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഓൺലൈൻ വിവാഹം രജിസ്റ്റർ ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി ധന്യ മാർട്ടിനാണ് ഹരജി നൽകിയത്.
ഓൺലൈനായി സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തണമെന്ന വധൂവരന്മാരുടെ ആവശ്യം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് 2021 സെപ്റ്റംബർ ഒമ്പതിന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അന്തിമമാക്കിയത്. ഓൺലൈൻ വിവാഹം രജിസ്റ്റർ ചെയ്യാൻ ഇടക്കാല ഉത്തരവിൽ നൽകിയ മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും കോടതി നിർദേശിച്ചു.
ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ അപാകതയില്ലെന്ന് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ 2021 ആഗസ്റ്റിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, സമാന ഹരജികൾ മറ്റൊരു ബെഞ്ച് നിരസിച്ചതിനെത്തുടർന്ന് ഈ ഹരജി ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടു. ഹരജിയിൽ വധൂവരന്മാർ ഓൺലൈനിൽ ഹാജരായാൽ വിവാഹം രജിസ്റ്റർ ചെയ്തുനൽകാൻ വിവാഹ രജിസ്ട്രേഷൻ ഓഫിസർക്ക് ഇടക്കാല ഉത്തരവിലൂടെ ഡിവിഷൻ ബെഞ്ച് ഇടക്കാല നിർദേശം നൽകുകയായിരുന്നു. ഈ ഉത്തരവാണ് അന്തിമമാക്കിയത്.
സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ വധൂവരന്മാർ വിവാഹ രജിസ്ട്രേഷൻ ഓഫിസർ മുമ്പാകെ നേരിട്ട് ഹാജരാകണമെന്നാണ് വ്യവസ്ഥ. വധൂവരന്മാരിൽ ഒരാൾ വിദേശത്താണെന്നും കോവിഡ് നിയന്ത്രണമുള്ളതിനാൽ നാട്ടിലെത്താനാവില്ലെന്നും വ്യക്തമാക്കി നിയമത്തിൽ ഇളവുതേടി പലരും ഇടക്കാലത്ത് ഹൈകോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.